പ്രമുഖ നടന്‍ പ്രതാപ് പോത്തന്‍ അന്തരിച്ചു

 പ്രമുഖ നടന്‍ പ്രതാപ് പോത്തന്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 69 വയസായിരുന്നു. അതുല്യമായ അഭിനയത്തികവും സംവിധാന മേന്മയും പ്രദര്‍ശിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു പ്രതാപ് പോത്തന്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 12 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും ബിസിനസുകാരനുമായ കുളത്തുങ്കല്‍ പോത്തന്റെ മകനായി 1952ല്‍ തിരുവനന്തപുരത്തു ജനിച്ച പ്രതാപ് പോത്തന്‍ ഊട്ടിയിലെ ലോറന്‍സ് സ്‌കൂളിലാണ് പഠിച്ചത്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിഎ ഇക്കണോമിക്‌സിനു പഠിക്കുന്ന കാലത്തു തന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു. പിന്നീട് മുംബൈയില്‍ ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പി എഡിറ്ററായി.

സംവിധായകന്‍ ഭരതനുമായുള്ള അടുപ്പമാണ് പ്രതാപിനെ സിനിമയിലെത്തിച്ചത്. 1978ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം ആരവത്തിലൂടെ അരങ്ങേറിയ പ്രതാപ് എണ്‍പതുകളില്‍ മലയാളം, തമിഴ് സിനിമകളില്‍ തരംഗമായിരുന്നു. ഭരതന്റെ തന്നെ തകരയിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച പ്രതാപ് പോത്തന്‍ ചാമരം, അഴിയാത കോലങ്ങള്‍, നെഞ്ചത്തെ കിള്ളാതെ, വരുമയില്‍ നിറം ചുവപ്പ്, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നു മുതല്‍ പൂജ്യം വരെ, സിന്ദൂര സന്ധ്യയ്ക്കു മൗനം, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയ തുടങ്ങിയ ചിത്രങ്ങളിലടക്കം വേഷമിട്ടു.

കെ. ബാലചന്ദര്‍, ബാലു മഹേന്ദ്ര, മഹേന്ദ്രന്‍, ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധേയങ്ങളാണ്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിലാണ് അവസാനം അഭിനയിച്ചത്. സിബിഐ5 അദ്ദേഹത്തിന്റെ റിലീസായ അവസാന ചിത്രം.

മീണ്ടും ഒരു കാതല്‍ കഥൈ, ഒരു യാത്രാ മൊഴി, ഡെയ്‌സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകളാണ് സംവിധാനം ചെയ്തത്. സൊല്ല തുടിക്കിത് മനസ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രശസ്ത നിര്‍മാതാവ് ഹരി പോത്തന്‍ സഹോദരനാണ്.

1985ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്‌തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതനായി. പിന്നീട് 1990ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012ല്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ കേയ എന്ന മകളുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.