പാത്രങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കെട്ടിയിട്ട് മര്‍ദിച്ച മധ്യവയസ്‌കന്‍ മരിച്ചു; സംഭവം തിരുവനന്തപുരം ചിറയിന്‍കീഴില്‍

പാത്രങ്ങള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് കെട്ടിയിട്ട് മര്‍ദിച്ച മധ്യവയസ്‌കന്‍ മരിച്ചു; സംഭവം തിരുവനന്തപുരം ചിറയിന്‍കീഴില്‍

തിരുവനന്തപുരം: ചിറയന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ചശേഷം പൊലീസില്‍ ഏല്‍പിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രനാണ് (50) മരിച്ചത്. നാട്ടുകാര്‍ ഇയാളെ മര്‍ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ മാസം 28 നായിരുന്നു മര്‍ദനമേറ്റത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.

ചിറയിന്‍കീഴ് പെരുങ്കുഴിക്ക് സമീപത്തെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് ചിലര്‍ ചന്ദ്രനെ തടഞ്ഞുവെക്കുകയും കെട്ടിയിടുകയും ചെയ്തു. ഇവര്‍ പിന്നീട് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോഴേക്കും ചന്ദ്രന്‍ അവശനിലയിലായിരുന്നു. പിന്നീട് പോലീസ് ചന്ദ്രനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെനിന്ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു.

പരാതിക്കാര്‍ സ്റ്റേഷനിലെത്തി കേസെടുക്കരുതെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ചന്ദ്രനെ ജാമ്യവ്യവസ്ഥയില്‍ വിട്ടയച്ചു. വേങ്ങോട്ടുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ഇവിടെ നിന്ന് ചന്ദ്രന്‍ പോയത്. തുടര്‍ന്ന് ശരീരവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചു.

കുടലിന് ക്ഷതമേറ്റതായും അണുബാധ ഉള്ളതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. കടുത്ത മര്‍ദനം ഏറ്റതാകാം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചന്ദ്രന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.