ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം മൂന്നാം ദിവസമായ ഇന്നും പലയിടത്തും അത്രമാസക്തമായി. തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. വാറങ്കല്‍ സ്വദേശിയായ ദാമോദര്‍ ആണ് മരിച്ചത്.
റെയില്‍വെ പോലീസ് നടത്തിയ വെടിവെപ്പിനിടെയാണ് യുവാവ് മരിച്ചതെന്നാണ് വിവരം. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് സെക്കന്തരാബാദില്‍ മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം തടസപ്പെട്ടു. 350 ലേറെ വരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ല.
പ്രക്ഷോഭകര്‍ തീവണ്ടി എന്‍ജിനുകളും കോച്ചുകളും തീവച്ച് നശിപ്പിച്ചതായി ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ എ.കെ ഗുപ്ത പറഞ്ഞു. നാശനഷ്ടങ്ങളുടെ കണക്കെടുത്തു വരികയാണ്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ഇതുവഴിയുള്ള തീവണ്ടി സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവച്ചുവെന്നും അദ്ദേഹം അറിയിച്ചു.
ബിഹാറില്‍ മൂന്നാം ദിവസവും പ്രക്ഷോഭം തുടരുകയാണ്. ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് പ്രക്ഷോഭകര്‍ ആക്രമിച്ചു. ബിഹാറിലെ സമസ്തിപുരില്‍ സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിന് പ്രതിഷേധക്കാര്‍ തീയിട്ടു. മൊഹിയുദ്ദീന്‍നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ജമ്മുതാവി എക്പ്രസ് ട്രെയിന്റെ രണ്ട് കോച്ചുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല.
ഒരു ബിജെപി എംഎല്‍എയുടെ വീടിനുനേരെയും ബിഹാറില്‍ ആക്രമണമുണ്ടായി. ഉത്തര്‍പ്രദേശിലെ ബല്ലിയ റെയില്‍വെ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ ഒരു തീവണ്ടി കോച്ചിന് തീവച്ചു. റെയില്‍വെ സ്റ്റേഷനുനേരെയും ആക്രമണമുണ്ടായി. 200 ലധികം തീവണ്ടി സര്‍വീസുകളെയാണ് ഇന്നത്തെ പ്രക്ഷോഭം ബാധിച്ചത്. 35 തീവണ്ടി സര്‍വീസുകള്‍ പൂര്‍ണമായും 13 സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധം അരങ്ങേറുന്നത്. യുവാക്കള്‍ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി.
യുപിയിലെ ബലിയ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ ട്രെയിനും സ്റ്റേഷന്‍ പരിസരവും തകര്‍ത്തു. ഒരു ട്രെയിനിനു തീവച്ചു. ഹാജിപുരില്‍ ട്രെയിന്‍ അടിച്ചു തകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രതിഷേധക്കാര്‍ ബസുകള്‍ തകര്‍ത്തു.
ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി. ബംഗാളിലെ ഹൗറയിലും പ്രതിഷേധമുണ്ടായി.
രാജസ്ഥാനിലെ അജ്‌മേര്‍-ഡല്‍ഹി ദേശീയപാത ഉദ്യോഗാര്‍ഥികള്‍ തടഞ്ഞിരുന്നു. ജോധ്പുരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഹിമാചല്‍പ്രദേശിലെ ഗഗല്‍ വിമാനത്താവളത്തിന് മുന്നിലും യുവാക്കള്‍ പ്രതിഷേധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.