കൊച്ചി: ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും വോട്ട് കുറയുന്ന പ്രതിഭാസമാണ് തൃക്കാക്കരയില്‍ ബിജെപി നേരിടുന്നത്. 2016 ല്‍ എല്ലാവരെയും ഞെട്ടിച്ച് 21,000 ത്തില്‍ അധികം വോട്ട് നേടിയ ബിജെപിക്ക് പിന്നീടുള്ള ഒരു തെരഞ്ഞെടുപ്പിലും ആ നേട്ടം ആവര്‍ത്തിക്കാനായില്ല. ജില്ലാ നേതാവായ എസ്. സജിയായിരുന്നു അന്ന് ബിജെപിക്കായി മല്‍സരിച്ചത്.
ഇത്തവണ സംസ്ഥാന നേതാവായ എ.എന്‍. രാധാകൃഷ്ണനെ കൊണ്ടു വന്നത് പരമാവധി വോട്ടുകള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അവസാന ദിവസങ്ങളില്‍ സ്റ്റാര്‍ കാംപെയ്‌നറായി പി.സി ജോര്‍ജ് കൂടി എത്തിയതോടെ ബിജെപി ഗംഭീര പ്രകടനം നടത്തുമെന്ന് എതിരാളികള്‍ പോലും പ്രതീക്ഷിക്കുകയും ചെയ്തു.
ഫലം വന്നപ്പോള്‍ കാര്യമായ നേട്ടം ഉണ്ടാക്കാന്‍ പറ്റിയില്ലെന്ന് മാത്രമല്ല 2021 ലേക്കാള്‍ പിന്നോക്കം പോകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കിട്ടിയ 15,483 വോട്ടുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇത്തവണ കുറഞ്ഞത് 2,526 വോട്ടുകള്‍.
2016 ല്‍ നിന്ന് ആറു വര്‍ഷത്തിനിപ്പുറം വളര്‍ച്ച ഉണ്ടായില്ലെന്ന് മാത്രമല്ല 8,290 വോട്ടുകള്‍ കൈയില്‍ നിന്ന് വഴുതി പോകുകയും ചെയ്തു. ഇത്തവണ എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം നില്‍ക്കുന്ന പ്രചാരണമായിരുന്നു ബിജെപിയുടേത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കൊച്ചിയില്‍ തങ്ങിയായിരുന്നു മേല്‍നോട്ടം വഹിച്ചത്. 25,000 മറികടക്കാമെന്ന ഉറച്ച വിശ്വാസത്തിലുമായിരുന്നു അവര്‍. എന്നാല്‍ പ്രതീക്ഷകള്‍ ചുവടോടെ വേരറ്റു പോകുന്നതാണ് കണ്ടത്.
തൃക്കാക്കരയിലെ വിജയപരാജയങ്ങള്‍ എല്‍ഡിഎഫിലും യുഡിഎഫിലും വലിയ മാറ്റമൊന്നും ഉണ്ടാക്കില്ലെങ്കിലും ബിജെപിക്കുള്ളില്‍ പൊട്ടിത്തെറിക്കുള്ള ഇന്ധനമായി അതു മാറും. സുരേന്ദ്രനെ കൊണ്ട് സംഘടനയെ കാര്യമായി ചലിപ്പിക്കാന്‍ പറ്റില്ലെന്ന ഉള്‍പാര്‍ട്ടി വിമര്‍ശനം കൂടുതല്‍ ശക്തിപ്പെടും. വരും ദിവസങ്ങളില്‍ ബിജെപിയില്‍ വലിയ പൊട്ടിത്തെറി ഉണ്ടായാലും അത്ഭുതപ്പെടാനില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.