സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് അനില്‍കാന്ത്

സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് അനില്‍കാന്ത്

തിരുവനന്തപുരം: പുതിയ അധ്യായന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ കുട്ടികള്‍ക്ക് വേണ്ട എല്ലാ സുരക്ഷാ മാർഗങ്ങളും ഉറപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ പോലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. സ്കൂള്‍ ബസുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വാഹനങ്ങളുടെ ഫിറ്റ്നെസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കണം. സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പോലീസിന്‍റെയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കും. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങള്‍ ഇല്ലെന്നും സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയശേഷം മാത്രമേ പോലീസ് അനുമതി നല്‍കൂ.

കുട്ടികളെ സ്കൂളില്‍ എത്തിച്ചശേഷം സ്വകാര്യ വാഹനങ്ങള്‍ സ്കൂളിന് സമീപത്തെ റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. സ്കൂള്‍ കുട്ടികളുമായി യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതു പരിശോധിക്കാന്‍ അപ്രതീക്ഷിത വാഹനപരിശോധന നടത്താനും ഡി.ജി.പി നിര്‍ദ്ദേച്ചിട്ടുണ്ട്. അതേപോലെ സ്കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.