ഫൊക്കാന 2022 കവിതയ്ക്കുള്ള സാഹിത്യ പുരസ്കാരത്തിന് ജേ സി ജെ ( ജേക്കബ് ജോൺ ) അർഹനായി

ഫൊക്കാന 2022 കവിതയ്ക്കുള്ള സാഹിത്യ പുരസ്കാരത്തിന്  ജേ  സി ജെ ( ജേക്കബ് ജോൺ ) അർഹനായി

നാളെ പുലർകാലെ : കവിത
ജേ സി ജെ ( ജേക്കബ് ജോൺ )
ഫോക്കാന 2022 കവിതയ്ക്കുള്ള പുരസ്കാരം ലഭിച്ച 'പരിഭ്രമത്തിന്റെ പാനപാത്രം' എന്ന കവിതാ സമാഹാരത്തിൽ നിന്നും.
(തിരുവനന്തപുരത്ത് ജനനം. പട്ടം സെയിന്റ് മേരിസിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിക്സിൽ ബിരുദം. തുടർന്ന് ഇoഗ്ലീഷ് ബിരുദാനന്തര ബിരുദത്തിന് പഠിച്ചു. റവന്യു ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. 1992ൽ വടക്കേ അമേരിക്കയിലേക്ക് കുടിയേറി. കഴിഞ്ഞ മുപ്പത് വർഷമായി ന്യുയോർക്കിൽ സ്ഥിര താമസം. 'സഹ്യപുത്രി', 'പരിഭ്രമത്തിന്റെ പാനപാത്രം', 'ദൈവത്തിന്റെ സ്നേഹിതൻ' എന്നീ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഓൺലൈൻ-നവമാധ്യമങ്ങളിൽ എഴുതുന്നു.
സഹധർമ്മിണി ഉഷാ ജേക്കബ്, മക്കൾ ജയ്സൺ ജേക്കബ്, ക്രിസ്റ്റീനാ ജേക്കബ്.)
'നാളെ പുലർകാലെ' ചൊല്ലിപ്പഠിക്കുന്ന
ബാലമനസ്സിന്റെ ശാപം "പുലരാതെ
പോവട്ടെ നാളെകൾ" നാളെ പുലർന്നാലും
ലോകമുണർന്നാലും മുൻഷി ഉണരാ-
തിരിക്കുവാൻ പ്രാർത്ഥന, കണ്ണുനീരിൽ
കുതിർന്നുള്ളൊരു പ്രാർത്ഥന.
കാവ്യാമൃതം കൈപ്പുനീരായ് കുടിക്കുന്ന
കുഞ്ഞുകണ്ഠത്തിന്നിടർച്ചയ്ക്കു കാരണം:
കാണാതെ പദ്യം പഠിച്ചു ചൊല്ലീടണം
അല്ലെങ്കിൽ ചൂരലിൻ ചൂടറിഞ്ഞീടണം.
'സ്വാരസ്യപീയുഷസാരസർവ്വസ്വ' ത്തിൽ
കൈപ്പുകലർത്തുന്ന ഭീകരരൂപീയാം
മുൻഷി ചൂരൽവടി മൂളിച്ചു നിൽക്കുന്നു
കാവ്യാമൃതേ കണ്ണീരുപ്പു കലർത്തുന്നു.
കാവ്യാലങ്കാരങ്ങൾ ബോർഡിലഴിച്ചിട്ടു,
ലക്ഷണം ചൊല്ലുവാനാജ്ഞ കൊടുത്തിട്ടു,
ചൂരൽവടിയാലെ പിഞ്ചുഹൃദയത്തിലൂറും
കവിതയിൽ കണ്ണീർ കലർത്തുമ്പോൾ
അല്ലേ, ഭരതാ, നിനക്കൊപ്പം കേണു ഞാൻ
കോപാന്ധനാവുന്നു നിന്നെപ്പോലെ.
പോവുക കാവ്യത്തെ തേടി നാമേവരും
കാവ്യാംഗനാ കാടുകേറി മറഞ്ഞാലും.
പദ്യമൊരീരടി തെറ്റിയാൽ തല്ലുന്ന
ചൂരലൊഴിവാക്കി, 'ആനകശംഖ
പടഹവാദ്യത്തോടെ' പോക നാം
നാളെ പുലർകാലെ പോക നാം.
അക്കാൽ ചിലമ്പൊലി കേൾക്കുന്ന നാൾവരെ
'താപസവേഷം ധരിച്ചു ജട പൂണ്ടു'
താപം കലർന്നു വസിക്കുക തോഴരെ
താപം കലർന്നു വസിക്കുക തോഴരെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.