ട്വിറ്റര്‍ ആസ്ഥാനം ടെക്‌സാസിലേക്ക് മാറ്റിയേക്കും; സൂചന നല്‍കി ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ ആസ്ഥാനം ടെക്‌സാസിലേക്ക് മാറ്റിയേക്കും; സൂചന നല്‍കി ഇലോണ്‍ മസ്‌ക്

ടെക്‌സാസ്: വിശ്വകോടിശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുന്നതോടെ ആസ്ഥാന മന്ദിരം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് മാറ്റിയേക്കും. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന ഫ്യൂച്ചര്‍ ഓഫ് ദ കാര്‍ ഉച്ചകോടിയില്‍ സംസാരിക്കവേ ഇതു സംബന്ധിച്ച സൂചനകള്‍ മസ്‌ക് നല്‍കി. ട്വിറ്ററിന്റെ രാഷ്ട്രീയ സ്വഭാവം ചൂട്ടിക്കാട്ടിയാണ് മസ്‌ക് വെളിപ്പെടുത്തല്‍ നടത്തിയത്.

''ട്വിറ്ററിന് ശക്തമായ ഇടതുപക്ഷ പക്ഷപാതിത്വമുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ സ്ഥിതി ചെയ്യുന്നതിനാലാവണം അത്. യുഎസിലും ലോകത്തും വിശ്വാസം വളര്‍ത്തുന്നതില്‍ ഇത് തടസമാണ്.'' ഉച്ചകോടിയില്‍ സംസാരിക്കവേ ഇലോണ്‍ മസ്‌ക് പറഞ്ഞു. ട്വിറ്ററിനെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് പറിച്ചു നടുന്നതിന്റെ സൂചനകളായാണ് മസ്‌കിന്റെ ഈ വാചകങ്ങളെ വ്യവസായ ലോകം കാണുന്നത്.

എന്നാല്‍ മറ്റെവിടേക്കാണ് മാറ്റുന്നത് എന്നത് സംബന്ധിച്ച് വ്യക്തത നല്‍കുന്നില്ല. മസ്‌ക് ട്വിറ്റര്‍ വിലയ്‌ക്കെടുക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ടെക്‌സാസ് അധികൃതര്‍ ശക്തമായ സമ്മര്‍ദ്ദവുമായി രംഗത്ത് എത്തിയിരുന്നു. ട്വിറ്റര്‍ ആസ്ഥാന മന്ദിരത്തിനാവശ്യമായ സ്ഥലവും സൗകര്യങ്ങളും സൗജന്യമായി നല്‍കാമെന്നായിരുന്നു ഗവര്‍ണര്‍ ഗ്രേഗ് അബോട്ടും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജും ഓഫറുകള്‍ മുന്നോട്ട് വച്ചത്.

ബിസിനസ് വളര്‍ച്ചയ്ക്ക് കുറേക്കൂടി വളക്കുറുള്ള ടെക്സാസിലെ മണ്ണില്ലേക്ക് ഇവിടുത്തെ സര്‍ക്കാരും ജനങ്ങളും നിങ്ങളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ഗവര്‍ണര്‍ അബോട്ടിന്റെ പ്രതികരണം. ഇതേ വാചകം എടുത്തുക്കാട്ടി കെ.പി. ജോര്‍ജും ട്വിറ്റര്‍ അധികൃതര്‍ക്ക് കത്ത് അയച്ചു. 'ട്വിറ്ററിന് പുതിയ ആസ്ഥാന മന്ദിരം നിര്‍മിക്കാനുമുള്ള സ്ഥലവും ഇവിടെയുണ്ട്. സ്ഥലം വിട്ടു നല്‍കാന്‍ സര്‍ക്കാരും ജനങ്ങളും തയ്യാറാണ്. ഇവിടെക്ക് വരാനുള്ള തീരുമാനം മാത്രം നിങ്ങള്‍ കൈക്കൊള്ളേണ്ടതുള്ളൂ'-ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിന് അയച്ച കത്തില്‍ പറയുന്നു.

അതേസമയം ഗ്രേഗ് അബോട്ടിന്റെയും കെ.പി. ജോര്‍ജിന്റെയും കത്തുകളോട് ട്വിറ്ററിന്റെ ഇപ്പോഴത്തെ മാനേജ്‌മെന്റ് പ്രതികരിച്ചില്ല. എന്നാല്‍ മസ്‌കിന്റെ ഇപ്പോഴത്തെ പ്രതികരണത്തില്‍ നിന്ന് ട്വിറ്റര്‍ ആസ്ഥാനം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ടെക്‌സാസിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള സൂചനകളാണ് പുറത്തുവരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.