മുഖക്കുരു ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? മാറ്റാന്‍ ഇതാ ചില ടിപ്‌സ്

മുഖക്കുരു ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? മാറ്റാന്‍ ഇതാ ചില ടിപ്‌സ്

കൗമാരക്കാരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖക്കുരു. ചര്‍മ്മവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എപ്പോഴും നമ്മുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഒന്നു തന്നെയാണ്. അതില്‍ കൂടുതല്‍ പേരെയും അലട്ടുന്ന പ്രശ്‌നം മുഖക്കുരു തന്നെയാണ്. നെറ്റിയിലും കവിളിലും മൂക്കിന്റെ മുകളിലുമൊക്കെ അങ്ങിങ്ങായി കാണപ്പെടുന്ന പഴുപ്പ് നിറഞ്ഞ മുഖക്കുരുക്കള്‍ പലരിലും വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു.

കൗമാരകാലത്ത് പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ കൗമാരത്തിന് ശേഷവും മുഖക്കുരു വരുന്നുവെങ്കില്‍ അതിന് മറ്റ് പല കാരണങ്ങള്‍ ഉണ്ടാകാം.

ചില ബാക്റ്റീരിയകളുടെ പ്രവര്‍ത്തനവും സെബേഷ്യസ് ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന സെബം എന്ന ഹോര്‍മോണിന്റെ അമിത ഉല്‍പാദനവും മറ്റ് പല ഹോര്‍മോണ്‍ വ്യതിയാനങ്ങളും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകുന്നു. സെബം അമിതമായി ഉല്‍പാദിപ്പിക്കപ്പെടുന്നതോടെ സെബേഷ്യസ് ഗ്രന്ഥികളിലെ സുഷിരങ്ങള്‍ അടയുന്നു.

ചിലയിനം ബാക്റ്റീരിയകളുടെ പ്രവര്‍ത്തനഫലമായി ഈ അടഞ്ഞ സുഷിരങ്ങളില്‍ നീര്‍വീക്കം ഉണ്ടാകുന്നു. ഇതാണ് മുഖക്കുരുവായി രൂപാന്തരപ്പെടുന്നത്. മുഖക്കുരു വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

1. ദിവസവും ഉറങ്ങുന്നതിനു മുമ്പ് മുഖം നന്നായി കഴുകുക. മുഖത്തെ മൃതകോശങ്ങളും അധിക എണ്ണമയവും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
2. മുഖത്ത് ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മികച്ച ബ്രാന്‍ഡുകളുടെ ആണെന്ന് ഉറപ്പ് വരുത്തുക.
3. പുറത്തു പോയി വന്ന ശേഷം മുഖം നന്നായി കഴുകി വൃത്തിയാക്കണം.
4. രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖത്തെ മേക്കപ്പ് നിര്‍ബന്ധമായും കഴുകി വൃത്തിയാക്കുക.
5. താരനുള്ളവരില്‍ മുഖക്കുരു കൂടുതലായി കാണപ്പെടാറുണ്ട്. താരന്‍ മുഖത്ത് വീണ് രൂപ കൂപങ്ങള്‍ അടഞ്ഞ് കുരുക്കള്‍ കൂടുതലായി ഉണ്ടാകാം.
6. അമിത വണ്ണത്തിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ മുഖക്കുരുവിലേയ്ക്ക് നയിക്കും.
7. മധുര പലഹാരങ്ങള്‍, ചോക്ലേറ്റ്, പാല്‍ തുടങ്ങിയവ മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. അതുകൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

മുഖക്കുരു പ്രശ്‌നം ഉള്ളവര്‍ ഉപയോഗിക്കേണ്ട രണ്ട് തരം ഫേസ് പാക്കുകള്‍...

ഒന്ന്...

തേന്‍ 1 ടീസ്പൂണ്‍
നാരങ്ങ നീര് 1/2 നാരങ്ങ നീര്
ഇവ രണ്ടും മുകളില്‍ പറഞ്ഞ അളവില്‍ ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. 15 മിനിറ്റിനു ശേഷം മുഖത്ത് പുരട്ടുക. ഈ മിശ്രിതം മുഖത്ത് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം ചെറു ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകുക.

രണ്ട്...

കറ്റാര്‍വാഴ ജെല്‍ 1 സ്പൂണ്‍
മഞ്ഞള്‍ അര സ്പൂണ്‍
കറ്റാര്‍വാഴ ജെല്ലും മഞ്ഞളും നന്നായി ചേര്‍ത്തിളക്കുക. ഇത് മുഖത്ത് തേച്ച് 20 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. കറ്റാര്‍വാഴ ജെല്‍ മാത്രമായി മുഖക്കുരു ഉള്ള ഭാഗത്ത് തേച്ച് രാത്രി ഉറങ്ങാന്‍ പോകാം. രാവിലെ തണുത്ത വെള്ളത്തില്‍ കഴുകുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.