കാസര്‍ഗോഡ് ജില്ലയില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം; കണ്ണൂരിലെ മലയോര മേഖലകളിലും തുടര്‍ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ട്

കാസര്‍ഗോഡ് ജില്ലയില്‍ വിവിധയിടങ്ങളില്‍ നേരിയ ഭൂചലനം; കണ്ണൂരിലെ മലയോര മേഖലകളിലും തുടര്‍ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ട്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. കര്‍ണാടകയുമായി ചേര്‍ന്നു കിടക്കുന്ന ഭാഗങ്ങളിലാണ് ഭൂചലനം ഉണ്ടായത്. കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാണത്തൂര്‍, കല്ലെപ്പള്ളി, പനത്തടി, റാണിപുരം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7.45 ഓടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ അനുഭവപ്പെട്ട പ്രകമ്പനം ആളുകളെ അല്‍പനേരം ഭീതിയിലാക്കി.

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ ഉള്‍പ്പെടെ മലയോര മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ചെറുപുഴ, പാടിച്ചാല്‍, പ്രാപ്പൊയില്‍, കൊന്നക്കാട്, മാലോം, തയ്യേനി എന്നീ മേഖലകളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്.

ഈ സമയത്ത് ഇടിമുഴക്കത്തോടെയുള്ള ശബ്ദം ഉണ്ടായതായും വീടുകളില്‍ പാത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും ചലനമുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലും രാവിലെ ഏഴേമുക്കാലോടെ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ചയിലും ഈ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കര്‍ണാടകയില്‍ സുള്യ താലൂക്കിലാണ് ഭൂചലനം ഉണ്ടായത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടുനിന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.