കര്‍ഷകരുടെ മധ്യസ്ഥനായ മാഡ്രിഡിലെ വിശുദ്ധ ഇസിദോര്‍

കര്‍ഷകരുടെ മധ്യസ്ഥനായ മാഡ്രിഡിലെ വിശുദ്ധ ഇസിദോര്‍

അനുദിന വിശുദ്ധര്‍ - മെയ് 15

ര്‍ഷകരുടെയും മാഡ്രിഡിന്റെയും മധ്യസ്ഥനായ ഇസിദോര്‍ സ്‌പെയിനില്‍ മാഡ്രിഡിലെ ഒരു ദരിദ്ര കുടുംബത്തില്‍ 1070 ലാണ് ജനിച്ചത്. മകന് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനുള്ള ധനശേഷി മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ പാപത്തോടുള്ള ഭയവും സുകൃതങ്ങളും അവര്‍ അവനെ പഠിപ്പിച്ചു. ദൈവ സ്‌നേഹവും എളിമയുമാണ് വിശുദ്ധന്‍ പഠിച്ചിരുന്ന അക്ഷരമാല.

മാഡ്രിഡിനു സമീപം ടോറെഗാലഗൂനായിലുള്ള ധനികനായ ജോണ്‍ ഡി വെര്‍ഗാസിന്റെ കൃഷി തോട്ടത്തിലെ ദിവസ ജോലിക്കാരനായിരുന്നു ഇസിദോര്‍. ദരിദ്രയായ മരിയ ഡി ലാ കബെസാ എന്ന പെണ്‍കുട്ടിയെയായിരുന്നു ഇസിദോര്‍ വിവാഹം ചെയ്തിരുന്നത്. അവര്‍ക്ക് ഒരു മകന്‍ പിറന്നെങ്കിലും ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു.

അതിനു ശേഷം ദമ്പതികള്‍ ദൈവ സേവനത്തില്‍ മുഴുകി ജീവിക്കുവാന്‍ തീരുമാനിച്ചു. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും പ്രാര്‍ത്ഥിക്കുക, ഒഴിവു സമയങ്ങളില്‍ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുക, തന്റെ ഭക്ഷണം പാവപ്പെട്ടവരുമായി പങ്കുവെക്കുക തുടങ്ങിയവ ഇസിദോറിന്റെ പതിവായിരുന്നു.

ശക്തമായ മഞ്ഞുള്ള ഒരു ദിവസം ഇസിദോര്‍ തന്റെ ഭാര്യ ശേഖരിച്ച ധാന്യം കുത്തിക്കുവാനായി മില്ലിലേക്ക് പോവുകയായിരുന്നു. അപ്പോള്‍ തണുത്തുറഞ്ഞ നിലത്ത് ഭക്ഷണത്തിനായി വൃഥാ ശ്രമിക്കുന്ന ഒരു കൂട്ടം പ്രാവുകളെ കണ്ടു. ആ പക്ഷികളോട് ദയ തോന്നിയ അദ്ദേഹം കണ്ടു നിന്നവരുടെ പരിഹാസത്തെ വകവെക്കാതെ തന്റെ ചാക്കിലെ പകുതിയോളം ധാന്യം നിലത്ത് വിതറി. പക്ഷേ അദ്ദേഹം മില്ലിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ചാക്ക് നിറഞ്ഞിരുന്നു. നിലത്ത് വീണ ധാന്യങ്ങള്‍ പ്രതീക്ഷിച്ചതിലും ഇരട്ടി ഫലം പുറപ്പെടുവിച്ചു.

ഏതെങ്കിലും രൂപത ഭരിച്ചിരുന്ന മെത്രാനോ, അല്ലെങ്കില്‍ തന്റെ വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച വ്യക്തിയോ അല്ലായിരുന്നു ഇസിദോര്‍. വയലുകളിലും തോട്ടങ്ങളിലും ദൈവത്തെ ശരിയായ വിധത്തില്‍ സേവിച്ച ഒരു ദൈവ ഭക്തനായിരുന്നു അദ്ദേഹം. 1130 ലാണ് വിശുദ്ധന്‍ മരണമടഞ്ഞത്.

