തിരുവനന്തപുരം: പീഡന പരാതിയില്‍ ജനപക്ഷം നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റു ചെയ്തു. സോളാര്‍ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിരുവനന്തപുരം മ്യൂസിയം പൊലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എന്നാല്‍ പി.സി ജോര്‍ജിനെതിരെ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയുമായി ബന്ധപ്പെട്ട അറസ്റ്റില്‍ പരക്കേ സംശയമുയരുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലിനു പിന്നില്‍ സ്വപ്‌നയും പി.സി ജോര്‍ജും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പീഡനക്കേസില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനക്കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനിടെയാണ് പി.സി ജോര്‍ജിനെതിരെ പുതിയ കേസെടുത്തത് എന്നതും ശ്രദ്ധേയമാണ്. പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പി.സി ജോര്‍ജിനെതിരെ പരാതി നല്‍കുകയായിരുന്നു. ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ മുറിയില്‍ വിളിച്ചുവരുത്തി പി.സി ജോര്‍ജ് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ ഈ വിവാദ നായിക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വരെ പീഡന പരാതി നല്‍കിയിരുന്നെങ്കിലും കേസ് എങ്ങുമെത്താതെ പോവുകയായിരുന്നു. അതുകൊണ്ടു തന്നെ പി.സി ജോര്‍ജിനെതിരെ ഈ സ്ത്രീ നല്‍കിയിട്ടുള്ള പരാതിക്കു പിന്നിലും ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിണറായി തന്നെ വേട്ടയാടുകയാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും രഹസ്യമൊഴി നുണയാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
ഗൂഢാലോചനക്കേസില്‍ വിളിച്ചു വരുത്തി പീഡനക്കേസില്‍ തന്നെ അറസ്റ്റു ചെയ്യുകയായിരുന്നുവെന്ന് അറസ്റ്റിനു ശേഷം പി.സി ജോര്‍ജ് ആരോപിച്ചു. ഇതുകൊണ്ടൊന്നും താന്‍ തോറ്റു കൊടുക്കില്ലെന്നും പിണറായി വിജയന്‍ രക്ഷപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.