കോഴിക്കോട് മോഡലിന്റെ മരണം; ഭര്‍ത്താവ് സജാദ് മയക്കുമരുന്ന് കച്ചവടക്കാരന്‍; ഇടപാട് ഫുഡ് ഡെലിവറിയുടെ മറവില്‍

കോഴിക്കോട് മോഡലിന്റെ മരണം; ഭര്‍ത്താവ് സജാദ് മയക്കുമരുന്ന് കച്ചവടക്കാരന്‍; ഇടപാട് ഫുഡ് ഡെലിവറിയുടെ മറവില്‍

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയെ (20) കോഴിക്കോട്ടെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് സജാദ് ലഹരിക്കച്ചവടം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

ഷഹനയും സജാദും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ പൊലീസ് കണ്ടെടുത്തത്. ഫുഡ് ഡെലിവറിയുടെ മറവിലായിരുന്നു ഇയാള്‍ ലഹരിക്കച്ചവടം നടത്തിയിരുന്നത്. സജാദ് ലഹരിക്കടിമയായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഷഹനയുടെ ശരീരത്തില്‍ ലഹരി വസ്തുക്കളുടെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനായി മൃതദേഹം രാസ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ ഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം, സ്ത്രീപീഡനം എന്നിവ ചുമത്തിയാണ് ഭര്‍ത്താവ് സജാദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഷഹനയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് പെണ്‍കുട്ടിയുടെ ഉമ്മ ഉമൈബ ആരോപിച്ചിരുന്നു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സജാദും ബന്ധുക്കളും മകളെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇരുപതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി വീട്ടിലേക്ക് ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും ഉമ്മ പറഞ്ഞിരുന്നു.

വ്യാഴാഴ്ച രാത്രിയോടെ വാടക വീട്ടിലെ ജനലഴിയിലെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് ഷഹനയെ കണ്ടെത്തിയത്. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ ഷഹന ചില ജുവലറി പരസ്യങ്ങളിലും തമിഴ് സിനിമകളില്‍ ചെറിയ വേഷങ്ങളിലും അഭിനിയിച്ചിട്ടുണ്ട്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.