ന്യൂജേഴ്‌സി: മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് സൗന്ദര്യ മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിസിസ് യുണൈറ്റഡ് നേഷന്‍സ് എര്‍ത്ത് പട്ടമണിഞ്ഞ നിമ്മി റേച്ചലിന് ഫൊക്കാനയുടെ അഭിനന്ദന വർഷങ്ങൾ.
ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ തിരുവന്തപുരത്തെ കഴക്കൂട്ടുള്ള മാജിക്ക് പ്ലാനറ്റിൽ നടന്ന ഫൊക്കാന കേരള കൺവെൻഷനിൽ മുഖ്യ അവതാരികമാരിൽ ഒരാളായിരുന്ന നിമ്മി അവിടെ കൂടിയിരുന്ന എല്ലാ ഫൊക്കാന നേതാക്കളുടെയും പ്രവർത്തകരുടെയും മനം കവർന്നിരുന്നുവെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു.
നിമ്മിയുടെ അവതരണ ശൈലിയും ഭാഷ നൈപുണ്യവും ഏറെ പ്രശംസനീയമായിരുന്നുവെന്ന് പറഞ്ഞ ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി നിമ്മിയിലെ കഴിവുകൾക്കുള്ള അംഗീകാരം എന്നെങ്കിലുമൊരിക്കൽ ലോകം അറിഞ്ഞു നൽകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും കൂട്ടിച്ചേർത്തു.
ഇന്ത്യയെ പ്രതിനിധികരിച്ച മലയാളിയായ നിമ്മി സെക്കന്റ് റണ്ണർ അപ്പ് സ്ഥാനത്തിനു ലഭിക്കുന്ന മിസിസ് യുണൈറ്റഡ് നേഷന്‍സ് എര്‍ത്ത് പട്ടം അണിഞ്ഞ നിമ്മി . ലോകം മുഴുവനുമുള്ള മലയാളികളുടെ യശ്ശസ് ഉയർത്തിപ്പിടിച്ചുവെന്ന് ഫൊക്കാന കൺവെൻഷൻ ഇൻറ്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ ചൂണ്ടിക്കാട്ടി.
കേരള ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ ഉൾപ്പെടെ നിരവധി വിശിഷ്ട്ട വ്യക്തികൾ പങ്കെടുത്ത പരിപാടി നിമ്മിയുടെ അവതരണ രീതികൊണ്ട് ഏറെ ഏറെ മികവുറ്റതായി മാറിയെന്ന് ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു.
മിസിസ് യുണൈറ്റഡ് നേഷന്‍സ് എര്‍ത്ത് പട്ടമണിഞ്ഞ നിമ്മി റേച്ചലിനെ ഫൊക്കാന വിമൻസ്യു ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി അഭിനന്ദിച്ചു. ഫൊക്കാന കേരള കൺവെൻഷനിൽ നിമ്മിക്കൊപ്പം അവതരികയായിരുന്ന ഡോ. കല നിമ്മിയിലെ പ്രതിഭയെ അടുത്തറിയാൻ കഴിഞ്ഞുവെന്നു പറഞ്ഞ ഡോ. കല മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് സൗന്ദര്യ മത്സരത്തില്‍ നിമ്മി ഉറപ്പായും കിരീടമണിയുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും കൂട്ടിച്ചേർത്തു.
ഡൽഹിയിലെ സഹീദ് ജീത് സിംഗ് മാർഗിലുള്ള ഒ.പി. ജെ ഓഡിറ്റോറിയത്തിലായിരുന്നു മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് സൗന്ദര്യ മത്സരം അരങ്ങേറിയത്. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് സൗന്ദര്യ മത്സരമായിരുന്നു. മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് നിലവിൽ മുൻപോർഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (MUNPORG India Pvt ) ആണ് നടത്തി വരുന്നത്. അതുകൊണ്ടു തന്നെ മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് വേൾഡ് ഫൈനൽ 2022 വിനു ആതിഥ്യമരുളിയതും മുൻപോർഗ് ഇന്ത്യയായിരുന്നു.
മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് സൗന്ദര്യ മത്സരത്തിന്റെ ഇന്റർനാഷണൽ ഷോ പ്രസിഡണ്ട് ലിയോൺ വില്യംസ് , നാഷണൽ ഡയറക്ടർ അമിത് ചൗഹാൻ, ഏഷ്യൻ ന്യൂസ് ചാനൽ മാനേജിങ്ങ് ഡയറക്ടർ ഉൾപ്പെടെയുള്ള മാധ്യമങ്ങളും ഷോയുടെ ഭാഗമായിരുന്നു. സൗന്ദര്യത്തിനൊപ്പം തന്നെ ബുദ്ധി വൈഭവത്തിനും പ്രാധാന്യം കൽപ്പിക്കുന്ന മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത നിമ്മി റേച്ചല്‍ കോശിക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. മത്സരത്തില്‍ നിമ്മിക്ക് മിസിസ് യുണൈറ്റഡ് നേഷന്‍സ് എര്‍ത്ത് പട്ടം ലഭിച്ചു.
ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസും മുൻ പ്രസിഡണ്ടും കൺവെൻഷൻ ഇന്റർനാഷണൽ കോർഡിനേറ്റർ കൂടിയായ പോൾ കറുകപ്പള്ളിലുമാണ് ഫൊക്കാന കേരള കൺവെൻഷന്റെ എം.സിയാകാൻ നിമ്മിയെ ക്ഷണിച്ചത്. 200 പരം ഭിന്നശേഷിക്കാരായ കുട്ടികളിലുള്ള കഴിവുകളെ കണ്ടറിഞ്ഞ് അവർക്ക് മികച്ച രീതിയിലുള്ള പരിശീലനം നൽകി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ ലോക പ്രശസ്ത മന്ത്രികനും മോട്ടിവേഷണൽ സ്‌പീക്കറുമായ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടത്തെ മാജിക്ക് പ്ലാനറ്റിൽ വച്ചായിരുന്നു ഈ വർഷത്തെ കേരള കൺവെൻഷൻ നടത്തിയത്.
ഏറെ വ്യത്യസ്തവും പുതുമയേറിയതുമായ കൺവെൻഷനായിരുന്നു ഇക്കുറി ഫൊക്കാന കേരളത്തിൽ നടത്തിയത്. ഫൊക്കാനയുടെ അടുത്ത സുഹൃത്ത് ആയ അശ്വതി ഗാർഡൻസ് ഉടമ അലക്സ് വടക്കേടമാണ് കഴക്കൂട്ടത്ത് താമസിക്കുന്ന നിമ്മിയെ ഫൊക്കാന നേതാക്കൾക്ക് പരിചയപ്പെടുത്തിയത്. മാജിക്ക് പ്ലാനറ്റിലെ അപാര പ്രതിഭകളായ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാവിരുന്നിനെ നിമ്മിയുടെ മനം കവർന്ന അവതരണ രീതികൊണ്ട് കൂടുതൽ മികവുറ്റതാക്കുകയായിരുന്നു. നിമ്മിയുടെ ഈ നേട്ടത്തിൽ താൻ ഏറെ അഭിമാനം കൊള്ളുകയാണെന്നും അലക്സ് വടക്കേടം പറഞ്ഞു.
എഴുപത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്. അതിൽ മലയാളിയായ നിമ്മിക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനവും മിസിസ് യുണൈറ്റഡ് നേഷന്‍സ് എര്‍ത്ത് പട്ടവും ലഭിച്ചത് ഒരു വലിയ നേട്ടം തന്നെയാണ്.
2020ൽ നടക്കേണ്ട മത്സരം കോവിഡ് മഹാമാരിമൂലം നീട്ടി വയ്ക്കുകയായിരുന്നു. മത്സരങ്ങൾക്കുള്ള മുന്നോടിയായി കേരളത്തിൽ നടന്ന ഒഡിഷനിൽ 300 പേരെ പിന്തള്ളിയാണ് നിമ്മി കേരളത്തെ പ്രതിനിധീകരിച്ച് മിസിസ് ഇന്ത്യ എർത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. കേരളത്തിൽ നിന്നു മാത്രമായിരുന്നു ഇത്രയധികം പേര് ഒഡിഷനിൽ പങ്കെടുത്തത്. കേരളമുൾപ്പെടെ ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഒഡിഷനിൽ 2000 പേർ ആയിരുന്നു പങ്കെടുത്തത്. അതിൽ നിന്നും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 45 പേർ 2019 ൽ നടന്ന മിസിസ് ഇന്ത്യ എർത്ത് മത്സരത്തിൽ പങ്കെടുത്തിരുന്നു. ഏറെ വാശിയേറിയ ആ മത്സരത്തിൽ മിസിസ് ഇന്ത്യ എലഗന്റ് പട്ടമണിഞ്ഞത് നിമ്മി റേച്ചൽ ആയിരുന്നു.
