ക്യാപ്റ്റന്‍ ഏമി ബോവര്‍ണ്‍സ്മിഡ്; അമേരിക്കന്‍ ആണവ യുദ്ധക്കപ്പലിന്റെ ആദ്യ വനിതാ കമാന്‍ഡര്‍

ക്യാപ്റ്റന്‍ ഏമി ബോവര്‍ണ്‍സ്മിഡ്; അമേരിക്കന്‍ ആണവ യുദ്ധക്കപ്പലിന്റെ ആദ്യ വനിതാ കമാന്‍ഡര്‍

സാന്‍ ഡിയാഗോ: അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന്റെ കമാന്‍ഡിംഗ് ഓഫീസറായി ക്യാപ്റ്റന്‍ ഏമി  ബോവര്‍ണ്‍സ്മിഡ് നിയമിതയായി. യുഎസ് നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ആണവ വാഹക കപ്പലിനെ നയിക്കാന്‍ ഒരു വനിതയെ നിയോഗിക്കുന്നത്. ക്യാപ്റ്റന്‍ ബോവര്‍ണ്‍സ്മിഡിന്റെ നേതൃത്വത്തിലുള്ള ആദ്യ ദൗത്യത്തിന് യുഎസ്എസ് എബ്രഹാം ലിങ്കണ്‍ കഴിഞ്ഞ ദിവസം സാന്‍ ഡിയാഗോയില്‍ നിന്ന് പുറപ്പെട്ടു.

അമേരിക്കയുടെ 11 വിമാനവാഹിനി കപ്പലുകളിലെ ഏക വനിതാ ക്യാപ്റ്റനായിരുന്നു ബോവര്‍ണ്‍സ്മിഡ്. കപ്പല്‍ ജീവനക്കാരും നാവികസേന ഉദ്യോഗസ്ഥരും ഉള്‍പ്പടെ 5000 പേരാണ് യുഎസ് നാവികസേനയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലുകളിലൊന്നായ എബ്രഹാം ലിങ്കണിലുള്ളത്. ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളായ എഫ്-35സി ഉള്‍പ്പെടെ 60 ലധികം വിമാനങ്ങള്‍ ഇതിലുണ്ട്.



2016 മുതല്‍ 2019 വരെ എബ്രഹാം ലിങ്കണിന്റെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു ബോവര്‍ണ്‍സ്മിഡ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ക്യാപ്റ്റന്‍ വാള്‍ട്ട് സ്ലോട്ടറില്‍ നിന്ന് ബോവര്‍ണ്‍സ്മിഡ് ചുമതല ഏറ്റെടുത്തത്. എങ്കിലും ആദ്യ സ്വതന്ത്ര ദൗത്യത്തിന് പിന്നെയും കാത്തിരിക്കേണ്ടിവന്നു. ഹെലികോപ്റ്റര്‍ മാരിടൈം സ്‌ട്രൈക്ക് സ്‌ക്വാഡ്രണ്‍ 70, സാന്‍ ഡിയാഗോയിലെ ആംഫിബിയസ് ട്രാന്‍സ്‌പോര്‍ട്ട് ഡോക്ക് എന്നിവയുടെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു ബോവര്‍ണ്‍സ്മിഡ്. 3000 മണിക്കൂര്‍ വിമാനം പറത്തിയതിന്റെ നേട്ടവും കരിയറിലുണ്ട്.

ഗണിതത്തിലും ശാസ്ത്രത്തിലും താല്‍പ്പര്യമുണ്ടായിരുന്ന ഏമി നാവിക സേനയുടെ ഭാഗമാകണമെന്ന ആഗ്രഹത്തോടെയാണ് മറൈന്‍ എന്‍ജിനീയറിംഗ് പഠനത്തിന് മേരിലാന്‍ഡിലെ യുഎസ് നേവല്‍ അക്കാദമിയില്‍ ചേര്‍ന്നത്. പിന്നീട് അന്നാപോളിസിലെ നേവല്‍ അക്കാദമിയില്‍ തുടര്‍ പഠനത്തിനായി ചേര്‍ന്നു. 1993 ല്‍ ബിരുദം നേടി. ഇതിനും ആറു മാസം മുന്‍പാണ് യുഎസ് നാവികസേനയില്‍ സ്ത്രീകള്‍ക്ക് സേവനം ചെയ്യാന്‍ അനുവദിക്കുന്ന നിയമം അമേരിക്ക പാസാക്കിയത്. ബിരുദത്തിന് ശേഷം നേവി ന്യൂക്ലിയര്‍ പവര്‍ സ്‌കൂളില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കി.



''പുതിയ ദൗത്യം, നിറയെ അവസരങ്ങള്‍ ഉള്ളതും അതുപോലെ ഏറെ വെല്ലുവിളി നിറഞ്ഞതുമാണെന്ന് ക്യാപ്റ്റന്‍ ഏമി ബോവര്‍ണ്‍സ്മിഡ് പറഞ്ഞു. നാവികസേനയില്‍ ചെയ്ത എല്ലാ ജോലികളും താന്‍ ആഗ്രഹിച്ചതല്ല. എന്നാല്‍ ലഭിച്ച പദവികളൊക്കെ കരിയര്‍ മെച്ചപ്പെടുത്താനും കൂടുതല്‍ പഠിക്കാനുമുള്ള അവസരങ്ങളായി കണ്ടു. എത്ര വലിയ സ്ഥാനങ്ങളിലെത്തിയാലും നാവികസേനയില്‍ സ്ത്രീകള്‍ ഇപ്പഴും നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

1974ന് ശേഷമാണ് യുഎസ് നാവിക സേനയില്‍ വനിതകളെ ഓഫീസര്‍മാരായി നിയമിച്ചു തുടങ്ങിയത്. അതിനു മുന്‍പ് നഴ്‌സുമാരായാണ് വനിതകള്‍ സേനയുടെ ഭാഗമായിരുന്നത്. യുദ്ധക്കപ്പലിലേക്കുള്ള സ്ത്രീ പ്രവേശനം 1994 ന് ശേഷമാണ് സാധ്യമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.