ബോഗോട്ട: കൊളംബിയയുടെ രാഷ്ട്രീയ ഭൂപടത്തിന് ചുവപ്പ് നിറം നല്‍കി ഇടത് നേതാവും മുന്‍ ഗറില്ല പോരാളിയുമായ ഗുസ്താവോ പെട്രോ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കൊളംബിയയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ഇടതു നേതാവ് ഭരണനേതൃ സ്ഥാനത്തേക്ക് വരുന്നത്. ഞായറാഴ്ച്ച നടന്ന തിരഞ്ഞെടുപ്പില്‍ 50.47 ശതമാനം വോട്ടുകള്‍ പെട്രോ നേടി.
രാഷ്ട്രീയ, സാമൂഹ്യ അസമത്വവും വര്‍ദ്ധിച്ച ജീവിത ചെലവും കോളംബിയയുടെ ജനജീവിതം ദുസഹമാക്കിയ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബുക്കാറമാംഗയിലെ മുന്‍ മേയറും ബിസിനസുകാരനുമായ റോഡോള്‍ഫോ ഹെര്‍ണാണ്ടസിനെയാണ് പെട്രോ പരാജയപ്പെടുത്തിയത്. മിക്കവാറും എല്ലാ ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ഹെര്‍ണാണ്ടസിന് 47.27 ശതമാനം വോട്ടുകളെ ലഭിച്ചുള്ളു. ഭൂരിപക്ഷ ഉറപ്പായതോടെ പെട്രോയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതു ജനങ്ങളുടെ വിജയമാണെന്ന് ഫലം പുറത്തുവന്ന ശേഷം പെട്രോ ട്വീറ്റ് ചെയ്തു. ഐക്യത്തിനുള്ള ആഹ്വാനമായിരുന്നു വിജയിച്ച ശേഷമുള്ള പെട്രോയുടെ ആദ്യ പ്രസംഗം. തന്റെ കടുത്ത വിമര്‍ശകരില്‍ ചിലര്‍ക്ക് അദ്ദേഹം ഒലിവ് ശാഖ കൈമാറി. കൊളംബിയയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷത്തിലെ എല്ലാ അംഗങ്ങളേയും പ്രസിഡന്റിന്റെ വസതിയിലേക്ക് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
''ഈ സര്‍ക്കാരില്‍ നിന്ന് ഒരിക്കലും രാഷ്ട്രീയ പീഡനമോ നിയമപരമായ പീഡനമോ ഉണ്ടാകില്ല, ബഹുമാനവും സംഭാഷണവും മാത്രമേ ഉണ്ടാകൂ, വിമര്‍ശകരെ മാത്രമല്ല, നിശബ്ദരായി നില്‍ക്കുന്നവരെയും ശ്രദ്ധിക്കും.'' പെട്രോ പറഞ്ഞു. പരാജയം അംഗീകരിക്കുന്നതായി റോഡോള്‍ഫോ ഹെര്‍ണാണ്ടസും ട്വീറ്റ് ചെയ്തു.
നിയുക്ത പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്ക് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അഭിന്ദനം അറിയിച്ചു. ''സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പില്‍ അധികാരം വിനിയോഗിച്ച കൊളംബിയയിലെ ജനങ്ങളെ ആദ്യം അഭിനന്ദിക്കുന്നു. യുഎസ്-കൊളംബിയ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രാജ്യങ്ങളെ മികച്ച ഭാവിയിലേക്ക് നയിക്കുന്നതിനും നിയുക്ത പ്രസിഡന്റുമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.'' ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പെട്രോയുടെ വിജയത്തെ 'ചരിത്രപരം' എന്നാണ് വിശേഷിപ്പിച്ചത്. കൊളംബിയക്കാര്‍ ധീരരും ഉറച്ച മനസുമുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.
1980 കളില്‍ ഗറില്ല ആര്‍മിയിലെ പോരാളിയായിരുന്നു പെട്രോ. കൊളംബിയയയുടെ തലസ്ഥാനമായ ബൊഗോട്ടയുടെ മേയറായ അദ്ദേഹം പിന്നീട് സെനറ്റ് അംഗവുമായി. സാമൂഹ്യ പ്രവര്‍ത്തകയായ ഫ്രാന്‍സിയ മാര്‍ക്വേസ് ആയിരിക്കും വൈസ് പ്രസിഡന്റ്. കൊളംബിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കറുത്ത വര്‍ഗക്കാരി വൈസ് പ്രസിഡന്റാകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.