ബിരുദാനന്തര ബിരുദധാരിയും അധ്യാപികയുമായിരുന്ന നിമ്മി മിസിസ് യുണൈറ്റഡ് നേഷന്‍സ് പേജന്റ് സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിനായി ജോലി രാജി വച്ച് മുഴുവൻ സമയവും പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കോവിഡ് മഹാമാരിയുടെ പരിമിതിയിൽ നിന്നുകൊണ്ട് തന്നെ കഠിനമായ പരിശീലനം നടത്തി. മിസിസ് ഇന്ത്യ എർത്ത് നാഷണൽ ഡയറക്ടർ അമിത് ചൗഹാൻ തുടർച്ചയായ ഇടവേളകളിൽ ഫോണിൽ വിളിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകുമായിരുന്നു.
സ്പോർട്സ് വെയർ, അതാത് രാജ്യങ്ങളുടെ ദേശീയ വസ്ത്രത്തോടെയുള്ള ഷോ ( ടാലന്റ് മത്സരവും ഇതോടൊപ്പമായിരുന്നു), ഇവനിംഗ് ഗൗൺ, ചോദ്യോത്തരം (ഇന്റർവ്യൂ) തുടങ്ങിയവ ഉൾപ്പെടെ മൊത്തം 5 റൗണ്ട് മത്സരങ്ങളാണ് നടന്നത്. ഇതിൽ ടാലന്റ് ഷോയിൽ വിജയിച്ച 5 പേരിൽ ഒന്നാമത് എത്തിയത് നിമ്മിയായിരുന്നു. സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾ, സാമൂഹ്യ സേവനങ്ങൾ, ലോകത്തെ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ എന്നിവയെക്കുറിച്ചുള്ള മത്സരാത്ഥികളുടെ അറിവും അവബോധവും പരീക്ഷിച്ചറിയുകയായിരുന്നു.
മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ്പ് ആയ നിമ്മിയെ തേടി ബോളിവുഡിൽ നിന്ന് ഓഫറുകൾ എത്തി തുടങ്ങി. മോഡലിംഗ് രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് താൽപ്പര്യമെന്നും ഏതു ഭാഷാ സിനിമയായാലും നായിക വേഷങ്ങൾ ചെയ്യുന്നതിനു പകരം നല്ല ക്യാരക്ടർ വേഷങ്ങൾ (മികച്ച കഥാപാത്രങ്ങൾ) ലഭിച്ചാൽ മാത്രമേ സിനിമ ലോകത്ത് കാൽ വയ്ക്കുകയുള്ളുവെന്ന് നിമ്മി കേരള ടൈംസുമായി നാട് നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു.
കഴക്കൂട്ടം മീനംകുളം കോണ്‍ഫിഡന്റ് സാനിയയിലാണ് അഞ്ചു വയസുകാരൻ ജെറാഡ് എസ്. ജോ, മൂന്ന് വയസുകാരി മെറിയം റേച്ചൽ ജോ എന്നീ രണ്ടു മക്കൾക്കൊപ്പം നിമ്മി താമസിക്കുന്നത്. നിമ്മിയുടെ ഭർത്താവ് മലേഷ്യയിൽ ഐ.ടി. എഞ്ചിനീയർ ആണ്. 2019ൽ മിസിസ് ഇന്ത്യ യുണൈറ്റഡ് നാഷന്‍സ് പേജന്റ് മത്സരത്തിൽ പങ്കെടുത്ത ശേഷം ജനിച്ച കൈക്കുഞ്ഞുമായാണ് പരിശീലനം പൂർത്തിയാക്കി ഇപ്പോൾ കിരീടം ചാർത്താൻ കഴിഞ്ഞത്. കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഒരു സൗന്ദര്യ മത്സരത്തിലും പങ്കെടുക്കാതിരുന്ന നിമ്മി രണ്ടു കുട്ടികളുടെ അമ്മയായപ്പോഴാണ് മിസിസ് യുണൈറ്റഡ് നാഷന്‍സ് പേജന്റ് മത്സത്തിൽ പങ്കെടുക്കണമെന്ന ദൃഢ നിശ്ചയമെടുത്തത്.