ശ്രീധരന്‍ പിള്ളയുടെ 151ാം പുസ്തകം 'അന്നാചാണ്ടി'

ശ്രീധരന്‍ പിള്ളയുടെ 151ാം പുസ്തകം 'അന്നാചാണ്ടി'

തൃശൂര്‍: ഗോവ ഗവര്‍ണറുടെ ചുമതലകള്‍ക്കിടയിലും രാഷ്ട്രീയ തിരക്കിനിടയിലും 151ാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് പി.എസ് ശ്രീധരന്‍ പിള്ള. ഇന്ത്യയിലെ ആദ്യ വനിതാ ജഡ്ജി അന്നാ ചാണ്ടിയെക്കുറിച്ചാണ് പുതിയ പുസ്തകം.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ തന്നെ ആദ്യ വനിതാ ജഡ്ജിയായിരുന്ന അന്നാ ചാണ്ടിയെക്കുറിച്ച് സമഗ്രമായ പുസ്തകം ലഭ്യമല്ല. അവരുടെ ജീവിതം ഒരു പാഠപുസ്തകമാണ്. സ്ത്രീ ശക്തിയെന്ന മാസിക തുടങ്ങിയ അവര്‍ ശ്രീമൂലം സഭയിലേക്ക് മത്സരിച്ചു. അവരെപ്പറ്റിയുള്ള അപൂര്‍വ വിവരങ്ങള്‍ പുസ്തകത്തിലുണ്ടാവുമെന്ന് ശ്രീധരന്‍ പിള്ള പറയുന്നു.

മിസോറം ഗവര്‍ണറായിരിക്കെ നിരവധി പുസ്തകങ്ങളുടെ രചന തുടങ്ങി വച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് എഴുതാന്‍ കൂടുതല്‍ സമയം കിട്ടി. അക്കാലത്ത് എഴുതിയ കഥാ, കവിതാ പുസ്തകങ്ങള്‍ ഈ മാസാവസാനം എം.ടി വാസുദേവന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്യും. കഴിഞ്ഞയാഴ്ച തൃശൂരില്‍വച്ച് ശ്രീധരന്‍ പിള്ളയുടെ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചിരുന്നു. ആകാശവീഥിയിലൂടെ, ഗവര്‍ണര്‍ അഡ്രസസ് ഗോവ, ചിമ്പായി, ഗോവ വിമോചനവും മലയാളികളും, ഓണ്‍ സോഷ്യല്‍ ഹാര്‍മണി എന്നിവ.

മൂന്നര പതിറ്റാണ്ടായി ഗ്രന്ഥരചന നടത്തുന്ന ശ്രീധരന്‍ പിള്ളയുടെ ആദ്യ പുസ്തകം 1987ല്‍ പ്രസിദ്ധീകരിച്ച 'റെന്റ് കണ്‍ട്രോള്‍ ലാസ് ഇന്‍ കേരള'യാണ്. പൊതു സിവില്‍ കോഡ് എന്ത്, എന്തിന്?, പുന്നപ്ര വയലാര്‍ കാണാപ്പുറങ്ങള്‍, ഷാബാനു കേസ് തുടങ്ങിയവ പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നു.

ലോ കോളേജില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം എഴുത്തില്‍ സജീവമായത്. സ്റ്റുഡന്റ് എഡിറ്ററായിരുന്നു. രാവിലെ നാലിന് എഴുന്നേറ്റ് എഴുത്തിലും വായനയിലും മുഴുകും. അഭിഭാഷകനായിരിക്കെ രാത്രി വൈകിയും പുസ്തകങ്ങള്‍ക്കൊപ്പമായിരുന്നു. നിയമം, സാഹിത്യം, ചരിത്രം, രാഷ്ട്രീയം തുടങ്ങി യാത്രാ വിവരണവും നര്‍മ്മവും വരെ രചനാ വിഷയങ്ങളായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26