ഉപരിപ്ലവമായ ജീവിതത്തോട് അരുതെന്നു പറയുക; സിറോ മലബാര്‍ സഭയിലെ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ

ഉപരിപ്ലവമായ ജീവിതത്തോട് അരുതെന്നു പറയുക; സിറോ മലബാര്‍ സഭയിലെ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ

റോം: വഴിയും സത്യവും ജീവനുമായ യേശുവിനെ അനുഗമിക്കാനും നിത്യജീവനേകുന്ന സ്‌നേഹത്തിന്റെ പാതയില്‍ സഞ്ചരിക്കാനും സിറോ മലബാര്‍ സഭയിലെ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഈ യാത്ര ശ്രമകരമെങ്കിലും ആവേശകരവും നമ്മുടെ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നതുമാണ്. നുരഞ്ഞുപതയുന്ന ഈ കാലഘട്ടത്തില്‍, സേവനവും ഉത്തരവാദിത്തവും പ്രതിബന്ധതയുമുള്ള ജീവിതത്തെ സ്വീകരിക്കാനും ഉപരിപ്ലവവും സുഖലോലുപവുമായ സാഹചര്യങ്ങളോട് ഇല്ല എന്നും പറയാനുള്ള ആര്‍ജവവും യേശുവിനെ അനുഗമിക്കുന്നതിലൂടെ ലഭിക്കുമെന്നും പാപ്പ യുവാക്കളെ ഓര്‍മിപ്പിച്ചു.


സിറോ-മലബാര്‍ സഭ പ്രഥമ യുവജന നേതൃസംഗമത്തില്‍ പങ്കെടുക്കാനെത്തിയ സഭാ പിതാക്കന്മാരും യുവജനങ്ങളും

ഭാരതത്തിന് പുറത്തുള്ള സിറോ മലബാര്‍ യുവജനങ്ങള്‍ക്കായി റോമില്‍ സംഘടിപ്പിച്ച പ്രഥമ യുവജന നേതൃസംഗമത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. അഞ്ച് രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 70 യുവജന ശുശ്രൂഷകരും രണ്ട് കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ എട്ട് സഭാ പിതാക്കന്മാരുമാണ് പരിപാടിയില്‍ പങ്കെടുത്തത്. മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാര്‍ഷികം ആചരിക്കുന്ന വര്‍ഷത്തിലാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.

മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിന്റെ ആശംസകള്‍ക്കും ആമുഖത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് മാര്‍പാപ്പ സന്ദേശം ആരംഭിച്ചത്.

'സിറോ മലബാര്‍ സഭയിലെ പ്രവാസി യുവതലമുറയാണ് നിങ്ങള്‍. ആദ്യ നൂറ്റാണ്ടില്‍ തോമ്മാശ്ലീഹാ ഭാരതത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് എത്തുകയും സിവിശേഷത്തിന്റെ വിത്തുപാകുകയും ചെയ്തതിനെ തുടര്‍ന്ന് അവിടെ ക്രൈസ്തവ സമൂഹം രൂപപ്പെട്ടു. 'എന്റെ കര്‍ത്താവെ എന്റെ ദൈവമേ' (യോഹന്നാന്‍ 20:29) എന്ന അഭിസംബോധനയിലൂടെ, ശ്ലീഹാ അരക്കിട്ടുറപ്പിച്ച ഈശോയോടുള്ള സ്‌നേഹത്തിന്റെ വെളിപ്പെടുത്തല്‍ ആയിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം. ചരിത്രപരമായി ഈ വര്‍ഷം ആ മഹാത്യാഗത്തിന്റെ 1950-ാമത് വാര്‍ഷികമാണ്.