പിന്നീട് ഭൗതീകശരീരം ഒരു അള്‍ത്താരയിലേക്ക് മാറ്റി. വിശുദ്ധ ഇസിദോറിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങള്‍ മൂലം അദ്ദേഹത്തിന്റെ ഖ്യാതി പരക്കേ വ്യാപിച്ചു. 1211 ല്‍ കാസ്റ്റിലെയിലെ രാജാവായ അല്‍ഫോണ്‍സസിന് വിശുദ്ധന്‍ ഒരു ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെടുകയും അറിയപ്പെടാത്ത ഒരു യുദ്ധമാര്‍ഗം കാണിച്ചു കൊടുക്കുകയും അതുപയോഗിച്ച് അദ്ദേഹം മൂറുകളെ പരാജയപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു.

രാജാവായ ഫിലിപ്പ് മൂന്നാമന്റെ നിര്‍ബന്ധ പ്രകാരമാണ് ഇസിദോറിന്റെ വിശുദ്ധീകരണ നടപടികള്‍ ആരംഭിച്ചത്. വിശുദ്ധന്റെ മാധ്യസ്ഥം മൂലം ഫിലിപ്പ് മൂന്നാമന്‍ രാജാവിന് മാരകമായ രോഗത്തില്‍ നിന്നും രോഗശാന്തി ലഭിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. 1622 ലാണ് ഇസിദോറിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ആദ്യകാലങ്ങളില്‍ മെയ് 10 നും മാര്‍ച്ച് 22നുമായിരുന്നു വിശുദ്ധന്റെ തിരുനാള്‍ ആഘോഷിച്ചിരുന്നത്. അമേരിക്കയില്‍ ഒക്ടോബര്‍ 25നാണ് തിരുനാള്‍ ആഘോഷിക്കുന്നത്. സ്‌പെയിനിലെ മാഡ്രിഡില്‍ വിശുദ്ധ ഇസിദോറിന്റെ തിരുനാള്‍ ദിവസം പള്ളി മണികള്‍ മുഴക്കുകയും തെരുവുകള്‍ അലങ്കരിക്കുകയും വിശുദ്ധന്റെ ആദരവിനായി പ്രദിക്ഷിണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.

ചിത്ര കലകളില്‍ വിശുദ്ധനെ പലപ്പോഴും അരിവാളും ചോളത്തിന്റെ കതിര്‍ക്കുലയുമായി നില്‍ക്കുന്ന ഒരു കര്‍ഷകനായിട്ടും അരിവാളും വടിയും പിടിച്ചുകൊണ്ട് നില്‍ക്കുന്നതായും കിണറിന്റെ സമീപം നിന്ന് കുട്ടികള്‍ക്ക് ജപമാല നല്‍കുന്നതായും തുടങ്ങി നിരവധി രീതികളില്‍ ചിത്രീകരിച്ചിട്ടുള്ളതായി കാണാം. സ്പാനിഷ് ചിത്രകലയില്‍ വിശുദ്ധ ഇസിദോറിന്റെ അടയാളമായി കാണിച്ചിട്ടുള്ളത് മണ്‍വെട്ടിയും നുകവുമാണ്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഇറ്റലിയിലെ സേസരയാ

2. തെസലിയിലെ അക്കില്ലെസ്

3. ബിവെര്‍ലിയിലെ ബ്രിട്ടുവിന്‍

4. ഹെല്ലെസ് പോണ്ടിലെ പീറ്റര്‍, ആന്‍ഡ്രൂ, പോള്‍, ഡയണീഷ്യാ

5. സ്‌പെയിനിലെ ടൊര്‍ക്വാത്തൂസ്, ടെസിഫോണ്‍, സെക്കുന്തൂസ്, ഇന്തലേസിയൂസ്, സെസിലിയൂസ്, ഹെസിക്കിയൂസ്, യുഫ്രാസിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.