ഇടതു തരംഗത്തില്‍ മക്രോണിന് അടിതെറ്റി; പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി

ഇടതു തരംഗത്തില്‍ മക്രോണിന് അടിതെറ്റി; പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി

പാരിസ്: ഫ്രാന്‍സ് ദേശീയ അംബ്ലിയിലേക്ക് നടന്ന രണ്ടാംഘട്ട പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് തിരിച്ചടി. ഇടതു പാര്‍ട്ടികളുടെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ മക്രോണിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റു പോലും നേടാനാകാതെയാണ് മക്രോണിന്റെ മോഡറേറ്റ് പാര്‍ട്ടി തിരിച്ചടി നേരിട്ടത്. മറ്റു പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് ഭൂരിപക്ഷം നേടിയില്ലെങ്കില്‍ മക്രോണിന് ഭരണം നഷ്ടമാകും.

577 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 289 സീറ്റുകളാണ് വേണ്ടത്. പക്ഷേ മക്രോണിന്റെ മോഡറേറ്റ് പാര്‍ട്ടിക്ക് 245 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. എതിര്‍ കക്ഷിയായ ഴാങ് ലക് മെലന്‍കോണിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ഇടതു സഖ്യം 200 സീറ്റുകള്‍ നേടി.

സോഷ്യലിസ്റ്റ് പാര്‍ട്ടി, ഗ്രീന്‍സ്, ഴാങ് ലക് മെലന്‍കോണിന്റെ ഫ്രാന്‍സ് അണ്‍ബൗഡ് പാര്‍ട്ടി എന്നിവയ്‌ക്കൊപ്പം കമ്യുണിസ്റ്റ് പാര്‍ട്ടിയും സഖ്യത്തിലായതോടെയാണ് മക്രോണിന് തിരിച്ചടിയായത്. കഴിഞ്ഞ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന് 60 സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് മൂന്നിരട്ടിയിലേറെയായി.

രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് മക്രോയ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. ഭൂരിപക്ഷം ലഭിക്കാതാകുന്നതോടെ മക്രോണ്‍ ആസൂത്രണം ചെയ്ത പരിഷ്‌കരണ നയങ്ങള്‍ തുലാസിലാകും. നികുതി വെട്ടിക്കുറക്കല്‍, ക്ഷേമ പദ്ധതികളുടെ പരിഷ്‌കരണം, വിരമിക്കല്‍ പ്രായം ഉയര്‍ത്തല്‍ തുടങ്ങിയ സമൂലമായ പരിഷ്‌കാരങ്ങളാണ് മക്രോണ്‍ നടപ്പാക്കാന്‍ ലക്ഷ്യംവച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.