സിഡ്നിയില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ശൈത്യം; തണുപ്പില്‍ മരവിച്ച് ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖല

സിഡ്നിയില്‍ 30 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത ശൈത്യം; തണുപ്പില്‍ മരവിച്ച് ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖല

സിഡ്‌നി: ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ച്ചയും കാറ്റും ജനജീവിതം ദുസഹമാക്കുന്നു. ടാസ്മാനിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, ക്വീന്‍സ്ലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ അസാധാരണമായ തണുപ്പും ഈര്‍പ്പവുമാണ് ജൂണ്‍ ആദ്യവാരം മുതല്‍ അനുഭവപ്പെടുന്നത്. സിഡ്‌നിയില്‍ 30 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും കടുത്ത ശൈത്യം രേഖപ്പെടുത്തി. ഈ മാസം ആദ്യം മുതല്‍ സിഡ്നിയില്‍ താപനില തുടര്‍ച്ചയായി താഴ്ന്ന നിലയിലാണ്.

സിഡ്‌നിയില്‍ ഇന്നു രാവിലെ അന്തരീക്ഷ താപനില ഏഴു ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. 1989-ന് ശേഷമുള്ള ഏറ്റവും കൂടിയ തണുപ്പാണിത്. ക്വീന്‍സ് ലാന്‍ഡിലെ മെല്‍ബണിലും സമാനമായ അവസ്ഥയാണ്.

കാന്‍ബെറയില്‍ പൂജ്യം സെല്‍ഷ്യസായായിരുന്നു താപനിലയെങ്കില്‍ ഹോബാര്‍ട്ടില്‍ 3 സെല്‍ഷ്യസ്, അഡ്ലെയ്ഡ് 8 സെല്‍ഷ്യസ്, ബ്രിസ്ബനിലും പെര്‍ത്തിലും യഥാക്രമം 9 സെല്‍ഷ്യസ്, 10 സെല്‍ഷ്യസ് എന്നിങ്ങനെയാണ് ഇന്നു രാവിലെ താപനില രേഖപ്പെടുത്തിയത്.

ന്യൂ സൗത്ത് വെയില്‍സിന്റെ തെക്കന്‍ പ്രദേശമായ ബെല്ലമ്പിയില്‍ ശൈത്യകാലത്തിന്റെ ആദ്യ ദിവസം മണിക്കൂറില്‍ 102 കിലോമീറ്റര്‍ വേഗതയുള്ള കാറ്റാണ് അനുഭവപ്പെട്ടത്. ഇത് അന്തരീക്ഷം അസാധാരണമാം വിധം തണുക്കാന്‍ കാരണമായി.

കാലാവസ്ഥാ വ്യതിയാനമാണ് ഓസ്‌ട്രേലിയയിലുണ്ടാകുന്ന പേമാരിക്കും അതിശൈത്യത്തിനും ശക്തമായ കാറ്റിനും കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകനായ ബെന്‍ ഡൊമെന്‍സിനോ പറഞ്ഞു. ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ തണുപ്പ് അസാധാരണമായിരുന്നെന്ന് ബെന്‍ ഡൊമെന്‍സിനോ കൂട്ടിച്ചേര്‍ത്തു.

ജൂണില്‍ ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖല മഞ്ഞില്‍ കുളിരുമ്പോള്‍ വടക്കന്‍ പ്രദേശത്ത് സാഹചര്യം വ്യത്യസ്തമാണ്. നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ബ്രാഡ്ഷോ ഞായറാഴ്ച 37.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26