താരങ്ങളേ... അഴിച്ചു വയ്ക്കൂ ആ പരസ്യക്കുപ്പായങ്ങള്‍; മരണക്കളിയുടെ പ്രചാരകര്‍ ആകരുത് നിങ്ങള്‍

താരങ്ങളേ... അഴിച്ചു വയ്ക്കൂ ആ പരസ്യക്കുപ്പായങ്ങള്‍; മരണക്കളിയുടെ പ്രചാരകര്‍ ആകരുത് നിങ്ങള്‍

മാന്യമായ തൊഴില്‍ ചെയ്ത് ജീവിക്കുവാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട്. പക്ഷേ, നാം ചെയ്യുന്ന ജോലി സമൂഹത്തിന് ഹാനികരമോ, ഒരു സാമൂഹ്യ തിന്മയെ മഹത്വവല്‍ക്കരിക്കുന്നതിനോ ആണെങ്കില്‍ എന്തു പ്രതിഫലം കിട്ടിയാലും അതു ചെയ്യില്ല എന്നു പറയാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാവണം. അപ്പോഴാണ് നാമോരോരുത്തരും സാമൂഹ്യ ജീവി എന്ന നിര്‍വ്വചനത്തിനു കീഴില്‍ അടയാളപ്പെടുത്തപ്പെടുക.

പറഞ്ഞു വരുന്നത് നവയുഗ സാമൂഹ്യ വിപത്തായ ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ച് പച്ചക്കളം പറഞ്ഞ് പണം വാങ്ങുന്ന സെലിബ്രിറ്റികളെക്കുറിച്ചാണ്. ഗായകരായ വിജയ് യേശുദാസ്, റിമി ടോമി, നടനും സംവിധായകനുമായ ലാല്‍ തുടങ്ങിയവരാണ് ഓണ്‍ലൈന്‍ റമ്മിയുടെ കേരളത്തിലെ മുഖ്യ പ്രചാരകര്‍.

പരസ്യത്തില്‍ പറയുന്നതു പോലെ നിങ്ങളില്‍ ആരെങ്കിലും റമ്മി കളിച്ച് കോടികളുടെ വരുമാനമുണ്ടാക്കിയോ? എങ്കില്‍ ആ കളി രഹസ്യം കൂടി മലയാളികള്‍ക്ക് ഒന്നു പറഞ്ഞു കൊടുക്ക്. കാരണം മലയാളി മനസുകളില്‍ നിര്‍ണായക സ്വാധീനമുള്ള നിങ്ങളെപ്പോലുള്ളവരുടെ വാക്ക് വിശ്വസിച്ച് ഈ ചൂതാട്ടത്തിനിറങ്ങി ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിരവധി പേരുണ്ട്. പണം മാത്രമല്ല, ജീവനും.

ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമപ്പെട്ട് പണം നഷ്ടമാക്കി സംസ്ഥാനത്ത് ഇതിനകം ആത്മഹത്യ ചെയ്തത് 20 പേരാണെന്നാണ് പൊലീസിന്റെ കണക്ക്. അക്കൂട്ടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും മാധ്യമ പ്രവര്‍ത്തകരുമൊക്കെയുണ്ട്. അതിന് ഞങ്ങളെന്തു പിഴച്ചു എന്ന് വേണമെങ്കില്‍ ചോദിക്കാം.

പക്ഷേ, പച്ചക്കള്ളമാണെന്നറിഞ്ഞിട്ടും നിങ്ങളെപ്പോലെ സ്വാധീന ശേഷിയുള്ളവര്‍ പണത്തിനു വേണ്ടി പരസ്യക്കുപ്പായമിടുമ്പോള്‍ അതുവഴി നാടിനുണ്ടാകുന്ന ഭവിഷ്യത്തു കൂടി മുന്‍കൂട്ടി കാണണം.

എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള ത്വര മനുഷ്യ സഹജമാണ്. അതുകൊണ്ടു തന്നെ പുരാതനകാലം മുതലേ ചൂതാട്ടം മനുഷ്യന് ഹരമാണ്. നാട്ടിന്‍പുറങ്ങളിലുള്ള ഒളി സങ്കേതങ്ങളിലെ ചീട്ടുകളിയും ഉത്സവപ്പറമ്പുകളിലെ കിലുക്കിക്കുത്തും മുതല്‍ വമ്പന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ വരെ അതിനുദാഹരണങ്ങളാണ്.

കോവിഡിന്റെ പുതിയ വകഭേദങ്ങളെന്ന പോലെ ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള നവയുഗ ചൂതാട്ട പ്ലാറ്റ്‌ഫോമുകള്‍ ഡിജിറ്റല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ വീട്ടില്‍ ഇരുന്ന് കോടികള്‍ സമ്പാദിക്കാം എന്ന് കേള്‍ക്കുന്ന മാത്രയില്‍ വീട്ടമ്മമാരുള്‍പ്പടെ ഓണ്‍ലൈന്‍ ചൂതാട്ടങ്ങളിലേക്ക് എടുത്തു ചാടുകയാണ്. തുടക്കത്തില്‍ ചെറിയ വരുമാനം നല്‍കി പ്രലോഭിപ്പിച്ച് അടിമകളാക്കുകയും പിന്നിട് പണം തട്ടിയെടുക്കുകയുമാണ് ഇത്തരം ചൂതാട്ട നടത്തിപ്പുകാരുടെ രീതി.

നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനായി സ്വര്‍ണം വിറ്റും കടം വാങ്ങിയും മോഷണം വരെ നടത്തിയും ആളുകള്‍ കളി തുടരും. അവസാനം എല്ലാം നഷ്ടമായിക്കഴിയുമ്പോള്‍ ജീവിതം തന്നെ അവസാനിപ്പിക്കും. കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ ബിജിഷ എന്ന യുവതിയുടെ മരണം മരണത്തിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ വലിയ സാമ്പത്തിക നഷ്ടമായിരുന്നു.

ഇതിനായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 2021 ഡിസംബര്‍ 12നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇങ്ങനെ ഇടവഴിയില്‍ ജീവിതം അവസാനിപ്പിച്ചവരെല്ലാം ഇത്തരം വന്‍ കടക്കെണിയില്‍ പെട്ടവരായിരുന്നു.

ഇതിനിടെ റമ്മി പരസ്യത്തില്‍ അഭിനയിച്ച കൊച്ചിയിലെ ജാക്‌സണ്‍ ആന്റണിയെന്ന മത്സ്യതൊഴിലാളി ഓണ്‍ലൈന്‍ റമ്മി കളിച്ച് താന്‍ കാശുകാരനായിട്ടില്ലെന്നും ആരും കളിക്കരുതെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തു വന്നിരുന്നു. ആത്മഹത്യകള്‍ വര്‍ധിക്കുകയും വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയും ചെയ്തതോടെയാണ് ജാക്‌സണ്‍ റമ്മി കളിക്കെതിരെ രംഗത്ത് വന്നത്.

ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് സെലിബ്രിറ്റികളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടപെടണമെന്ന് കെ.ബി ഗണേശ് കുമാര്‍ എഎല്‍എ ഇന്ന് നിയമസഭയില്‍ ആവശ്യം ഉന്നയിച്ചത് ശ്രദ്ധേയമാണ്. പരസ്യങ്ങളില്‍ അഭിനയിച്ചവരെ പേരെടുത്തു പറഞ്ഞ് രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്.

കോവിഡ് കാലത്താണ് ഓണ്‍ലൈന്‍ റമ്മികളി സംസ്ഥാനത്ത് സജീവമായത്. 2021 ഫെബ്രുവരിയില്‍ പണം വെച്ചുള്ള റമ്മികളി സംസ്ഥാനത്ത് സര്‍ക്കാര്‍ നിരോധിച്ചെങ്കിലും നടത്തിപ്പുകാരായ കമ്പനി കോടതിയെ സമീപിച്ചതോടെ നിരോധനം റദ്ദാവുകയായിരുന്നു.

എന്നാല്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിനടിമകളായി നിരവധിപേര്‍ ആത്മഹത്യ ചെയ്തതോടെ സര്‍ക്കാര്‍ വീണ്ടും കളി നിരോധന നീക്കം ഊര്‍ജിതമാക്കിയിട്ടുണ്ട്. 1960 ലെ കേരള ഗെയിമിങ് ആക്ടിന്റെ സെക്ഷന്‍ മൂന്നില്‍ ഭേദഗതി വരുത്തി നിരോധിക്കാനാണിപ്പോള്‍ ആലോചന.

ചൂതാട്ടത്തിന്റെ പ്രചാരകരാവുന്ന കായിക താരങ്ങള്‍, സിനിമാ താരങ്ങള്‍ എന്നിവര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് പൊതു സമൂഹത്തില്‍ നിന്ന് ഉയരുന്നത്. താരങ്ങള്‍ ഈ പരസ്യങ്ങളില്‍ നിന്ന് പിന്‍മാറുകയും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാന്‍ തയ്യാറാവുകയും വേണമെന്നാണ് പലരുടെയും ആവശ്യം. അതിന് തയ്യാറായില്ലെങ്കില്‍ ഇവരെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ഉയരുന്നുണ്ട്.

മനുഷ്യ സഹജമായ ബലഹീനതകള്‍ ചൂഷണം ചെയ്യുന്ന ഇത്തരം സാമൂഹ്യ ദ്രോഹകരമായ പരസ്യങ്ങളില്‍ നിന്നും പിന്മാറാന്‍ താരങ്ങളും ഇത്തരം പരസ്യങ്ങള്‍ മേലില്‍ പ്രേക്ഷേപണം ചെയ്യില്ല എന്ന് മാധ്യമങ്ങളും തീരുമാനിച്ചാല്‍ ഓണ്‍ലൈന്‍ ഗെയിമുകളുടെ പേരിലുള്ള ആത്മഹത്യകള്‍ ഇനിയെങ്കിലും ഒഴിവാക്കാന്‍ നമുക്ക് സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.