മലയാള കവിതയുടെ ശാദ്വലതയും ഊഷരതയും സ്വന്തം തുലികത്തുമ്പിലേക്ക് ആവാഹിച്ച ആധുനിക കവിയാണ് എന്‍.എന്‍. കക്കാട്. കവിത്രയത്തിനും കാല്പനിക കിലുകിലാരവങ്ങള്‍ക്കും ശേഷം യഥാതഥമായ ആശയാവിഷ്കാരമാണ് പുതുകവിതയുടെ വഴി എന്നു പ്രഖ്യാപിച്ച കാമ്പുള്ള കവിതകളുടെ കര്‍ത്താവാണ് നാരായണന്‍ നമ്പുതിരി കക്കാട് എന്ന എന്‍.എന്‍. കക്കാട്.
ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്ന കാവ്യമഹാമേരുക്കള്‍ക്കുശേഷം, ജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, ചങ്ങമ്പുഴ, ഇടപ്പള്ളി, പാലാ, മേരി ബനീജ്ഞ, പി. കുഞ്ഞിരാമന്‍നായര്‍ തുടങ്ങിയവരുടെ കാല്പനിക ഭാഷ്യങ്ങളും വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി. തുടങ്ങിയവരുടെ വിപ്ലവ ഭാഷണങ്ങളും ഇടശേരി, വൈലോപ്പിള്ളി, എന്‍.വി. കൃഷ്ണവാര്യര്‍, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, കെ.ജി. ശങ്കരപ്പിള്ള എന്നിവരുയര്‍ത്തിയ പ്രതിബോധധാരകളും ഏറ്റുവാങ്ങിയ മലയാള കവിതയ്ക്ക് ഒരു പുതുവഴി നിര്‍മാണത്തിന്റെ അക്ഷരവഴിപാടായിരുന്നു കക്കാട്.
ശലഭഗീതം, 1963, പാതാളത്തിന്റെ മുഴക്കം, വ്രജകുണ്ഠലം, സഫലമീയാത്ര തുടങ്ങി ഒട്ടനവധി കാവ്യ സമാഹാരങ്ങളിലൂടെ അദ്ദേഹം മലയാള കവിതാരാമത്തില്‍ തനിമയുടെ സുഗന്ധമായി.
“ഇരുവഴിയില്‍ പെരുവഴിനല്ലൂ, പെരുവഴിയേ പോ ചങ്ങാതീ” എന്നു തുടങ്ങുന്ന 'വഴിവെട്ടുന്നവരോട്' എന്ന കവിതയാണ് കക്കാടിന്റെ വരവറിയിച്ചത്.
പരമ്പരാഗതവും സാമ്പ്രദായികവുമായ കാവ്യപാതകളിലൂടെ ചരിക്കുന്നവര്‍ക്ക് അപരിചതമായ അനുഭവങ്ങളില്ല. അനിശ്ചിതത്വത്തിന്റെ ഇരുള്‍ക്കാടുകളില്ല. എന്നാല്‍, പുതിയ വഴിവെട്ടുന്നവര്‍ക്ക് എന്നും പ്രതിസന്ധികളേ ഉള്ളു. എന്നാല്‍, വിമര്‍ശനങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിച്ച് നീ പുതുവഴി വെട്ടിയാലോ? “ആ വഴിയെ പുമാലകളും തോരണവും കുലവാഴകളും നിറപറയും താലപ്പൊലിയും കുരവകളും കുത്തുവിളക്കും പൊന്‍പട്ടം കെട്ടിയൊരാനക്കൊമ്പനുമമ്പാരിയുമായി, ഊരെഴുന്നള്ളിപ്പോം നിന്നെ” എന്ന കാലികസമൂഹത്തിന്റെ ദാര്‍ശനിക നാട്യം അദ്ദേഹം വാക്കുകളാല്‍ വരയ്ക്കുകയാണ്.
ഒടുക്കം പുതുവഴി വെട്ടിയ വ്യക്തിയെ സമൂഹം മഹാത്മാവാക്കും. അദ്ദേഹത്തിന് മണ്ഡപം നിര്‍മിക്കും. എന്നിട്ടോ, “പെരുവഴിയേ പോകും നമ്മള്‍ പുതുവഴി വഴിപാടിനു മാത്രം! 'ആ കാപട്യം നിറഞ്ഞ കാവ്യ സദാചാരത്തിന്റെ മുഖംമൂടി വലിച്ചുകീറുവാനുള്ള ദാര്‍ശനിക ധാര്‍ഷ്ട്യം ആയിരുന്നു കവി എന്ന നിലയില്‍ കക്കാടിന്റെ കൈമുതല്‍.
