ഭരണത്തില്‍ നിന്ന് ക്രിസ്ത്യാനികളെ പുറംതള്ളുന്നു; നൈജീരിയയില്‍ ക്രൈസ്തവ അടിച്ചമര്‍ത്തല്‍ അതിക്രൂരമാകും

ഭരണത്തില്‍ നിന്ന് ക്രിസ്ത്യാനികളെ പുറംതള്ളുന്നു; നൈജീരിയയില്‍ ക്രൈസ്തവ അടിച്ചമര്‍ത്തല്‍ അതിക്രൂരമാകും

അബുജ: നൈജീരിയയുടെ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് ക്രിസ്ത്യന്‍ പ്രാതിനിധ്യം അപ്പാടെ ഒഴിവാക്കാനുള്ള ഭരണ നേതൃത്വത്തിന്റെ നിലപാടിനെതിരെ എതിര്‍പ്പ് ശക്തമായി. 2023 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ക്രിസ്ത്യാനികള്‍ക്ക് നിഷേധിച്ചുകൊണ്ടുള്ള പുതിയ തീരുമാനമാണ് എതിര്‍പ്പിനും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. നിലവിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥിയായ ബോല ടിനുബു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സെനറ്റ് അംഗംകൂടിയായ കാഷിം ഷട്ടിമയെ തിരഞ്ഞെടുത്തതാണ് ഇപ്പോഴുള്ള എതിര്‍പ്പിന് കാരണം.

കാലാകാലങ്ങളായി മത സമുദായ സന്തുലിതാവസ്ഥ പാലിച്ച് പോന്നിരുന്ന നൈജീരിയന്‍ ഭരണ സംവിധാനത്തില്‍ അടുത്തിടയായി ശക്തമായ മുസ്ലീം അപ്രമാധിത്വത്തിന്റെ പ്രതിഫലനമായാണ് ഈ തീരുമാനത്തെ ക്രൈതവ സമൂഹവും ലോകവും കാണുന്നത്. നൈജീരിയയില്‍ നടന്ന കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം തീരുമാനത്തെ അപലപിച്ചു. ക്രിസത്യന്‍, മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കുന്ന ധാരണകളുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ പ്രാതിനിധ്യമില്ലാത്ത ഭരണ സംവിധാനമാണ് ഇനി വരുന്നതെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെയും ക്രൂരതകളുടെയും കാഠിന്യം കൂടുമെന്ന ആശങ്ക നൈജീരിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് രേഖപ്പെടുത്തി. മതപരമായ സന്തുലിതാവസ്്ഥയില്‍ രൂപീകൃതമായ രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന തീരുമാനമാകും ഇതെന്ന് നൈജീരിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് സെക്രട്ടറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്ലീം വന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം ക്രിസത്യന്‍ വിഭാഗത്തിനും പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ക്രിസ്ത്യാനി വന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം മുസ്ലീം വിഭാഗത്തിനും ആയിരിക്കുമെന്നതായിരുന്നു കാലാകാലങ്ങളായി നൈജീരിയയില്‍ അനുവര്‍ത്തിച്ചു പോന്നിരുന്ന കീഴ് വഴക്കം. എന്നാല്‍ 1993 ന് ശേഷം ഇതില്‍ മാറ്റം ഉണ്ടാകുകയും പ്രധാന ഭരണ പദവികളൊക്കെ മുസ്ലീം വിഭാഗം പിടിച്ചടുക്കുകയും ചെയ്തു.



വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുസ്ലീമിന്റെ പേര് കഴിഞ്ഞ ദിവസം നിര്‍ദേശിച്ച ശേഷം തീരുമാനത്തിലെ എതിര്‍പ്പും ആശങ്കയും നൈജീരിയന്‍ ക്രിസ്ത്യന്‍ സമൂഹം പ്രകടിപ്പിച്ചു. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ഒരുമിച്ച് തിരഞ്ഞെടുക്കുന്ന കീഴ് വഴക്കം അവഗണിക്കുന്നത് രാജ്യത്ത് മതപരമായ തൊഴിലുകളും സ്വത്ത് വിവേചനവും വര്‍ദ്ധിപ്പിക്കുമെന്നും ക്രിസ്ത്യാനികള്‍ ആശങ്ക പങ്കുവച്ചു.

പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് വര്‍ഷങ്ങളായി രക്തരൂക്ഷിതമായ ക്രിസ്ത്യന്‍ പീഡനങ്ങള്‍ക്കിടയില്‍, മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ മാത്രമുള്ള തെരഞ്ഞെടുപ്പ് ദേശീയ ഐക്യത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്ന് നൈജീരിയന്‍ ബിഷപ്പുമാരുടെ സമ്മേളനം ഒരു മാസം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ഇപ്പോഴുണ്ടായിട്ടുള്ള തീരുമാനങ്ങള്‍. തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് ഭരണകക്ഷി പാര്‍ട്ടിയായ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസിലെ നിരവധി ഉന്നത നേതാക്കള്‍ അംഗത്വം രാജിവച്ചു പ്രതിഷേധം അറിയിച്ചു.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായ നൈജീരിയയില്‍ രണ്ട് പ്രധാന മതങ്ങളും 400 ലധികം ഭാഷകളും 250 വംശങ്ങളും ഉണ്ട്. 2013 ലെ സെന്‍സസ് പ്രകാരം നൈജീരിയന്‍ ജനസംഖ്യയില്‍ 50.5 ശതമാനം മുസ്ലീം മതവിഭാഗമാണ്. 48.2 ശതമാനം ക്രിസത്യന്‍ പ്രാതിനിധ്യവും ഉണ്ട്. 1.3 ശതമാനം മാത്രമാണ് മറ്റുള്ളവര്‍.

നൈജീരിയയുടെ വടക്ക് മുസ്ലീം പ്രാതിനിധ്യ മേഖലയും തെക്ക് പ്രദേശങ്ങള്‍ക്ക് ക്രിസ്ത്യാനികള്‍ക്ക് മേല്‍ക്കൈയുള്ള മേഖലകളുമാണ്. പ്രാദേശിക സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ഭരണ നേതൃത്വത്തില്‍ ക്രിസ്ത്യന്‍-മുസ്ലീം പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നത്. മതപരവും പ്രാദേശികവും സാമ്പത്തികവുമായ വിള്ളലുകളുള്ള ഒരു രാജ്യത്തെ ഒരുമിച്ച് നിര്‍ത്താന്‍ ഈ കീഴ് വഴക്കം സഹായിച്ചതായി പല നൈജീരിയക്കാരും വിശ്വസിക്കുന്നു.

1993 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് മുന്‍ നൈജീരിയന്‍ പ്രസിഡന്റ് എംകെഒ അബിയോലോ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരു മുസ്ലീമിനെ കൊണ്ടുവന്ന് മത സന്തുലിതാവസ്ഥ ഇല്ലാതാക്കിയത്. '1993-ന്റെ ആത്മാവ് വീണ്ടും നമ്മില്‍ എത്തിയിരിക്കുന്നു.' എന്നാണ് ടിനുബു വിന്റെ അഭിപ്രായ പ്രകടനം.

നൈജീരിയയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള തെക്ക് നിന്നുള്ള ഒരു മുസ്ലീമാണ് ടിനുബു. ഷെട്ടിമ ആകട്ടെ മുസ്ലീങ്ങള്‍ കൂടുതലുള്ള വടക്കന്‍ പ്രദേശത്തെ പ്രതിനിധീകരിക്കുന്നു. പക്ഷേ, തിരൂമാനം പ്രദേശീകമായ ഭരണകക്ഷി സംഘടനകളില്‍ പോലും എതിര്‍പ്പുകള്‍ക്ക് ഇടയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എപിസി വിജയിക്കുന്നത് അസാധ്യമാക്കുമെന്നും രാഷ്ട്രീയ തിരിച്ചടിക്കും ദേശീയ വിഭജനത്തിനും കാരണമാകുമെന്നും നിരവധി പ്രാദേശിക നേതാക്കള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.