വത്തിക്കാന്‍ സിറ്റി: പ്രപഞ്ചസൃഷ്ടിയുടെ മഹാരഹസ്യങ്ങളിലേക്കു വെളിച്ചം വീശുന്ന അത്ഭുത ദൃശ്യങ്ങള്‍ ദൈവത്തിന്റെ സൃഷ്ടി എത്രത്തോളം മനോഹരമാണെന്നു വെളിപ്പെടുത്തുന്നതായി വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ബ്രദര്‍ ഗൈ കോണ്‍സോള്‍ മാഞ്ഞോ. നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുന്നതാണ് നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി പുറത്തുവിട്ട ചിത്രങ്ങളെന്നും വത്തിക്കാന്‍ വാനനിരീക്ഷണാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഭാവിയില്‍ ഈ ദൂരദര്‍ശിനി ഉപയോഗിച്ച് നമുക്ക് എന്തൊക്കെ പഠിക്കാന്‍ കഴിയും എന്നതിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണിതു സമ്മാനിക്കുന്നത്.
അതിമനോഹരമായ ഈ പ്രപഞ്ച ചിത്രങ്ങള്‍ ആര്‍ക്കും കാണാന്‍ കഴിയും. മനുഷ്യാത്മാവിന്റെ വിശപ്പകറ്റാന്‍ ആവശ്യമായ ഭക്ഷണമാണ് ഈ ചിത്രങ്ങള്‍. അപ്പം കൊണ്ട് മാത്രം നാം ജീവിക്കുന്നില്ല, പ്രത്യേകിച്ച് ഇക്കാലത്ത് - ബ്രദര്‍ ഗൈ കോണ്‍സോള്‍ തുടര്‍ന്നു.
ദൈവം നല്‍കിയ ബുദ്ധി പ്രപഞ്ചത്തിന്റെ യുക്തി മനസിലാക്കാന്‍ ഉപയോഗിക്കുന്നു എന്നതാണ് ഈ ദൂരദര്‍ശിനിയുടെ പിന്നിലുള്ള ശാസ്ത്രം. യുക്തിസഹമല്ലെങ്കില്‍ പ്രപഞ്ചം പ്രവര്‍ത്തനരഹിതമാണ്. ഈ ചിത്രങ്ങള്‍ പ്രപഞ്ചം യുക്തിസഹമാണെന്ന് മാത്രമല്ല അതിമനോഹരം കൂടിയാണെന്ന് കാണിച്ചുതരുന്നു. പ്രപഞ്ച സൃഷ്ടിയിലുള്ള ദൈവത്തിന്റെ അതിശയകരമായ കഴിവും സൗന്ദര്യത്തോടുള്ള സ്‌നേഹവുമാണ് ഈ ചിത്രങ്ങളിലൂടെ വെളിപ്പെടുന്നത്.
താന്‍ ചെയ്തിട്ടുള്ളതെന്തെന്ന് കാണാനും മനസിലാക്കാനും ദൈവം തന്റെ സൃഷ്ടിയായ മനുഷ്യന് നല്‍കിയ കഴിവിനെയോര്‍ത്ത് നന്ദി പ്രകടിപ്പിക്കാമെന്ന് എട്ടാം സങ്കീര്‍ത്തനം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
1582 മുതലുള്ള വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററി ലോകത്തിലെ ഏറ്റവും പഴയതും ഇപ്പോഴും പ്രവര്‍ത്തിക്കുന്നതുമായ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇതിന്റെ ആസ്ഥാനം റോമിന് പുറത്തുള്ള നഗരവും മാര്‍പാപ്പമാരുടെ വേനല്‍ക്കാല വസതിയുടെ ആസ്ഥാനവുമായ കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലാണ്.
വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററി, വത്തിക്കാന്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ടെലിസ്‌കോപ്പും പ്രവര്‍ത്തിപ്പിക്കുന്നു. അമേരിക്കയിലെ ഫീനക്‌സില്‍ നിന്ന് ഏകദേശം 200 മൈല്‍ അകലെ അരിസോണയിലാണ് ടെലിസ്‌കോപ്പ് സ്ഥിതി ചെയ്യുന്നത്.
ഈ ഉപകരണം നിര്‍മ്മിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ശാസ്ത്രജ്ഞര്‍ തന്റെ സുഹൃത്തുക്കളാണെന്നും അതിനാല്‍ ജെയിംസ് വെബ് ദൂരദര്‍ശിനിയുടെ വിജയത്തില്‍ തനിക്ക് വ്യക്തിപരമായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സൗരയൂഥത്തിനപ്പുറമുള്ള ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ജലനീരാവി കണ്ടതിലുള്ള പ്രത്യേക സന്തോഷം പങ്കുവച്ച അദ്ദേഹം 150 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമിലെ വി. ഇഗ്‌നേഷ്യസിന്റെ നാമധേയത്തിലുള്ള പള്ളിയുടെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച ദൂരദര്‍ശിനിക്കു മുന്നില്‍ ഒരു സ്പടികം വച്ച് ഫാ. ആഞ്ചലോ സെക്കി എസ്.ജെ. സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലെ വര്‍ണരാജി സംബന്ധിച്ച അളവുകള്‍ നടത്തിയത് അദ്ദേഹം പ്രസ്താവനയില്‍ ഓര്‍മ്മിക്കുകയും ചെയ്തു.
കൂടുതല്‍ വായനയ്ക്ക്:
1150 പ്രകാശവര്‍ഷം അകലെയുള്ള വിദൂരഗ്രഹത്തില്‍ ജലസാന്നിധ്യം തിരിച്ചറിഞ്ഞ് നാസയുടെ ജെയിംസ് വെബ്
ജെയിംസ് വെബ്ബില്‍ നിന്നുള്ള ആദ്യ സമ്പൂര്‍ണ്ണ ചിത്രം ബൈഡന്‍ പുറത്തിറക്കി; പ്രപഞ്ചത്തിലെ അത്ഭുത കാഴ്ച്ചകള്‍ക്ക് ഇനി പരിധിയില്ല
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.