ടെക്‌സാസ് കൂട്ടക്കൊലയില്‍ വികാരഭരിതനായി ബൈഡന്‍; ഇനിയെന്ന് തോക്ക് ലോബിക്കു മുന്നില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ കഴിയുക?

ടെക്‌സാസ് കൂട്ടക്കൊലയില്‍ വികാരഭരിതനായി ബൈഡന്‍; ഇനിയെന്ന് തോക്ക് ലോബിക്കു മുന്നില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ കഴിയുക?

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന വെടിവയ്പ്പില്‍ വികാരഭരിതമായ പ്രതികരണവുമായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയ്ക്കു ശേഷം ചൊവ്വാഴ്ച വൈകിട്ട് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അതീവ ദുഃഖിതനായും ക്ഷീണിതനായുമാണ് ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്തത്. ദക്ഷിണ കൊറിയ-ജപ്പാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടനെയായിരുന്നു വാര്‍ത്താസമ്മേളനം.

'ഞാന്‍ പ്രസിഡന്റായപ്പോള്‍ ഇങ്ങനെയൊരു പ്രസംഗം നടത്തേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും മറ്റൊരു കൂട്ടക്കൊല... എലിമെന്ററി സ്‌കൂളില്‍... നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങള്‍. ഇനിയൊരിക്കലും തങ്ങളുടെ കുഞ്ഞിനെ കാണാന്‍ കഴിയാത്ത മാതാപിതാക്കള്‍, ഇനി ഒരിക്കലും ആ കുഞ്ഞുങ്ങള്‍ അവരെ ആലിംഗനം ചെയ്യില്ല.

മാതാപിതാക്കള്‍ക്കുണ്ടായ ദുഃഖം സമാനതകളില്ലാത്തതാണ്. ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്നത് മാതാപിതാക്കളുടെ ആത്മാവിന്റെ ഭാഗം പറിച്ചെടുക്കുന്നതിന് തുല്യമാണ്. തന്റെ ആദ്യ ഭാര്യയും മകളും 1972ല്‍ കാറപടകത്തില്‍ മരിച്ചതും 2015 മകന്‍ അര്‍ബുദബാധിതനായി മരിച്ചതും ബൈഡന്‍ ഓര്‍മിച്ചു.

താന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ 2012-ല്‍ കണക്റ്റിക്കട്ടിലെ സാന്‍ഡി ഹുക്ക് എലിമെന്ററി സ്‌കൂളിലുണ്ടായ കൂട്ടക്കൊലയും ബൈഡന്‍ അനുസ്മരിച്ചു. അന്ന് ഏറെ ചര്‍ച്ചയായ തോക്ക് നിയന്ത്രണ നിയമനിര്‍മ്മാണം പ്രാവര്‍ത്തികമാക്കണമെന്ന് ബൈഡന്‍ നിയമനിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ചു.

'എനിക്ക് അസുഖവും ക്ഷീണവുമാണ്. എങ്കിലും ഞങ്ങള്‍ക്കു പ്രവര്‍ത്തിക്കണം. ഈ കൂട്ടക്കൊല ഞങ്ങളില്‍ സ്വാധീനം ചെലുത്തിയില്ലെന്ന് പറയരുത്. എന്തുകൊണ്ടാണ് ഇങ്ങനെ വീണ്ടും വീണ്ടും സംഭവിക്കാന്‍ അനുവദിക്കുന്നത്?' ഇതുപോലുള്ള കൂട്ടക്കൊലകള്‍ ലോകത്തു മറ്റൊരിടത്തും സംഭവിക്കുന്നില്ല. എന്തുകൊണ്ട് അമേരിക്കയില്‍ മാത്രം?

'ദൈവത്തിന്റെ നാമത്തില്‍ എപ്പോഴാണ് നാം തോക്ക് ലോബിക്കു മുന്നില്‍ നട്ടെല്ല് നിവര്‍ത്തി നില്‍ക്കാന്‍ പോകുന്നത്. ഇത് പ്രവര്‍ത്തിക്കേണ്ട സമയമാണ്'. തോക്ക് മാഫിയക്കെതിരെ ശക്തമായ നടപടി എടുക്കാനാകാത്തതില്‍ കടുത്ത അതൃപ്തിയാണ് ജോ ബൈഡന്‍ പ്രകടിപ്പിച്ചത്.

മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചു.

'സാന്‍ഡി ഹുക്ക് കൂട്ടക്കൊല നടന്നിട്ട് ഏകദേശം പത്ത് വര്‍ഷം, ബഫലോ കൂട്ടക്കൊലയ്ക്ക് ശേഷം പത്ത് ദിവസം... നമ്മുടെ രാജ്യം തളര്‍ന്നിരിക്കുകയാണ്. ഭയത്താലല്ല, മറിച്ച് ഒരു തോക്ക് ലോബിയും ഇത്തരം ദുരന്തങ്ങള്‍ തടയാന്‍ ഒരു വിധത്തിലും പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലാത്ത ഒരു രാഷ്ട്രീയ നേതൃത്വവും കാരണം. ഏതെങ്കിലും വിധത്തില്‍ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു - ഒബാമ പറഞ്ഞു.

തോക്ക് നയത്തില്‍ കാര്യമായ മാറ്റം വേണമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസും പ്രതികരിച്ചു. സ്‌കൂള്‍ വെടിവയ്പില്‍ യുഎസ് ഉന്നത ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് അംഗങ്ങളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.