തീച്ചൂളയ്ക്കരികിലെ തീപ്പെട്ടിക്കൊള്ളികള്‍

 തീച്ചൂളയ്ക്കരികിലെ  തീപ്പെട്ടിക്കൊള്ളികള്‍

പൂമൊട്ടുപോലെ ജനിക്കുന്നു.. തീമുട്ടപോലെ മരിക്കുന്നു. ആകാശങ്ങളെ സ്വപ്നംകണ്ടുകൊണ്ട്‌ പിറന്നുവിഴുന്ന പിഞ്ചുബാല്യങ്ങള്‍ എല്ലുറയ്ക്കുന്നതിനു മുമ്പേ എല്ലുമുറിയെ പണിയെടുക്കേണ്ടിവരുന്ന ദുരന്തദൃശ്യങ്ങള്‍ ലോകം കണ്ണടച്ചു മായ്ച്ചുകളയാന്‍ തുടങ്ങിയിട്ട്‌ നൂറ്റാണ്ടുകളായി. അച്ഛനമ്മമാരുടെ സ്നേഹവാത്സല്യങ്ങളില്‍ നിന്തിത്തുടിച്ചു വളരേണ്ട പ്രായത്തില്‍ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി, കൃഷിയിടങ്ങളിലും ഗ്ലാസ്‌ ഫാക്ടറികളിലും തീപ്പെട്ടിക്കമ്പനികളിലും നെയ്ത്തുശാലകളിലും ഗലികളിലും തെരുവിലെ ഭിക്ഷക്കുട്ടങ്ങള്‍ക്കിടയിലും നരകയാതന അനുഭവിക്കുന്ന ലക്ഷക്കണക്കിനു കൂട്ടികളെ ഓര്‍ക്കാനും ബാലവേലയ്ക്കെതിരെ പൊരുതാനുമുള്ള ശ്രദ്ധേയമായ സുദിനമാണ്‌ ബാലവേല വിരുദ്ധദിനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വികസിത, വികസ്വര രാഷ്ട്രങ്ങളുടെ പുറമ്പോക്കുകളില്‍ നിര്‍ബന്ധിത വേലചെയ്യുന്ന കുട്ടികളുടെ എണ്ണം ഭീകരമാണ്‌. ലോക തൊഴില്‍ സംഘടന (ഐഎല്‍ഒ)യുടെ രണ്ടായിരത്തിലെ കണക്കനുസരിച്ച്‌ അഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള 246 ദശലക്ഷം കുട്ടികളാണ്‌ വിവിധ രാജ്യങ്ങ ളില്‍ ജോലിചെയ്യുന്നത്‌. ഇവരില്‍ 171 ദശലക്ഷം കുട്ടികള്‍ ശാരീരിക, മാനസിക ആരോഗ്യം നശിപ്പിക്കുന്ന സാഹചര്യത്തിലാണ്‌ ജോലിചെയ്യുന്നത്‌. ഭാവിലോകത്തിന്റെ ദിശാസൂചികളായ ഇന്നിന്റെ കുട്ടികള്‍ കൂട്ടത്തോടെ അവരുടെ ബാല്യത്തില്‍നിന്നും കുടിയിറക്കപ്പെടു മ്പോള്‍ വരുംകാലം എന്ന സ്വപ്നം വരണ്ടുണങ്ങുകയാണ്‌!

ബാലവേല ചെയുന്ന കുട്ടികളില്‍ 61 ശതമാനവും ഏഷ്യന്‍ ഭൂഖണ്ഡത്തിലെ കുട്ടികളാണ്‌. 32 ശതമാനം ആഫ്രിക്കയിലും ഏഴു ശതമാനം ലാറ്റിന്‍ അമേരിക്കയിലും കൂലിവേല ചെയ്യുമ്പോള്‍ വിയര്‍ത്തൊലിക്കുന്നത്‌ വര്‍ത്തമാനകാലത്തിന്റെ മനഃസാക്ഷിയാണ്‌. എന്തുകൊണ്ടാണ്‌ കൂട്ടികള്‍ തൊഴിലിടങ്ങളിലേക്ക്‌ വലിച്ചെറിയപ്പെടുന്നത്‌? യൂണിസെഫിന്റെ പഠനങ്ങള്‍ തകര്‍ന്ന കുടുംബബന്ധങ്ങളും അനാഥത്വവും സാമ്പത്തിക തകര്‍ച്ചയുമാണ്‌ ബാലവേലയുടെ പ്രധാന കാരണങ്ങളായി നിരീക്ഷിക്കുന്നത്‌. തൊഴിലില്ലായ്മയുടെ ഭാരം ചുമക്കുന്ന മാതാപിതാക്കള്‍ കുട്ടികളെ പണിയിടങ്ങളി ലേക്ക്‌ പറിച്ചുനടുമ്പോള്‍ ലക്ഷക്കണക്കിനു ബാലചേതനകള്‍ വാടിത്തളരുകയാണ്‌. എന്നുമുതലാണ്‌ ബാലവേല തുടങ്ങിയത്‌ എന്ന അന്വേഷണം യുറപ്പിലെ വിക്ടോറിയന്‍ കാലഘട്ടത്തിലാണ്‌ ചെന്നു നില്‍ക്കുന്നത്‌. തുടര്‍ന്ന്‌ നവോത്ഥാന കാലത്തിന്റെ ചുക്കാന്‍പിടിച്ച വ്യവസായ വിപ്ലവകാലമാണ്‌ ലക്ഷക്കണക്കിനു പിഞ്ചുബാല്യങ്ങളെ തൊഴിലിടങ്ങളിലേക്ക്‌ തൊഴിച്ചെറിഞ്ഞത്‌ പ്രശസ്ത പാശ്ചാത്യ സാഹിത്യകാരനായ ചാള്‍സ്‌ ഡിക്കന്‍സ്‌, പന്ത്രണ്ടാം വയസില്‍ ഒരു ഫാക്ടറിത്തൊഴിലാളിയായിരുന്നത്രേ!

