കുട്ടികള്‍ക്ക് ദേശീയ ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം; അവസാന തിയതി സെപ്റ്റംബര്‍ 15

കുട്ടികള്‍ക്ക് ദേശീയ ധീരതാ അവാര്‍ഡിന് അപേക്ഷിക്കാം; അവസാന തിയതി  സെപ്റ്റംബര്‍ 15

തിരുവനന്തപുരം : കുട്ടികള്‍ക്കായുള്ള ധീരതാ പ്രവര്‍ത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി ഇന്ത്യൻ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന ദേശീയ ധീരതാ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നല്‍കണം. സംഭവം നടക്കുമ്പോള്‍ ആറിനും 18 വയസിനുമിടയ്ക്കുള്ള അര്‍ഹരായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ തിന്‍മകള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയില്‍ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകള്‍ പറ്റുമെന്നതൊന്നും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആസ്പദമായ സംഭവങ്ങള്‍ക്കാണ് അവാര്‍ഡ്.

2021 ജൂലൈ ഒന്നിനും 2022 സെപ്റ്റംബര്‍ 30 നും ഇടയിക്കായിരിക്കണം സംഭവം. 2021 ജൂലൈ ഒന്നിന് മുന്‍പുള്ള ആറ് മാസത്തെ കാലയളവില്‍ നടന്ന ധീര സംഭവങ്ങളും അനുയോജ്യമെന്ന് കണ്ടാല്‍ പരിഗണിക്കും. അതു കൂടി ഉള്‍പ്പെട്ടാവും അവാര്‍ഡ് പ്രഖ്യാപനം. അപേക്ഷാ ഫോറം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ www.iccw.co.in എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

സംസ്ഥാന ശിശുക്ഷേമ സമിതിയിലും ഫാറം ലഭ്യമാണ്. ഇതിനായി 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറില്‍ അഡ്രസ് സഹിതം അയക്കണം. പൂരിപ്പിച്ച അപേക്ഷ, അവാര്‍ഡിനര്‍ഹമായ പ്രവൃത്തി സംബന്ധിച്ച്‌ ഇംഗ്ലീഷില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്, ഇത് സംബന്ധിച്ച പത്രവാര്‍ത്തകള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തത്, മറ്റ് അനുബന്ധ രേഖകളും മൂന്ന് പാസ് പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മൂന്ന് സെറ്റ് കോപ്പികള്‍ ജനറല്‍ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്.പി.ഒ, തിരുവനന്തപുരം- 695014 എന്ന വിലാസത്തില്‍ അയക്കണം.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറില്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 15 ആണ്. അതിനാല്‍ അവാര്‍ഡിന് വേണ്ടിയുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 15 ന് മുമ്പ് സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ ലഭിക്കണം. സംസ്ഥാന ശിശുക്ഷേമ സമിതിയായിരിക്കും ദേശീയ അവാര്‍ഡിന് ശുപാര്‍ശ ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.