എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം; പ്രതിയെ പിടികൂടുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

എകെജി സെന്റര്‍ ആക്രമണം ആസൂത്രിതം; പ്രതിയെ പിടികൂടുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിസിടിവി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നു പോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രതിയെ പിടികൂടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. സംഭവം ആസൂത്രണം ചെയ്തവര്‍ പ്രതിയെ മറച്ചു പിടിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് നടക്കുന്നത്. കൃത്യമായി തന്നെ പ്രതിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എകെജി സെന്റര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തതില്‍ ആശ്ചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെപിസിസി പ്രസിഡന്റെ കെ.സുധാകരന്‍ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നുവെന്നും അടിയന്തര പ്രമേയ ചര്‍ച്ചയുടെ മറുപടിക്കിടെ മുഖ്യമന്ത്രി ചോദിച്ചു.

തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ സിപിഎം അതിനെ ന്യായീകരിക്കില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റായ നടപടിയാണ്. അത് രഹസ്യമായി പറയുകയല്ല സിപിഎം ചെയ്തത്, നടപടി എടുത്തു. കൂടാതെ സിപിഎം പ്രതികളെ തള്ളിപ്പറഞ്ഞു. അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സര്‍ക്കാരിന് വേണ്ടി മുഖമന്ത്രിയും അത് ശരിയായില്ല എന്ന് പറഞ്ഞു. ഇതെന്തുകൊണ്ട് കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

സംഭവം ഉണ്ടായ ഉടന്‍ ഇ.പി. സ്ഥലത്തെത്തിയത് അതിന് തൊട്ടുമുന്നിലെ ഫ്‌ളാറ്റില്‍ അദ്ദേഹം ഉണ്ടായിരുന്നത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.കെ ശ്രീമതി എകെജി സെന്ററില്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോംബിന്റ രീതിയെ കുറിച്ച് തന്നോട് ചോദിക്കുന്നതിനേക്കാള്‍ കെപിസിസി പ്രസിഡന്റിനോട് ചോദിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

വേണ്ടി വന്നാല്‍ പൊലീസ് സ്റ്റേഷനില്‍ ബോംബ് ഉണ്ടാക്കും എന്ന് പറഞ്ഞത് പാര്‍ട്ടി സെക്രട്ടറി അല്ലേ എന്ന വി.ഡി.സതീശന്റെ ചോദ്യത്തിന്, വലിയ ശബ്ദമുണ്ടാക്കുന്ന ബോംബ് നാടന്‍ രീതിയില്‍ ഉണ്ടാക്കാനാകുമെന്ന് ദശാബ്ദങ്ങള്‍ക്കു മുന്‍പ് തെളിയിച്ചിട്ടുണ്ട് കെ സുധാകരന്‍ എന്ന് മുഖ്യമന്ത്രിയും പറഞ്ഞു. എകെജി സെന്ററിന്റെ ഒരു ചില്ലെങ്കിലും എറിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ് ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അയാളെയാണ് പൊലീസ് ചോദ്യം ചെയ്തത്. അത് സ്വാഭാവിക നടപടി മാത്രമാണെന്നും പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.

തന്റേത് സുപരീക്ഷിത ജീവിതമാണെന്ന് മുഖ്യമന്ത്രി. അതുകൊണ്ട് എല്ലാം ചിരിച്ച് കൊണ്ട് നേരിടും. മടിയില്‍ കനം ഇല്ലാത്തത് കൊണ്ട് മാത്രം അല്ല, ജീവിതത്തില്‍ ശുദ്ധിയുള്ള ആള്‍ക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല. ജീവിതത്തില്‍ ശുദ്ധി പുലര്‍ത്താന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താല്‍ക്കാലിക ലാഭത്തിന് വേണ്ടി തെറ്റ് ചെയ്യരുതെന്നും മുഖ്യമന്ത്രി മറ്റുള്ളവരെ ഉപദേശിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയം തള്ളിയതായി സ്പീക്കര്‍ എം.ബി.രാജേഷ് വ്യക്തമാക്കി. അതേസമയം ഉന്നയിച്ച വിഷയത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.