അധികം സാമ്പത്തിക ഭദ്രതയില്ലാത്ത ആ കുടുംബത്തിൽ അപ്രതീക്ഷിതമായാണ് ഗൃഹനാഥയ്ക്ക് അതീവ ഗുരുതരമായ രീതിയിൽ ഹൃദ്രോഗം പിടിപെട്ടത്. ഏത് കുടുംബത്തേയും പോലെ ആ കുടുംബവും ഇത് അറിഞ്ഞപ്പോൾ തകർന്നുപോയി. രോഗത്തേക്കാളേറെ അവരെ ദുഃഖത്തിലാഴ്ത്തിയത് ചികിത്സക്കുള്ള പണത്തെക്കുറിച്ചുളള ആധിയായിരുന്നു. എത്രയും പെട്ടന്ന് സർജറി നടത്തണമെന്നായിരുന്നു ഡോക്ടറുടെ വാക്കുകൾ.
രോഗവിവരങ്ങൾ പറയാൻ അവർ എന്നെയും വിളിച്ചു."രോഗം കണ്ടുപിടിക്കപ്പെട്ടല്ലോ? അതോർത്ത് നന്ദി പറയുക. ധൈര്യമായിരിക്കുക. എല്ലാം ദൈവം ക്രമീകരിക്കും. കുർബാനയിൽ ഓർത്ത് പ്രാർത്ഥിക്കാം" ഞാൻ പറഞ്ഞു. സർജറിയ്ക്ക് മുമ്പായ് ആ ദമ്പതികളെ ഞാൻ കണ്ടിരുന്നു. "അച്ചാ ഈ നിമിഷം വരെ ദൈവം എല്ലാം ക്രമീകരിച്ചു. ഇതുവരെ കേരളത്തിന് പുറത്തേയ്ക്കോ, ഒരുമിച്ചൊരു വിനോദ സഞ്ചാരത്തിനോ പോകാത്ത ഞങ്ങൾ ഇപ്പോൾ ബാംഗ്ലൂർ എത്തി. ചികിത്സയ്ക്കുള്ള പണമെല്ലാം പലരീതിയിൽ ക്രമീകരിക്കപ്പെട്ടു വരുന്നു. പ്രതീക്ഷിക്കാത്ത പലരും സഹായങ്ങളുമായ് എത്തി. ഈ രോഗാവസ്ഥയിലും ദൈവം ഞങ്ങളെ ഉപേക്ഷിച്ചിട്ടില്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു... അവിടുന്ന് തുടർന്നും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അച്ചന്റെ പ്രാർത്ഥനയിൽ തുടർന്നും ഓർക്കുമല്ലോ?"അവരുടെ ആഴത്തിലുള്ള വിശ്വാസത്തെക്കുറിച്ച് എനിക്ക് അഭിമാനം തോന്നി.
ഞാനീ വിവരിച്ച സംഭവം ഒരു കുടുംബത്തിന്റെ അനുഭവം മാത്രമായിരിക്കില്ല. സമാനമായ അനുഭവങ്ങളിലൂടെ നമ്മൾ പലരും കടന്നുപോയിരിക്കും. ചില അപ്രതീക്ഷിത ദുരന്തങ്ങൾ തേടിയെത്തുമ്പോൾ നമ്മൾ തകർന്നു പോകാറില്ലേ?ചുറ്റിനും ഇരുട്ടാണെന്ന് തോന്നാറില്ലേ? കാര്യങ്ങൾ എങ്ങനെ പോകും എന്ന ചിന്തയാൽ മനസ് അസ്വസ്ഥമാകുകയും ചെയ്യും...
ഇങ്ങനെയുള്ള സമയങ്ങളിലാണ്: "ദൈവം പോലും എന്നെ കൈവിട്ടു,ഇനി പ്രാർത്ഥിച്ചിട്ടെന്തു കാര്യം, ജീവിച്ചിരുന്നിട്ടെന്തു കാര്യം..."എന്നീ ചിന്തകളാൽ നാം പ്രലോഭിതരാകുന്നത്."ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല...."(യോഹ 14 : 18) എന്ന ക്രിസ്തുമൊഴികളാണ് ഈയവസരത്തിൽ നമ്മെ ബലപ്പെടുത്തേണ്ടത്.
ജീവിത പ്രതിസന്ധികളിൽ തനിച്ചാക്കി മാറി നിൽക്കുന്നവനല്ല ദൈവമെന്ന് നമുക്ക് വിശ്വസിക്കാനായാൽ ദുഃഖദുരിതങ്ങളിൽ നാം ദൈവത്തോട് ചേർന്നു നിൽക്കും.അപ്പോൾ പൗലോസ് ശ്ലീഹയെപ്പോലെ നമുക്കും പറയാനാകും:"ക്രിസ്‌തു സ്‌നേഹത്തില്‍നിന്ന് ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ? എന്തെന്നാല്‍, മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ..... യേശുക്രിസ്‌തുവിലൂടെയുള്ള ദൈവസ്‌നേഹത്തില്‍നിന്നു നമ്മെവേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്" (റോമാ 8 : 35-39). ഈ ഉൾക്കരുത്തിനായ് നമുക്ക് പ്രാർത്ഥിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26