വൈകാരികതയ്ക്കും മോഹസകങ്കല്പങ്ങള്‍ക്കുമിപ്പുറം മര്‍ത്യജീവിതത്തിന്റെ പരുപരുത്ത അനുഭവ ങ്ങളിലൂടെ തൂലിക ഊന്നുവടിയാക്കി അദ്ദേഹം ഇടറാതെ നീങ്ങി. “നഷ്ടമുല്യങ്ങളുടെ വിഷാദം' തന്നെയാണ് കക്കാടിന്റെ കവിതകളുടെ മുഖ്യമായ അടിയൊഴുക്ക്. സ്വാത്മാവില്‍ വിലയിച്ച അവയ്ക്ക് പുതിയ ചിറകുകള്‍ നല്കുന്നത് കക്കാടിന്റെ സ്വന്തം തപസുതന്നെ.
ആ തപസാകട്ടെ സ്വന്തം പാരമ്പര്യത്തിലേക്കുള്ള ചുഴിഞ്ഞിറങ്ങലാകുന്നു. നമ്മുടെ മൂല്യസങ്കല്പങ്ങളെ വിഴുങ്ങാന്‍ വരുന്ന പൈശാചികതകള്‍ക്ക് പ്രതീകമായി കക്കാടിന്റെ കവിതകളില്‍ വേതാളം, രക്ത രക്ഷസ്, കോമ്പല്ലുകള്‍ തുടങ്ങിയ പ്രതീകങ്ങള്‍ കടന്നുവരുന്നു, എന്ന് കക്കാടിന്റെ കവിതയെപ്പറ്റി ഡോ.എം. ലീലാവതി സാക്ഷ്യപ്പെടുത്തുന്നു.
മലയാള കവിതയിലെ വളര്‍ച്ചയുടെ നിമ്നോന്നതങ്ങളറിയാന്‍ ഇന്നത്തെ വിദ്യാര്‍ഥികള്‍ കവിത വായിക്കണം. വ്യത്യസ്തമായ കാവ്യ രചനാ ശൈലികളിലൂടെ യാത്രചെയ്യണം.
“കുന്നുകളെല്ലാം മാഞ്ഞൂ ധരയില്‍, കുന്നായ്മകളുടെ കുന്നുകള്‍ കാണ്‍കെ”എന്ന് 'കുടുംബ പുരാണം' എന്ന കവിതയില്‍ ഡോ. അയ്യപ്പപ്പണിക്കര്‍ പാടുമ്പോള്‍ അത് ഇന്നത്തെ മലയാള കവികളുടെ കാര്യത്തിലും സത്യമല്ലേ എന്നു തോന്നാം.
കാവ്യ രചനകളുടെ മഹാപര്‍വതങ്ങള്‍ മലയാളിയുടെ മനസില്‍നിന്ന് മാഞ്ഞു. ഇന്ന് പക്ഷപാതം ബാധിച്ച ചെറിയ കവികളുടെ കുശുമ്പിന്റെയും കുന്നായ്മയുടെയും കുന്നുകളാണ് കാണുന്നത്. ഇവിടെയും കക്കാടിന് പ്രതീക്ഷാനിര്‍ഭരമായ കാഴ്ചകളുണ്ട്.
“കാലമിനിയുമുരുളും. വിഷു വരും, വര്‍ഷം വരും, തിരുവോണം വരും. അന്ന് നാമാരെന്നുമെന്തെന്നുമാര്‍ക്കറിയാം" എന്ന അനിശ്ചിതത്വത്തിന്റെ വരമ്പുകളില്‍നിന്നും സഫലമീ യാത്ര എന്ന് ആശംസിക്കാന്‍ കക്കാടിനു കഴിഞ്ഞു. ക്ലാസിസവും റിയലിസവും റൊമാന്റിസിസവും, എല്ലാ അടുക്കുകല്ലുകളുമിളക്കുന്ന വിഘടന വാദങ്ങളും ജീവിതത്തിന്റെ രുചിഭേദങ്ങളായി ഏറ്റുവാങ്ങുന്ന കാവ്യാസ്വാദകരോട് കക്കാട് അനുഭവത്തിന്റെ വെളിച്ചത്തില്‍ ആശംസിക്കുന്നതൊന്നുമാത്രം - സഫലമീ യാത്ര!
ഫാ. റോയി കണ്ണൻചിറ സിഎംഐ എഴുതിയ പ്രപഞ്ചമാനസം എന്ന ഗ്രന്ഥത്തിൽ നിന്ന്.
ഫാ. റോയി കണ്ണൻചിറയുടെ കൂടുതൽ കൃതികൾ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.