നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കി ഫിന്‍ലന്‍ഡും സ്വീഡനും: തീരുമാനം രണ്ടാഴ്ചയ്ക്കകം; എതിര്‍ക്കുന്നത് തുര്‍ക്കി മാത്രം

നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കി ഫിന്‍ലന്‍ഡും സ്വീഡനും: തീരുമാനം രണ്ടാഴ്ചയ്ക്കകം; എതിര്‍ക്കുന്നത് തുര്‍ക്കി മാത്രം


ബ്രസല്‍സ്: ഉക്രെയ്‌നില്‍ റഷ്യ യുദ്ധം തുടരുന്നതിനിടെ നാറ്റോയില്‍ ചേരാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി ഫിന്‍ലന്‍ഡും സ്വീഡനും. ഇരു രാഷ്ട്രങ്ങളുടെയും അംബാസഡര്‍മാര്‍ നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗിന് ഇതു സംബന്ധിച്ച അപേക്ഷ നല്‍കി. ഫിന്‍ലനന്‍ഡിനും സ്വീഡനും നാറ്റോ അംഗത്വം നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗ് വ്യക്തമാക്കി.

നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും അഭ്യര്‍ത്ഥനകളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. അതൊരു ചരിത്ര നിമിഷമായിരിക്കും. ഇരു രാഷ്ട്രങ്ങളും തങ്ങളുടെ ഏറ്റവും അടുത്ത പങ്കാളികളാണ്. എല്ലാ സഖ്യകക്ഷികളും നാറ്റോ വിപുലീകരണത്തിന്റെ പ്രാധാന്യത്തെ അംഗീകരിക്കുന്നു. ഒരുമിച്ച് നില്‍ക്കണമെന്ന് എല്ലാവരും സമ്മതിക്കുന്നു എന്നും ജെന്‍സ് കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്ന്‍ നാറ്റോയില്‍ ചേരുന്നതിനെ എതിര്‍ത്താണ് റഷ്യ യുദ്ധം ആരംഭിച്ചത്. നാറ്റോ സഖ്യം വികസിപ്പിക്കുന്നതിന് എതിരെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

റഷ്യ ഉക്രെയ്‌നെ അക്രമിച്ചതിന് പിന്നാലെയാണ് ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ അംഗത്വമെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയത്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡും സ്വീഡനും പുടിനുമായി ചേര്‍ച്ചയിലല്ല. റഷ്യ തങ്ങള്‍ക്ക് നേരേയും അക്രമം നടത്തുമെന്ന് ഇവര്‍ ഭയപ്പെടുന്നു.

ഇരു രാഷ്ട്രങ്ങള്‍ക്കും സൈനിക സഹായം നല്‍കാന്‍ തയ്യാറാണെന്ന് നാറ്റോയിലെ ചില സഖ്യരാഷ്ട്രങ്ങള്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്.നാറ്റോയില്‍ ചേരാനുള്ള ഇരു രാഷ്ട്രങ്ങളുടെയും അപേക്ഷയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകും. പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ തുര്‍ക്കി എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനമെടുക്കാനായി രണ്ടാഴ്ച സമയം നിശ്ചയിച്ചിരിക്കുന്നത്.

സാധാരണ നാറ്റോ അംഗത്വത്തിന്റെ കാര്യത്തില്‍ ഒരുവര്‍ഷത്തോളമെടുത്താണ് തീരുമാമെടുക്കുന്നത്. എന്നാല്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തീരുമാനം ഉടനുണ്ടായേക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.