ആഫ്രിക്കയിലാണ്‌ ഏറ്റവും കൂടുതല്‍ കൂട്ടികള്‍ ജോലി ചെയ്യുന്നതെന്നു കേട്ട്‌ നമ്മള്‍ ഞെട്ടരുത്‌. രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്‌ എന്നറിയുക. 1976ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസാക്കിയ ബോണ്ടഡ്‌ ലേബര്‍ ആക്ടാണ്‌ ബാലവേലയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ചുവടുവയ്പ്‌. അടുത്തകാലത്തുണ്ടായ പഠനമനുസരിച്ച്‌ 60,000 കുട്ടികള്‍ ഇന്ത്യയിലെ ഗ്ലാസ്‌ ഫാക്ടറികളില്‍ ജോലിചെയ്യുന്നുണ്ട്‌. രണ്ടു ലക്ഷം കുട്ടികളുടെ ജീവിതം തീപ്പെട്ടിക്കമ്പനികളിലാണ്‌ ആളിക്കത്തുന്നത്‌. അതില്‍ 35 ശതമാനം പതിനാലു വയസിനു താഴെ പ്രായമുള്ളവരാണ്‌. രാവിലെ നാലുമുതല്‍ ദിവസം 12 മണിക്കൂറാണ്‌ ഈ പാവങ്ങള്‍ കഠിനവേല ചെയ്യുന്നത്‌. നെയ്ത്തുശാലകളില്‍ 420000 കൂട്ടികള്‍ ജോലിചെയ്യുന്നുണ്ട്‌.

ഇങ്ങനെ നൂറുകണക്കിനു നരകക്കുഴികളില്‍ ഇടറിവീണ്‌ പിടയ്ക്കുന്ന ദുരിതബാല്യങ്ങളുടെ ഭാവി സുരക്ഷി തമാക്കാന്‍ നമുക്കു കഴിയണം. 1986 ല്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ പാസാക്കിയ ബാലവേല വിരുദ്ധ നിയമം വീണ്ടും കര്‍ശനമമായി പ്രഖ്യാപിക്കേണ്ട സമയമാണിത്‌. അന്താരാഷ്ട്രതലത്തില്‍ 18 വയസില്‍ താഴെയുള്ള എല്ലാവരും കുട്ടികളായി പരിഗണിക്കപ്പെടുന്നു. കുട്ടികളെ ബാലവേലയ്ക്കു വിധേയരാക്കുന്നവര്‍ക്കു ജയില്‍വാസമാണ്‌ സമ്മാനം! ബാലവേല ബാല്യത്തില്‍ നിന്നുള്ള കുടിയിറക്കമാണ്‌. വെണ്ണപ്പാളിക്കു മുകളില്‍ കണ്ണുമിഴിക്കുന്ന ആധുനിക ബാല്യത്തിന്റെ ബാല്യവും നിഷ്കളങ്കതയും ആധുനിക സാങ്കേതികവിദ്യയുടെ ഹിഡന്‍ വൈഭവങ്ങള്‍ കവര്‍ന്നെടുക്കുമ്പോള്‍ ദാരിദ്ര്യരേഖയ്ക്കു താഴെ അങ്ങു നിലംപറ്റെ, കിടക്കുന്ന പതിനായിരങ്ങളുടെ കുരുന്നു സ്വപ്നങ്ങളും കരിഞ്ഞ വയറുകളും ഭാരതത്തിന്റെ മനുഷ്യത്വത്തിനു മുകളില്‍ ചോദ്യചിഹ്നങ്ങളാകുകയാണ്‌.

കാഞ്ചീപുരം പട്ടുസാരിക്കു വേണ്ടി നമ്മുടെ നാട്ടിലും പിടിവലിയാണ്‌. എന്നാല്‍, അവിടെ ജോലിചെയുന്ന 40000-ത്തിലധികം കുട്ടികള്‍ വര്‍ണനൂല്‍ത്തുമ്പില്‍ പിടിയും വലിയും നടത്തിയിട്ടാണ്‌ ഈ നാട്ടിലെ അംഗന മാരുടെ ഉടയാട തീര്‍ക്കുന്നത്‌ എന്നു നാമറിയുന്നില്ല. തമിഴ്നാട്ടിലെ തീപ്പെട്ടിക്കമ്പനികളില്‍ രാപകല്‍ കഠിനവേലയ്ക്കു തളയ്ക്കപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിനു കുട്ടികള്‍ തീക്കുണ്ഠത്തിനരികിലെ തീപ്പെട്ടിക്കൊള്ളി കളാണ്‌. എരിഞ്ഞുതീരാനുള്ള സമയം തിരഞ്ഞിരിക്കുന്ന 250-ലധികം മില്യണ്‍ കുട്ടികളെ വീണ്ടെടുത്ത്‌ ബാലാ വകാശങ്ങളുടെ മധുരമിഠായികള്‍ പകര്‍ന്നുകൊടുത്ത്‌ സ്വാതന്ത്ര്യത്തിന്റെ രുചി നുകരാനൊരുക്കേണ്ടത്‌ നാം ഓരോരുത്തരുമാണെന്ന്‌ ഈ ബാലവേല വിരുദ്ധ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.


ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും


ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക











വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.