യുവജന നേതൃസംഗമത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ഫ്രാന്‍സിസ് പാപ്പയില്‍നിന്ന് ആശീര്‍വാദം സ്വീകരിക്കുന്നു

സഭ അപ്പോസ്‌തോലികമായിരിക്കുന്നതും വളരുന്നതും ശ്ലീഹന്മാരുടേതു പോലുള്ള വിശ്വാസ സാക്ഷ്യത്താലാണ്, അല്ലാതെ മതപരിവര്‍ത്തനത്താലല്ല. ഓരോ ക്രൈസ്തവനും സഭയുടെ വളര്‍ച്ചയില്‍ പങ്കുചേരുന്നത് ഒരാള്‍ എത്രമാത്രം ഈശോയ്ക്ക് സാക്ഷ്യം നല്‍കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. മാമോദീസ സ്വീകരിച്ച ഓരോ വ്യക്തിയും സഭയെ കെട്ടിപ്പടുക്കുന്നതില്‍ പങ്കുചേരണം. നിങ്ങളും സാക്ഷ്യം നല്‍കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ആദ്യം സിറോ മലബാര്‍ സഭയിലെ തന്നെ നിങ്ങളുടെ സമപ്രായക്കാര്‍ക്കിടയിലും പിന്നീട് മറ്റ് സഹോദരങ്ങളുടെയിടയിലും ഈശോയെ അറിയാത്തവരുടെ ഇടയില്‍ പോലും സാക്ഷികളാകാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... എന്ന് മാര്‍പാപ്പ ആശംസിച്ചു.

കര്‍ത്താവ് നമ്മെ ഒരിക്കലും കൈവിടുന്നില്ല, അവിടുന്ന് എപ്പോഴും നമ്മുടെ പക്ഷത്താണ്. നമ്മുടെ ജീവിതത്തില്‍ അവിടുത്തേയ്ക്ക് ഇടം നല്‍കുകയും നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനും സാധിച്ചാല്‍ ദൈവത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന സമാധാനം നാം അനുഭവിക്കുമെന്നും പാപ്പ ഓര്‍മിപ്പിച്ചു.



യഥാര്‍ത്ഥ പങ്കിടല്‍ ഇല്ലാതെ, വിശ്വസ്തതയും ഉത്തരവാദിത്തവും ഇല്ലാതെ, സ്‌നേഹത്തെ നിന്ദ്യമായ രീതിയിലേക്കു ചുരുക്കാനുള്ള വര്‍ദ്ധിച്ചുവരുന്ന പ്രവണതയ്ക്കെതിരെ പേരാടാന്‍ ഭയപ്പെടരുതെന്നും പിതാവ് യുവജനങ്ങളെ ഓര്‍മിപ്പിച്ചു.

ലിസ്ബണില്‍ നടക്കുന്ന അടുത്ത ലോക യുവജനദിനത്തിന്റെ വിഷയം ലൂക്കയുടെ സുവിശേഷം ഒന്നാം അദ്ധ്യായം മുപ്പത്തി ഒന്‍പതാം വാക്യമായ 'മറിയം എഴുന്നേറ്റു, തിടുക്കത്തില്‍ പോയി' എന്നതിനെ അടിസ്ഥാനമാക്കിയാണെന്നു പാപ്പ പ്രഖ്യാപിച്ചു.

മറിയത്തിന്റെ മാതൃകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജീവിക്കാനും പാപ്പ ആഹ്വാനം ചെയ്തു. ജീവിത യാത്രയില്‍ ഇന്നത്തെ തീക്ഷ്ണമായ അപേക്ഷകള്‍ നാളത്തെ നന്ദിയുടെ പ്രകാശനങ്ങളായി മാറും. സംഗമത്തിനെത്തിയവര്‍ക്ക് നന്ദി പറഞ്ഞ് അനുഗ്രഹിച്ചും ഒപ്പം തനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞുകൊണ്ടുമാണ് പരിശുദ്ധ പിതാവ് സന്ദേശം അവസാനിപ്പിച്ചത്.

കൂടുതല്‍ വായനയ്ക്ക്:

സീറോ മലബാര്‍ ആഗോള യുവജനങ്ങളുടെ നേതൃസംഗമത്തിന് ഇന്ന് റോമില്‍ തുടക്കം; ഫ്രാന്‍സിസ് പാപ്പയുടെ അഭിസംബോധന 18 ന്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26