റഷ്യ-ഉക്രെയ്ന്‍ യുദ്ധം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് നാറ്റോ

റഷ്യ-ഉക്രെയ്ന്‍ യുദ്ധം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുമെന്ന് നാറ്റോ

ബ്രസല്‍സ്: ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ്. യുദ്ധം വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുമെന്ന് മനസിലാക്കി സാഹചര്യം നേരിടാന്‍ എല്ലാവരും തയാറാകണം. ഉക്രെയ്‌ന് പിന്തുണ നല്‍കുന്നതില്‍ നിന്നും ഒരിക്കലും പിന്തിരിയരുതെന്നും അദ്ദേഹം പറഞ്ഞു.

സൈനിക പിന്തുണ നല്‍കുന്നത് കൂടാതെ നിലവില്‍ ഭക്ഷണം ഊര്‍ജം തുടങ്ങി എല്ലാത്തിനും ചെലവ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസാവസാനം മാഡ്രിഡില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ ഉക്രെയ്‌ന് വേണ്ടിയുള്ള സഹായ പാക്കേജ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റോള്‍ട്ടന്‍ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്ന്‍ സൈനികര്‍ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്‍കുന്നതിലൂടെ റഷ്യന്‍ നിയന്ത്രണത്തില്‍ നിന്ന് ഡോണ്‍ബാസ് മേഖലയെ മോചിപ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച കീവ് സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഒരു നീണ്ട യുദ്ധത്തിന് തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

കിഴക്കന്‍ മേഖലയില്‍ റഷ്യക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ സാധിച്ചതിനാല്‍ യുദ്ധത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് ഉക്രെയ്ന്‍ ശനിയാഴ്ച ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. മാര്‍ച്ചില്‍ ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഡോണ്‍ബാസ് ഉള്‍പ്പടെയുള്ള കിഴക്കന്‍ മേഖലകള്‍ കേന്ദ്രീകരിച്ച് റഷ്യ ആക്രമണം ശക്തമാക്കിയത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.