കോട്ടയം: സീറോ മലബാർ സഭയിലെ വൈദിക പരിശീലന കേന്ദ്രമായ വടവാതൂർ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരി വജ്ര ജൂബിലി നിറവിൽ. 1962 ജൂലൈ മൂന്നിന് ഉദ്ഘാടനം ചെയ്ത സെമിനാരിയുടെ 60–ാം വാർഷികാഘോഷങ്ങളുടെ സമാപനവും പൗരസ്ത്യ ദൈവശാസ്ത്ര വിഷയങ്ങളുടെ പഠനകേന്ദ്രമായ ‘പൗരസ്ത്യ വിദ്യാപീഠത്തിന്റെ’ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഇന്ന് രാവിലെ 11ന് സെമിനാരി ഹാളിൽ നടന്നു.

'വെറും ദൈവശാസ്ത്രം പഠിപ്പിക്കുന്ന ഒരു സ്ഥാപനം മാത്രമായി സെമിനാരികളെ ചുരുക്കരുത്. ലോകത്തിന് ക്രൈസ്തവ മൂല്യങ്ങൾ പ്രദാനം ചെയ്യാൻ കഴിവുള്ളവരെ വാർത്തെടുക്കുന്ന പാഠശാലകളാകണം സെമിനാരികൾ. പഠിക്കുന്ന കുട്ടികളെ മിശിഹാ രഹസ്യം മനസിലാക്കി ക്രിസ്തു ശിഷ്യനായി ജീവിക്കാൻ പ്രാപ്തരാക്കണമെന്ന് ജൂബിലി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

മാർ ജോർജ് ആലഞ്ചേരി
ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. 'സീറോ മലബാർ സഭയ്ക്ക് മാത്രമല്ല കത്തോലിക്കാ സഭയ്ക്കാകമാനം അഭിമാനമാണ് വടവാതൂർ സെമിനാരി. സുറിയാനി പാരമ്പര്യത്തിൽ അടിസ്ഥാനമായ ദൈവശാസ്ത്ര പഠനത്തിന് പ്രാധാന്യം കൊടുക്കുന്ന വടവാതൂർ സെമിനാരിക്ക് എല്ലാ വിവിധ ആശംസകളും മാർ ജോസഫ് പെരുന്തോട്ടം നേർന്നു.

മാർ ജോസഫ് പെരുന്തോട്ടം
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, സീറോ മലങ്കര മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
സീറോ മലബാർ ചരിത്രം, ദൈവശാസ്ത്രം, പൗരസ്ത്യ സുറിയാനി ആരാധാക്രമം, ദൈവശാസ്ത്ര വിജ്ഞാന ശാഖകൾ എന്നിവയിൽ അധിഷ്ഠിതമായി വൈജ്ഞാനിക ശിക്ഷണവും പരിശീലനവും നടപ്പാക്കുന്നതിന് പരിശീലന കേന്ദ്രം വേണമെന്ന ചിന്തയിൽ നിന്നാണ് വടവാതൂരിൽ സെമിനാരി പിറവി എടുക്കുന്നത്. മംഗലപ്പുഴ സെമിനാരി പ്രോക്യുററേറ്ററായിരുന്ന ഫാ. വിക്ടറാണ് സ്ഥലം കണ്ടെത്തിയത്. ചങ്ങനാശേരി മെത്രാൻ മാർ മാത്യു കാവുകാട്ട് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.
എറണാകുളം ആർച്ച് ബിഷപ് മാർ ജോസഫ് പാറേക്കാട്ടിൽ സെമിനാരി വെഞ്ചരിപ്പ് നിർവഹിച്ചു. സീറോ മലബാർ സിനഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് സെമിനാരിയുടെ പ്രവർത്തനം. ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് (ചെയർമാൻ), ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.
സീറോ മലബാർ, സീറോ മലങ്കര സഭകളിലെ വിവിധ രൂപതകളിൽ നിന്നുള്ള വൈദിക വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 24 റസിഡന്റ് പ്രഫസർമാരും 81 വിസിറ്റിങ് പ്രഫസർമാരും സെമിനാരിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. 2072 വൈദികർ ഇതിനോടകം സെമിനാരിയിൽ നിന്നു പഠനം പൂർത്തിയാക്കി.
ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, അപ്പോസ്തലിക് നുൺഷ്യോ മാർ ജോർജ് കോച്ചേരി, മാർ മാത്യു അറയ്ക്കൽ, മാർ റാഫേൽ തട്ടിൽ, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ജേക്കബ് മുരിക്കൻ, മാർ ജോസ് പുളിക്കൽ, മാർ തോമസ് തറയിൽ ഉൾപ്പെടെ 26 ബിഷപ്പുമാർ വടവാതൂർ സെമിനാരിയിലെ പൂർവ വിദ്യാർഥികളാണ്.
മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിറോ മലങ്കര സഭ മുൻ അധ്യക്ഷൻ സിറിൽ മാർ ബസേലിയോസ് തുടങ്ങി ആറ് ബിഷപ്പുമാർ ഇവിടെ അധ്യാപകരായിരുന്നു.
വടവാതൂർ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരി റെക്ടർ ഫാ. ഡോ. സ്കറിയ കന്യാക്കോണിൽ സ്വാഗതം പറഞ്ഞു. അഭിമാനവും സന്തോഷവും നിറഞ്ഞ മുഹൂർത്തമാണ്. സഭയ്ക്കും സമൂഹത്തിനും ഉതകുന്ന നല്ല അജപാലകരെ സൃഷ്ടിക്കാൻ സെമിനാരിക്ക് കഴിഞ്ഞു. പഠിച്ചിറങ്ങിയ വൈദികരിലൂടെ സഭയ്ക്ക് ശരിയായ ദിശാബോധം നൽകാൻ സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദികർ, സന്യസ്തർ, വൈദിക വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ ആഘോഷ പരിപാടിയിൽ പങ്കെടുത്തു. സെമിനാരി അംഗങ്ങൾ അവതരിപ്പിച്ച് വിവിധ കലാപരിപാടികൾ ജൂബിലി ആഘോഷത്തിന് കൂടുതൽ മികവേകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.