കൂടുതല്‍ പ്രതിരോധ സഹകരണത്തിന് ഇന്ത്യ-ഓസ്ട്രേലിയ ധാരണ; ചൈനീസ് ഭീഷണി പ്രധാന വിഷയം

കൂടുതല്‍ പ്രതിരോധ സഹകരണത്തിന് ഇന്ത്യ-ഓസ്ട്രേലിയ ധാരണ; ചൈനീസ് ഭീഷണി പ്രധാന വിഷയം

ന്യൂഡല്‍ഹിയിലെത്തിയ ഓസ്ട്രേലിയന്‍ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാര്‍ലെസിനെ സ്വീകരിക്കുന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്‌

ന്യൂഡല്‍ഹി: ചൈനയുടെ അധിനിവേശ ഭീഷണി നിലനില്‍ക്കുന്ന പസഫിക്കിലെ നാവിക കരുത്ത് വര്‍ധിപ്പിക്കാന്‍ ഇന്ത്യ-ഓസ്ട്രേലിയ ധാരണ. ഓസ്ട്രേലിയന്‍ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാര്‍ഡ് മാര്‍ലെസും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമാണ് ന്യൂഡല്‍ഹിയില്‍ ഇതുസംബന്ധിച്ച കൂടിക്കാഴ്ച നടത്തിയത്. ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി ആന്റണി അല്‍ബനീസി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് ഉന്നത തലത്തില്‍ ഇന്ത്യ-ഓസ്ട്രേലിയ കൂടിക്കാഴ്ച നടക്കുന്നത്.

ചൈനയുമായി ഇരു രാജ്യങ്ങളും സാമ്പത്തികവും സൈനികവുമായി ഒരുപോലെ ഇടഞ്ഞിരിക്കുന്ന വേളയിലാണ് ഓസ്ട്രേലിയ-ഇന്ത്യ കൂടിക്കാഴ്ച്ച എന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ ലംഘിച്ചുള്ള ചൈനീസ് യുദ്ധക്കപ്പലുകളുടെ നീക്കങ്ങള്‍ ഇന്ത്യയെയും ഓസ്ട്രേലിയെയും ഒരു പോലെ അലോസരപ്പെടുത്തുന്നുണ്ട്.

രണ്ടു രാജ്യങ്ങളും സൈനിക ബന്ധം കൂടുതല്‍ വിപുലീകരിക്കാനും പ്രതിരോധ സാങ്കേതിക വിദ്യയില്‍ സഹകരണം ശക്തമാക്കാനും കൂടിക്കാഴ്ച്ചയില്‍ തീരുമാനമെടുത്തു. നിലവില്‍ ക്വാഡ് സഖ്യത്തിന്റെ ഭാഗമായുള്ള പ്രതിരോധ സഹകരണമുണ്ടെങ്കിലും സംയുക്ത സൈനിക പരിശീലനം, രഹസ്യ വിവരങ്ങള്‍ കൈമാറല്‍, ആയുധ കൈമാറ്റം, സൈനിക നിര്‍മ്മാണ രംഗത്തെ പങ്കാളിത്തം എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ധാരണ.

'ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഇരു രാജ്യങ്ങളുടെയും ഏറ്റവും വലിയ സുരക്ഷാ ഭീഷണിയും ചൈനയാണ്. സങ്കീര്‍ണമായ ഈ പ്രശ്നത്തെ അനുരഞ്ജന വഴിയിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സുഹൃദ് രാജ്യങ്ങള്‍ ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യേണ്ട സമയമാണിതെന്ന് റിച്ചാര്‍ഡ് മാര്‍ലെസ് പറഞ്ഞു.

അടുത്തിടെയായി ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണവും സംയുക്ത സൈനികാഭ്യാസവും ഓസ്‌ട്രേലിയ വര്‍ധിപ്പിച്ചിട്ടുണ്ട്. യു.എസും ജപ്പാനും ചേര്‍ന്നുള്ള ഇന്ത്യയുടെ മലബാര്‍ നാവിക അഭ്യാസത്തില്‍ ഓസ്ട്രേലിയയും പങ്കാളിയായിരുന്നു.

ലഡാക്കില്‍ ഇന്ത്യക്കെതിരെ ചൈനയുടെ വെല്ലുവിളികളെ അതിജീവിക്കാന്‍ പസഫിക് കേന്ദ്രമാക്കി എല്ലാ സഹായവും തുടരുമെന്ന ഉറപ്പും ഓസ്ട്രേലിയ നല്‍കി. 2020-ല്‍ ഇന്ത്യക്കെതിരെ ലഡാക്കില്‍ ചൈന നടത്തിയ അധിനിവേശ ശ്രമം പസഫിക്കിലെ എല്ലാ രാജ്യങ്ങള്‍ക്കും ഒരു മുന്നറിയിപ്പായിരുന്നു. ഉറ്റ സുഹൃത്ത് എന്ന നിലയില്‍ ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാന്‍ ഓസ്ട്രേലിയ എന്നും മുന്നിലുണ്ടാകുമെന്നും ഓസ്ട്രേലിയന്‍ ഉപ പ്രധാനമന്ത്രി പറഞ്ഞു.

സൈനിക വിന്യാസത്തില്‍ ചൈന കൂടുതല്‍ സുതാര്യത പുലര്‍ത്തണമെന്ന് ഓസ്ട്രേലിയ ആവശ്യപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മറ്റേതൊരു രാജ്യത്തേക്കാളും വലിയ അതിമോഹമാണ് ചൈന സൈനിക തലത്തില്‍ വച്ചുപുലര്‍ത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പസഫിക്കില്‍ സ്ഥിതി ചെയ്യുന്ന സോളമന്‍ ദ്വീപുകളുമായുള്ള ചൈനയുടെ സുരക്ഷാ ഉടമ്പടിയും ദക്ഷിണ ചൈനാ കടലിലെ സൈനിക വിപുലീകരണ നീക്കങ്ങളും ചര്‍ച്ചകളില്‍ ഇടംപിടിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.