നൈജീരിയയില്‍ സായുധ കൊള്ളസംഘം രണ്ട് വൈദികരെ കൂടി തട്ടിക്കൊണ്ടുപോയി; ഈ വര്‍ഷം ഇതുവരെ തട്ടിക്കൊണ്ട് പോയത് 20 വൈദികരെ

നൈജീരിയയില്‍ സായുധ കൊള്ളസംഘം രണ്ട് വൈദികരെ കൂടി തട്ടിക്കൊണ്ടുപോയി; ഈ വര്‍ഷം ഇതുവരെ തട്ടിക്കൊണ്ട് പോയത് 20 വൈദികരെ

അബുജ: ക്രിസ്ത്യാനികള്‍ക്ക് നേരെ അതിക്രൂര അക്രമങ്ങളും കൂട്ടക്കൊലകളും നടക്കുന്ന നൈജീരിയയില്‍ കഴിഞ്ഞ ദിവസം രണ്ട് വൈദികരെ കൂടി സായുധ കവര്‍ച്ചാ സംഘം തട്ടിക്കൊണ്ട് പോയി. കടുന സംസ്ഥാനത്തെ വടക്കന്‍ പട്ടണമായ ലെറെയിലെ ക്രിസ്തുരാജ കത്തോലിക്ക പള്ളിയില്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയ ഫാ. ജോണ്‍ മാര്‍ക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെയാണ് വെള്ളിയാഴ്ച്ച വൈകുന്നേരം തട്ടിക്കൊണ്ട് പോയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കഫഞ്ചാന്‍ രൂപതയാണ് വാര്‍ത്ത പുറത്തുവിട്ടത്. തട്ടിക്കൊണ്ടുപോയ വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളോട് രൂപത ചാന്‍സലര്‍ ഫാ. ഇമ്മാനുവല്‍ ഉചെച്ചുക്വു ഒകോലോ ആഹ്വാനം ചെയ്തു. വേഗത്തിലും സുരക്ഷിതവുമായ മോചനം ഉറപ്പാക്കാന്‍ നിയമാനുസൃതമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരന്തര സുരക്ഷാ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ച്ച ഉപവസിച്ച് പ്രാര്‍ത്ഥിക്കാന്‍ രൂപത കാത്തലിക് പ്രീസ്റ്റ്‌സ് അസോസിയേഷന്‍ വൈദികരോടും ആഹ്വാനം ചെയ്തു.

എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന കാത്തലിക് നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്റെ കണക്കുകള്‍ പ്രകാരം ജൂലൈ മാസത്തില്‍ മാത്രം നൈജീരിയയില്‍ ഏഴ് കത്തോലിക്ക പുരോഹിതര്‍ തട്ടിക്കൊണ്ട് പോകലിന് ഇരയായി. ഈ വര്‍ഷം ഇതുവരെ 20 വൈദികരെ കൊള്ളസംഘത്തില്‍പ്പെട്ടവരും മതതീവ്രവാദികളും തട്ടിക്കൊണ്ട് പോയിട്ടുണ്ട്. ഇതില്‍ മൂന്ന് വൈദികര്‍ കൊല്ലപ്പെട്ടു.

മോചനദ്രവ്യം നല്‍കുന്നതിനാണ് വൈദികരെയും സഭാ പിതാക്കന്മാരെയും വിശ്വാസികളെയുമൊക്കെ തട്ടിക്കൊണ്ട് പോകുന്നത്. പണം നല്‍കാന്‍ വിസമ്മതിക്കുകയോ വൈകുകയോ ചെയ്താല്‍ കൊലപ്പെടുത്തും. നൈജീരിയന്‍ കറന്‍സിയായ 200,000 നൈറ യോ അതിലേറെയോ ആണ് മോചനദ്രവമായി ആവശ്യപ്പെടുന്നത്.

നൈജീരിയയിലെ കഡുന സംസ്ഥാനം തട്ടിക്കൊണ്ടുപോകലിന്റെയും അക്രമത്തിന്റെയും പ്രഭവകേന്ദ്രമാണ്. യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 ല്‍ കടുന സംസ്ഥാനത്ത് മാത്രം പള്ളികള്‍ക്ക് നേരെ ആറ് ആക്രമണങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിക്കുന്നു. വൈദികരടക്കം നൂറിലേറെ വിശ്വാസികള്‍ കൊല്ലപ്പെട്ടു.

നൈജീരിയ സെക്യൂരിറ്റി ട്രാക്കര്‍ അടുത്തിടെ പുറത്തുവിട്ട ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെ 1,484 പേരെ തട്ടിക്കൊണ്ടുപോയപ്പോള്‍ കുറഞ്ഞത് 2,968 പേര്‍ കൊല്ലപ്പെട്ടു. കവര്‍ച്ചാസംഘങ്ങള്‍ക്ക് പുറമേ തീവ്ര മുസ്ലീം ഫുലാനി വിഭാഗവും മതമൗലിക വാദികളുമാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍. നൈജീരിയയുടെ മത സന്തുലിതാവസ്ഥയെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇത്തരം ഇസ്ലാമിക ഭീകര ഗ്രൂപ്പുകളുടെ ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.