വഴിതെറ്റിപ്പോകുന്ന പൂച്ചക്കുട്ടിയെപ്പറ്റി പുസ്തകമെഴുതി ഗിന്നസ് നേട്ടത്തിനുടമയായി അഞ്ചു വയസുകാരി

വഴിതെറ്റിപ്പോകുന്ന പൂച്ചക്കുട്ടിയെപ്പറ്റി പുസ്തകമെഴുതി ഗിന്നസ് നേട്ടത്തിനുടമയായി അഞ്ചു വയസുകാരി

ലണ്ടന്‍: അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചു തുടങ്ങേണ്ട പ്രായത്തില്‍ ആയിരത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം രചിച്ച് ഗിന്നസ് റെക്കോഡില്‍ ഇടം നേടി അഞ്ചു വയസുകാരി. യു.കെയിലെ വേയ്മത്തില്‍ നിന്നുള്ള ബെല്ല ജെയ് ഡാര്‍ക്ക് ആണ് പുസ്തകം പ്രസിദ്ധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടിയെന്ന നേട്ടത്തിനുടമയായത്.

58 വര്‍ഷം പഴക്കമുള്ള റെക്കാഡാണ് അവള്‍ മറികടന്നത്. പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചതും ബെല്ലയാണ്.

'ദ ലോസ്റ്റ് ക്യാറ്റ് ' എന്നാണ് ഈ കൊച്ചുമിടുക്കി എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര്. റെക്കോഡിനായി ആയിരം കോപ്പികള്‍ വിറ്റഴിയണമെന്ന നിബന്ധന മറികടന്നതോടെയാണ് ബെല്ലയെ തേടി ഗിന്നസ് നേട്ടമെത്തിയത്.

അമേരിക്കക്കാരിയായ ഡൊറോത്തി സ്‌ട്രെയിറ്റിന്റെ പേരിലായിരുന്ന റെക്കോഡാണ് തകര്‍ന്നത്. 1964 ല്‍ ആറ് വയസുള്ളപ്പോഴാണ് 'ഹൗ ദ വേള്‍ഡ് ബിഗാന്‍' എന്ന പുസ്തകം ഡൊറോത്തി രചിച്ചത്.

രാത്രി ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങി വഴിതെറ്റി പോകുന്ന സ്‌നോവി എന്ന പൂച്ചക്കുട്ടി ഒടുവില്‍ അമ്മയില്ലാതെ പുറത്തിറങ്ങരുതെന്ന ഗുണപാഠം തിരിച്ചറിയുന്ന കഥയാണ് 'ദ ലോസ്റ്റ് ക്യാറ്റ്'. പോര്‍ട്ട്‌ലാന്‍ഡിലെ ജിഞ്ചര്‍ ഫയര്‍ പ്രസ് ആണ് പ്രസാധകര്‍. ഇക്കഴിഞ്ഞ ജനുവരി 31 നാണ് പുസ്തകം പുറത്തിറങ്ങിയത്. വാട്ടര്‍‌സ്റ്റോണ്‍, ആമസോണ്‍ എന്നിവയില്‍ ആറ് പൗണ്ടിന് ( 574 രൂപ) പുസ്തകം ലഭ്യമാണ്.

പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രം മൂത്ത സഹോദരി ലേസി മേയ് വരച്ചെന്നത് ഒഴിച്ചാല്‍ മറ്റെല്ലാ ചിത്രങ്ങളും വരച്ചതും ബെല്ലയാണ്. പൂച്ചക്കുട്ടി വഴിതെറ്റിപ്പോകുന്ന കഥയെഴുതാന്‍ പോകുന്നുവെന്ന് മകള്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞപ്പോള്‍ കുട്ടിക്കളിയായാണ് കണ്ടതെന്നും ഇപ്പോള്‍ മകളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ബെല്ലയുടെ മാതാപിതാക്കള്‍ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.