സ്വർഗ്ഗം (കവിത)

സ്വർഗ്ഗം (കവിത)

ഞാൻ,
സ്വർഗ്ഗം തിരഞ്ഞ് നടക്കുകയാണ്....
പിന്നിൽ നിന്ന് ആരോ വിളിച്ചത്
ഞാൻ കേട്ടില്ല, വഴിയിൽ വീണ്
കിടക്കുന്നവനെ കണ്ടതുമില്ല,
ഇരുളിൽ പ്രകാശമുദിക്കുന്നത്
സ്വപ്നം കണ്ടു....
യാത്രയിൽ ഞാൻ സൂര്യനെ
പഴി പറഞ്ഞു, രാത്രിയിൽ
നക്ഷത്രങ്ങളേയും;
മനമുരുകി മിഴി നനഞ്ഞ് തളർന്ന നേരം,
സ്വർഗ്ഗത്തിലേക്കുള്ള വഴി
ഇടുങ്ങിയതാണെന്ന്
ആരോ പറഞ്ഞത് ഓർമ്മയിൽ
ഉയർന്ന് വന്നു..
നിരപ്പായ വഴിയിലൂടെ
നടന്ന് ശീലിച്ച പാദങ്ങൾ..
ഇനി ഇടുങ്ങി ഇരുൾ
കനത്തവഴി താണ്ടണം…
ഉയരുന്നുണ്ട് വിലാപങ്ങൾ
ചുറ്റിലും കേട്ടില്ലെന്നുറച്ചു -
നടന്നൂ ദൂരമേറെ,
ചോര ചത്തു നിറം
മങ്ങി കനത്തു പാദങ്ങൾ…
അകമേ ചോദ്യങ്ങളായ്
നാക്കുയരുന്നു...
വെറുതെയീമണ്ണിൽ പിറന്നതെന്തിന്?
ബോധത്തിലേക്ക് തിരിഞ്ഞു ഞാൻ…
കല്ലുരുട്ടി മല കയറ്റി പിന്നെ താഴേക്ക്
തള്ളിയിട്ടു കൈകൊട്ടും ഭ്രാന്തൻ്റെ
ചിരിയിലുണ്ടോ സ്വർഗ്ഗം?
ലഹരി നുരയും ആർഭാടനടന
മന്ദിരമാണോ സ്വർഗ്ഗം? ഒടുവിലീ
യാത്രയിൽ തളർന്നു പോയ
മനം പറയുന്നു മിഥ്യയാണെല്ലാം...
തേടിയലയേണ്ട നീ സ്വർഗ്ഗം
അത് നിൻ അയൽക്കാരൻ്റെ
അരികിലാണെന്നറിയുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26