വാക്കുകളാലല്ല, പ്രവൃത്തിയാല്‍ നല്‍കുന്ന സാക്ഷ്യമാണ് പ്രധാനം: ഫ്രാന്‍സിസ് പാപ്പ

വാക്കുകളാലല്ല, പ്രവൃത്തിയാല്‍ നല്‍കുന്ന സാക്ഷ്യമാണ് പ്രധാനം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: പരസ്പര ബഹുമാനത്തിലും സഹോദര സ്‌നേഹത്തിലും അധിഷ്ഠിതമായ സാക്ഷ്യത്തിലൂടെ നാം യേശുവിനെ പ്രഘോഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച (ജൂലൈ 03) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. ത്രികാല പ്രാര്‍ത്ഥനയോടനുബന്ധിച്ചായിരുന്നു മാര്‍പാപ്പയുടെ സന്ദേശം. പരസ്പര ബഹുമാനത്തിലും സഹോദര സ്‌നേഹത്തിലും യേശുവിന് സാക്ഷ്യം വഹിക്കാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പാപ്പയുടെ സന്ദേശം.

വിശുദ്ധ കുര്‍ബാന മധ്യേ വായിക്കപ്പെട്ട വിശുദ്ധ ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായം ഒന്നു മുതല്‍ പന്ത്രണ്ടു വരെയും പതിനേഴു മുതല്‍ ഇരുപതു വരെയും ഉള്ള വാക്യങ്ങളാണ് മാര്‍പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്.

ദൈവരാജ്യം പ്രഘോഷിക്കാന്‍ യേശു എഴുപത്തിരണ്ട് പേരെ ഒറ്റയ്ക്ക് അയയ്ക്കുന്നതിനു പകരം രണ്ടു പേരെ വീതമായി അയക്കുന്നതും അവര്‍ തങ്ങളുടെ ദൗത്യനിര്‍വ്വഹണത്തിന് ശേഷം തിരികെ വരുന്നതുമായ സുവിശേഷ ഭാഗമാണ് പാപ്പ വിശദീകരിച്ചത്.

സുവിശേഷ പ്രഘോഷണത്തിനായി അവരെ ഒറ്റയ്ക്ക് അയയ്ക്കുന്നതിനു പകരം യേശു അങ്ങനെ ചെയ്തത് എന്തുകൊണ്ടാണെന്ന് പാപ്പ വിശദീകരിച്ചു.

'അനന്തരം, കര്‍ത്താവ് വേറെ എഴുപത്തി രണ്ടു പേരെ തെരഞ്ഞെടുത്ത്, താന്‍ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിന്‍ പുറങ്ങളിലേക്കും ഈരണ്ടു പേരായി അവരെ തനിക്കു മുമ്പേ അയച്ചു' (ലൂക്കാ 10: 1).

ഒരു ദൗത്യത്തിനായി രണ്ടുപേര്‍ പോകുന്നത് പ്രായോഗികമായ വീക്ഷണത്തില്‍ ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷമുണ്ടാക്കുമെന്ന് തോന്നാം. രണ്ടു പേരും തമ്മില്‍ ഒത്തുപോകാതിരിക്കാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ വ്യത്യസ്ത വേഗതയില്‍ അവര്‍ മുന്നോട്ട് പോയേക്കാം. എന്നാല്‍ യേശു ചിന്തിച്ചത് മറിച്ചാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

ഒറ്റയ്ക്കാണെങ്കില്‍ യാത്ര കൂടുതല്‍ വേഗതയുള്ളതും തടസങ്ങളില്ലാത്തതായും തോന്നും. എന്നാല്‍ യേശു അപ്രകാരമല്ല ചിന്തിക്കുന്നത്. കര്‍ത്താവിന്റെ ഈ തിരഞ്ഞെടുപ്പിനുള്ള കാരണം എന്താണ്?

ഗ്രാമങ്ങളിലേക്കു മുന്‍പേ പോയി യേശുവിനെ സ്വീകരിക്കാനായി ആളുകളെ ഒരുക്കുക എന്നതാണ് ശിഷ്യന്മാരുടെ ചുമതല. അവര്‍ എന്ത് സംസാരിക്കണം എന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ എങ്ങനെയായിരിക്കണം എന്ന കാര്യത്തെക്കുറിച്ചാണ് യേശു നിര്‍ദേശം നല്‍കുന്നത്. വാക്കുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ക്കു നല്‍കേണ്ട ജീവിത സാക്ഷ്യത്തില്‍ ഊന്നല്‍ നല്‍കിയാണ് യേശു നിര്‍ദേശം നല്‍കുന്നത്.

