തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് യുഡിഎഫ് അടുക്കളയില്‍ വേവിച്ച വിവാദമല്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുകയായിരുന്നു ഷാഫി പറമ്പില്‍. മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണം തെറ്റാണെങ്കില്‍ എന്ത് കൊണ്ട് അപകീര്‍ത്തി കേസ് കൊടുക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തത് പൊലീസ് മനസിലാക്കിയത് സി.സി.ടിവി ദ്യശ്യങ്ങള്‍ നോക്കിയാണ്. സരിത്തിനെ പിടിച്ചു കൊണ്ട് പോയത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കി. എന്നാല്‍ ഇത് ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയാണ് ശ്രദ്ധിക്കേണ്ടതെന്ന് ഷാഫി പറമ്പില്‍ ആഞ്ഞടിച്ചു. 164 കൊടുത്തതിന് ഗൂഢാലോചന കേസെടുക്കുന്നുതത് ഇന്ത്യയിലെ ആദ്യ സംഭവമാണെന്നും സ്വപ്നയ്ക്കെതിരെ കേസെടുത്തത് അസാധാരണമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
അവതാരങ്ങളുടെ ചാകരയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഷാജ് കിരണിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ല. വിജിലന്‍സ് മേധാവിയെ എന്തിന് മാറ്റി. സരിത്തിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പാലക്കാട്ടെ വിജിലന്‍സിന് ആരാണ് അനുമതി നല്‍കിയത്, എന്തിനാണ് എസ്പി യും ഡിവൈഎസ്പിയും ഉള്‍പ്പടെയുള്ള സംഘത്തെ നിയമിച്ചത്, എന്തുകൊണ്ട് ഷാജ് കിരണിന് മൊബൈലുമായി രക്ഷപ്പെടാന്‍ അനുവദിച്ചു, സ്വപ്നയ്ക്ക് എതിരെ രഹസ്യ മൊഴി നല്‍കിയതിന് എങ്ങനെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്, എന്ത് കൊണ്ട് അജിത് കുമാറിനെതിരെ നടപടിയെടുത്തില്ല എന്നിങ്ങനെ ചോദ്യങ്ങളുടെ വന്‍ നിര തന്നെയാണ് ഷാഫി സഭയ്ക്ക് മുന്നില്‍ നിരത്തിയത്.
കൂടാതെ ശിവശങ്കറിന്റെ പുസ്തകം മുഖ്യമന്ത്രിയെ വെളുപ്പിക്കാനാണെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. പുസ്തകമെഴുതിയ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തു. എന്ത് കൊണ്ട് ശിവശങ്കറിനെതിരെ നടപടിയെടുത്തില്ലെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. ഇത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മടിയില്‍ കനമില്ല വഴിയില്‍ പേടിയില്ല എന്ന പൊങ്ങച്ചമല്ല, സത്യസന്ധമായ മറുപടിയാണ് നല്‍കേണ്ടതെന്ന് ഷാഫി പറമ്പില്‍ പരഹിസിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രി പദവിയില്‍ നിന്നൊഴിയണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. സ്വപ്നയ്ക്ക് വിശ്വാസ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് യു ഡി എഫ് അല്ല. അത് എല്‍ ഡി എഫാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഷാഫി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.