'ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും'... സീന്യൂസിന്റെ വരവോടെ ഈ ചൊല്ല് തികച്ചും അന്വര്‍ത്ഥമാവുകയായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍. കാരണം പുഴുക്കുത്തേറ്റ വര്‍ത്തമാനകാല മാധ്യമ പ്രവര്‍ത്തനത്തിന്റെ നിറം മങ്ങിയ ഏടുകളില്‍ മാറ്റത്തിന്റെ സുവര്‍ണരേഖ വരച്ചത് സീന്യൂസായിരുന്നു.
ചരിത്രത്തിന്റെ ചിതലരിച്ച ചുവരുകളില്‍ കാലം അനിവാര്യമെന്ന് കല്‍പ്പിച്ച ചില നിര്‍ണായക അടയാളപ്പെടുത്തലുകള്‍ വരുത്തുവാനും സീന്യൂസിനായി. ഭാരത കത്തോലിക്കാ സഭയിലെ മുഴുവന്‍ പിതാക്കന്‍മാരുടേയും അനുഗ്രഹവും ലോകമെമ്പാടുമുള്ള മലയാളികളുടെ ആശംസകളും കൈമുതലാക്കി ആരംഭിച്ച സീന്യൂസ് എന്ന ഓണ്‍ലൈന്‍ പത്രത്തിന് ഇന്ന് ഒന്നാം പിറന്നാളാണ്.
പിച്ചവെക്കുന്ന പ്രായത്തിലും ഏറെ പക്വതയോടെ സംസാരിച്ചു എന്നതാണ് സീന്യൂസിനെ വ്യത്യസ്തവും സ്വീകാര്യവുമാക്കിയത്. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ പലതും വെട്ടിത്തുറന്ന് പറഞ്ഞു... ചിലതിനെ വിട്ടുവീഴ്ചയില്ലാതെ വിമര്‍ശിച്ചു... ചിലതിന് മുന്നറിയിപ്പ് നല്‍കി... മറ്റു ചിലതിനോട് പക്ഷം ചേരുകയും ചെയ്തു.
പക്ഷേ, ചേര്‍ന്നതെല്ലാം സത്യത്തിന്റെ പക്ഷമായിരുന്നു. അങ്ങനെ നിഷ്പക്ഷ പത്രപ്രവര്‍ത്തനമെന്ന ക്ലാവു പിടിച്ച പരമ്പരാഗത ബോധ്യങ്ങളെ തിരുത്തി ഒരു മറുബോധ്യ സൃഷ്ടിക്കുള്ള വാതായനങ്ങള്‍ തുറന്നിട്ടു സീന്യൂസ്. 'സത്യം സത്യമായറിയാന്‍' എന്ന ഞങ്ങളുടെ ആദര്‍ശ സൂക്തത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ വാര്‍ത്തകള്‍ നല്‍കുകയും അവയ്ക്ക് അനിവാര്യമായ വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്തപ്പോള്‍ സീന്യൂസിന്റെ സ്വരം കേള്‍ക്കാന്‍ ലോകം കാതോര്‍ത്തു തുടങ്ങി.
അങ്ങനെ ഒരു വയസു പോലും തികയാത്ത ഈ കുഞ്ഞിനെ മലയാളികള്‍ പെട്ടന്ന് നെഞ്ചിലേറ്റി... പിന്നീട് ഹൃദയത്തോട് ചേര്‍ത്തു വച്ചു... എന്നിട്ട് കാതോരം പറഞ്ഞു: 'കുഞ്ഞേ, ഇനിയുള്ള കാലം നിന്റേതാണ്... നിനക്കുള്ളതാണ്'.
കോര്‍പ്പറേറ്റ് ഭീമന്‍മാരും രാഷ്ട്രീയ ഭരണ നേതൃത്വവും വിലയ്‌ക്കെടുത്ത മാധ്യമങ്ങള്‍, പാതിവെന്ത സത്യത്തെ വളച്ചൊടിച്ച് വാര്‍ത്താ രൂപത്തിലാക്കി അവരുടെ ന്യൂസ് റൂമുകളില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് ഹിഡന്‍ അജണ്ടകള്‍ നടപ്പാക്കുമ്പോള്‍ സീന്യൂസിന്റെ വാര്‍ത്താ മുറികളില്‍ സംഭവിക്കുന്നത് വാര്‍ത്തയിലെ സത്യം കണ്ടെത്തി വായനക്കാരിലെത്തിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ മഹത്തായ മാതൃകയാണ്.
സീന്യൂസിന്റെ ഉദ്ഘാടന വേളയില്‍ അഭിവന്ദ്യ ആലഞ്ചേരി പിതാവ് പറഞ്ഞതു പോലെ സത്യങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടുള്ള യാത്ര ഏറെ പ്രതിസന്ധി നിറഞ്ഞതു തന്നെയായിരുന്നു. പക്ഷേ, കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ യാത്ര ചെയ്യാന്‍ മനസിനെ പരുവപ്പെടുത്തിയെടുത്ത ഒരുപറ്റം മനുഷ്യ സ്‌നേഹികളുടെ കൂട്ടായ്മ സകല വിഘ്‌നങ്ങളേയും തരണം ചെയ്തു. ഒപ്പം പ്രിയ വായനക്കാര്‍ നല്‍കിയ കലര്‍പ്പില്ലാത്ത പിന്തുണ ഇരുള്‍ മൂടിയ ഇടവഴികളിലൂടെയും ഏകാന്ത സഞ്ചാരം നടത്താന്‍ സീന്യൂസിന് കരുത്തേകി.
അപ്രകാരം എത്രയെത്ര വാര്‍ത്താ ഇടപെടലുകള്‍... ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ്, ഭ്രൂണഹത്യ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഭവിക്കുന്ന ക്രൈസ്തവ പീഡനങ്ങള്‍, കേരളത്തിലെ 80:20 സംവരണം, മുല്ലപ്പെരിയാര്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സീന്യൂസിന് സാധിച്ചു.
അങ്ങനെ ആരും സഞ്ചരിക്കാന്‍ ധൈര്യപ്പെടാത്ത ചില അപകട വഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ച് കണ്ട കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലുമില്ലാത്ത, എരിവും പുളിയും മസാലയുമില്ലാത്ത അക്ഷരക്കൂട്ടുകളായി അവതരിപ്പിച്ചപ്പോള്‍ ലഭിച്ച സ്വീകാര്യത ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയത് ഇനി ഒരു കാതമല്ല, രണ്ടുകാതം നടക്കാനുള്ള ആത്മ വിശ്വാസമാണ്.
അതിന് മാന്യ വായനക്കാരോട് ഹൃദയത്തില്‍ തൊട്ട നന്ദി അറിയിക്കുന്നതിനൊപ്പം ഇന്നു നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിലേക്ക് ഏവരേയും സന്തോഷപൂര്‍വ്വം സ്വാഗതമോതുന്നു... കാരണം നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്ത് ആഘോഷം.
സ്‌നേഹാഭിവാദനങ്ങളോടെ,
ജയ്‌മോന്‍ ജോസഫ്
എക്‌സിക്യൂട്ടീവ് എഡിറ്റര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.