'അവിടുന്ന് അവരെ ജോലിക്കാര്‍ എന്ന് നിര്‍വചിക്കുന്നു. ദൈവ വേല ചെയ്യുന്നതിനായി, തങ്ങളുടെ പെരുമാറ്റരീതിയിലൂടെ സുവിശേഷം അറിയിക്കുന്നതിനായി വിളിക്കപ്പെട്ടവരാണവര്‍.

ശിഷ്യന്മാര്‍ സ്വന്തം ഇഷ്ടപ്രകാരം സംസാരിക്കുന്നവരോ അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് സംസാരിക്കാന്‍ അനുവാദം കൊടുക്കാത്തവരോ അല്ല. പ്രാഥമികമായി ശിഷ്യന്മാരുടെ ജീവിതത്തിലൂടെയാണ് സുവിശേഷം അറിയിക്കുന്നത്.

ഒരുമിച്ച് നില്‍ക്കാനുള്ള സന്നദ്ധതയും പരസ്പരം ബഹുമാനിക്കാനും തങ്ങള്‍ മറ്റുള്ളവരേക്കാള്‍ കഴിവുള്ളവരാണെന്ന് തെളിയിക്കാന്‍ പരിശ്രമിക്കാതിരിക്കുന്നതും ഗുരുവിനെക്കുറിച്ച് ഏകകണ്ഠമായി മറ്റുള്ളവരോട് പറഞ്ഞുകൊടുക്കുന്നതും ഒക്കെ ചേരുന്ന ശിഷ്യന്മാരുടെ ജീവിതം തന്നെയാണ് സുവിശേഷ പ്രഘോഷണമായി മാറുന്നത്.

എല്ലാം തികഞ്ഞ അജപാലന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും വലിയ ജനക്കൂട്ടത്തെ വിളിച്ചുകൂട്ടാനും നിങ്ങള്‍ക്കു കഴിഞ്ഞേക്കാം. എന്നാല്‍ അവിടെ സാഹോദര്യത്തിന്റെ മനോഭാവം ഇല്ലെങ്കില്‍ സുവിശേഷ ദൗത്യത്തിന് മുന്നോട്ട് പോകാനാവില്ലെന്ന് മാര്‍പ്പാപ്പ ഓര്‍മിപ്പിച്ചു.

ഒരിക്കല്‍ ഒരു മിഷനറി സഹ മിഷനറിയുമായി ആഫ്രിക്കന്‍ രാജ്യത്തിലേക്കു പോയതിനെക്കുറിച്ച് പാപ്പ അനുസ്മരിച്ചു. കുറച്ചു നാളുകള്‍ക്കു ശേഷം അദ്ദേഹം മറ്റേയാളില്‍ നിന്ന് വേര്‍പിരിഞ്ഞ്, ഒരു ഗ്രാമത്തില്‍ സമൂഹത്തിന്റെ നന്മയ്ക്കായി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടത്തി. എല്ലാം നന്നായി മുന്നോട്ടുപോയി. താന്‍ ഒരു മികച്ച സംരംഭകനായി മാറിയെന്ന് മിഷനറി മനസിലാക്കി. എന്നാല്‍ ഇതോടെ അദ്ദേഹത്തിന് ഒരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. പദ്ധതികളൊക്കെ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുത്ത് സഹ മിഷനറിക്കൊപ്പം വീണ്ടും ചേര്‍ന്നു. കര്‍ത്താവ് 'ഈരണ്ടു പേര്‍ വീതം' അയച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം മനസിലാക്കി.

സുവിശേഷ ദൗത്യം വ്യക്തിപരമായ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, അതായത് 'ചെയ്തുകൂട്ടുക' എന്നതിനെ അടിസ്ഥാനമാക്കിയല്ല മറിച്ച്, ഒരുമിച്ചുള്ള ജീവിതം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന സഹോദര സ്‌നേഹത്തിന്റെ സാക്ഷ്യത്തില്‍ അടിസ്ഥാനമാക്കിയുള്ളതാണ്

സാഹോദര്യ മനോഭാവത്തോടും ശൈലിയോടും കൂടിയാണോ അതോ മത്സരബുദ്ധിയോടും തന്‍കാര്യമെന്ന പ്രാമുഖ്യമനോഭാവത്തോടും കൂടിയാണോ സുവിശേഷത്തിന്റെ സുവാര്‍ത്ത നാം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതെന്ന് സ്വയം ചോദിക്കാം. മറ്റുള്ളവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നാം സന്നദ്ധരാണോ, ഒരുമിച്ച് തീരുമാനമെടുക്കാന്‍ കഴിയുമോ എന്ന് തിരിച്ചറിയാം.

സാഹോദര്യത്തിന്റെ സാക്ഷ്യത്തോടെ കര്‍ത്താവിനായി വഴിയൊരുക്കാന്‍ പരുശുദ്ധ കന്യകാമറിയം നമ്മെ പഠിപ്പിക്കട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ടാണ് മാര്‍പാപ്പ സന്ദേശം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26