സംസ്ഥാനത്ത് വീണ്ടും ചെള്ള് പനി മരണം; ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് രണ്ട് ജീവന്‍

സംസ്ഥാനത്ത് വീണ്ടും ചെള്ള് പനി മരണം; ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് രണ്ട് ജീവന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ള് പനി ബാധിച്ച് ഒരാള്‍ മരിച്ചു. തിരുവനന്തപുരം പാറശാല ഐയ്ങ്കാമം സ്വദേശി സുബിത (38)യാണ് മരിച്ചത്. പനി ബാധിച്ച സുബിതയെ കഴിഞ്ഞ ആറാം തീയതിയോടെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പനി ഉള്‍പ്പടെയുള്ള അസ്വസ്ഥതകള്‍ക്കൊപ്പം ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് വൈകാതെ പത്താം തീയതി മെഡിക്കല്‍ കോളജില്‍ സുബിതയെ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഈയാഴ്ച ചെള്ള് പനി മൂലം തലസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. വര്‍ക്കല സ്വദേശിയായ അശ്വതി(15)യാണ് മൂന്ന് ദിവസം മുന്‍പ് മരിച്ചത്. പനിയും ഛര്‍ദിയും ബാധിച്ച അശ്വതി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മരുന്ന് നല്‍കി വീട്ടിലേക്ക് തിരികെ അയച്ച അശ്വതി പിറ്റേ ദിവസം വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ തന്നെ അശ്വതിയുടെ ഓക്‌സിജന്‍ ലെവല്‍ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.
തിരുവനന്തപുരത്ത് കഴിഞ്ഞ വ്യാഴാഴ്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ചെള്ളുപനി ബാധിച്ച് മരിച്ചിരുന്നു. വര്‍ക്കല അയന്തി പറങ്കിമാംവിള വീട്ടില്‍ ഷാജി ദാസിന്റേയും അനിതയുടെയും മകള്‍ അശ്വതിയാണ് മരിച്ചത്. ഈ വീട്ടിലെ നായയിലും ചെള്ളു പനി സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ആറും 2020ല്‍ എട്ടും പേര്‍ ചെള്ളു പനി ബാധിച്ച് മരിച്ചിരുന്നു. വിറയലോടു കൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചുരുക്കം ചിലരില്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തില്‍ സങ്കീര്‍ണമാകും. രോഗലക്ഷണമുള്ളവര്‍ ഉടന്‍ വൈദ്യസഹായം തേടണം.

എലി, പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകന്ന ചെള്ളുകളാണ് മനുഷ്യനിലേക്ക് ചെള്ള് പനി എത്തിക്കുന്നത്. ചെള്ള്, പേന്‍, മാന്‍ചെള്ള്, നായുണ്ണി എന്നീ ജീവികള്‍ കടിച്ചാല്‍ ചെള്ള് പനിക്ക് കാരണമാകും.

റിക്കെറ്റ്‌സിയേസി ടൈഫി കുടുംബത്തില്‍പ്പെട്ട ബാക്ടീരിയയായ ഒറെന്‍ഷി സുസുഗാമുഷിയാണ് ചെള്ള് പനി എന്ന രോഗത്തിന്റെ കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.