അഫ്ഗാനില്‍ വനിതാ ടെലിവിഷന്‍ അവതാരകര്‍ മുഖം മറയ്ക്കണമെന്ന് താലിബാന്‍

അഫ്ഗാനില്‍ വനിതാ ടെലിവിഷന്‍ അവതാരകര്‍ മുഖം മറയ്ക്കണമെന്ന് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ ടിവി ചാനലുകളില്‍ ജോലി ചെയ്യുന്ന വനിത അവതാരകര്‍ മുഖം മറക്കണമെന്ന് താലിബാന്‍ ഭരണകൂടത്തിന്റെ ഉത്തരവ്. താലിബാന്‍ ഭരണാധികാരികളുടെ വിധികള്‍ നടപ്പാക്കാന്‍ ചുമതലപ്പെടുത്തിയ വെര്‍ച്യൂ ആന്‍ഡ് വൈസ് മന്ത്രാലയത്തില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ മന്ത്രാലയത്തില്‍ നിന്നുമുള്ള ഉത്തരവുകളിലാണ് ഇക്കാര്യമുള്ളതെന്ന് അഫ്ഗാനിലെ പ്രമുഖ മാധ്യമമായ ടോളോ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താലിബാന്റെ ഉത്തരവ് അന്തിമമാണെന്നും ഇതില്‍ ചര്‍ച്ചയുണ്ടാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. എല്ലാ അഫ്ഗാന്‍ മാധ്യമങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. ഇതുസംബന്ധിച്ച ഉത്തരവ് രാജ്യത്തെ എല്ലാ മാധ്യമങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് നിരവധി വനിത അവതാരകര്‍ മുഖംമറച്ചുകൊണ്ട് പരിപാടികള്‍ അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.

1996-2001 കാലഘട്ടത്തില്‍ അഫ്ഗാനില്‍ താലിബാന്‍ ആദ്യമായി അധികാരത്തിലെത്തിയ സമയത്ത് സ്ത്രീകള്‍ക്ക് മേല്‍ അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ സ്ത്രീകളും ബുര്‍ഖ ധരിക്കണമെന്ന് ആവശ്യപ്പെടുകയും കണ്ണുകള്‍ മൂടുപടം ഉപയോഗിച്ച് മറയ്ക്കുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. സ്ത്രീകളെ പൊതുജീവിതത്തില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു.

2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനില്‍ വീണ്ടും അധികാരം പിടിച്ചെടുത്ത ശേഷം സ്ത്രീകള്‍ക്ക് പ്രത്യേക ഡ്രസ് കോഡ് ഇല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീടുള്ള ആഴ്ചകളില്‍ സ്ത്രീകള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണുണ്ടായത്. ഈ മാസം ആദ്യം പൊതുസ്ഥലത്ത് എല്ലാ സ്ത്രീകളും അവരുടെ കണ്ണുകള്‍ മാത്രം ദൃശ്യമാകുന്ന തരത്തില്‍ തല മുതല്‍ കാല്‍ വരെ മറയുന്ന വസ്ത്രം ധരിക്കാന്‍ താലിബാന്‍ ഉത്തരവിട്ടിരുന്നു.

ആവശ്യഘട്ടങ്ങളില്‍ മാത്രമേ സ്ത്രീകള്‍ വീടിന് പുറത്ത് ഇറങ്ങാവൂ എന്നും സ്ത്രീകളുടെ വസ്ത്രധാരണ ലംഘനത്തിന് കുടുംബത്തിലെ പുരുഷന്മാര്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. അനുസരണയില്ലാത്ത സ്ത്രീകളെ വീട്ടില്‍തന്നെ ഇരുത്തുമെന്നും മുതിര്‍ന്ന താലിബാന്‍ നേതാവും ഇടക്കാല ആഭ്യന്തരമന്ത്രിയുമായ സിറാജുദ്ദീന്‍ ഹഖാനി പറഞ്ഞു.

എല്ലാ പ്രായത്തിലുമുള്ള പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം അനുവദിക്കുമെന്ന താലിബാന്റെ ആദ്യ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായി ആറാം ക്ലാസിന് ശേഷം സ്‌കൂളുകളില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി ഉത്തരവിട്ടിരുന്നു.

രാജ്യത്തെ സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിച്ച് പൊതുജീവിതത്തില്‍ നിന്നും അവരെ അകറ്റുന്ന റിപ്പോര്‍ട്ടുകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തുവരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.