കുട്ടനാട്ടിലെ കര്‍ഷകരെ വലച്ച് സര്‍ക്കാരും; വിള ഇന്‍ഷുറന്‍സ് ഇനത്തില്‍ നല്‍കാനുള്ളത് ഒരു കോടി 41 ലക്ഷം രൂപ

കുട്ടനാട്ടിലെ കര്‍ഷകരെ വലച്ച് സര്‍ക്കാരും; വിള ഇന്‍ഷുറന്‍സ് ഇനത്തില്‍ നല്‍കാനുള്ളത് ഒരു കോടി 41 ലക്ഷം രൂപ

ഒരു വശത്ത് കൂടി മില്ലുടമകളും മറുവശത്തു കൂടി ഇടനിലക്കാരും കുട്ടനാട്ടിലെ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. ഇപ്പോള്‍ വാഗ്ദാനം ചെയ്ത വിള ഇന്‍ഷുറന്‍സ് നല്‍കാതെ സംസ്ഥാന സര്‍ക്കാരും കര്‍ഷകരെ വലയ്ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ വിളവെടുപ്പുമായി ബന്ധപ്പെട്ട് ഏകദേശം ഒന്നരക്കോടി രൂപയാണ് ഇന്‍ഷുറന്‍സ് ഇനത്തില്‍ സര്‍ക്കാര്‍ കുടിശിഖ വരുത്തിയിട്ടുള്ളത്. അശാസ്ത്രീയ മാനദണ്ഡം കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയും കര്‍ഷകര്‍ക്ക് വേണ്ട വിധത്തില്‍ ഗുണം ചെയ്യുന്നില്ലെന്ന് പാടശേഖര സമിതികള്‍ ചൂണ്ടിക്കാട്ടുന്നു.

പാടത്ത് പൊന്നു വിളയിക്കുന്ന കര്‍ഷകന് ലഭിക്കുന്നത് രണ്ട് തരത്തിലുള്ള വിള ഇന്‍ഷുറന്‍സ് പദ്ധതികളാണ്. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ ഏക്കറിന് നൂറ് രൂപ വെച്ച് കര്‍ഷകന്‍ പ്രീമിയം അടക്കണം. ഏക്കറിന് പത്ത് ക്വിന്റല്‍ താഴെയാണ് വിളവെടുപ്പെങ്കില്‍ 15 ക്വിന്റലിന്റെ വില നല്‍കും. കഴിഞ്ഞ വര്‍ഷം കുട്ടനാട്ടിലെ 771 കര്‍ഷകര്‍ക്ക് ഇനിയും ഈ തുക ലഭിച്ചിട്ടില്ല. ഇത്രയും കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ കൊടുക്കാനുള്ളത് ഒരു കോടി 41 ലക്ഷം രൂപ.

കേന്ദ്രത്തിന്റെ പദ്ധതിയായ പ്രധാനമന്ത്രി ഫസല് ഭീമാ യോജനയിലെ അശാസ്ത്രീയ മാനദണ്ഡങ്ങള്‍ കാരണം കര്‍ഷകന് വേണ്ട ഗുണം ചെയ്യുന്നില്ലെന്നതാണ് പ്രധാന പരാതി. ബ്ലോക്ക് അടിസ്ഥാനത്തില്‍ വിള നഷ്ടത്തിലെ ശരാശരി കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്. പകരം പാടശേഖരങ്ങളുടെ അടിസ്ഥാനത്തില്‍ നഷ്ടം കണക്കാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.