2021ലെ സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം

2021ലെ സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം

തൃശൂര്‍: കേരള സാഹിത്യ അക്കാഡമിയുടെ 2021ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ആര്‍. രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. കവിതയ്ക്കുള്ള പുരസ്‌കാരം അന്‍വര്‍ അലിയും ചെറുകഥയ്ക്കുള്ള പുരസ്‌കാരം ദേവദാസ് വി.എമ്മും നേടി.

2021ലെ കേരള സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പിന് വൈശാഖനും പ്രൊഫ. കെ പി ശങ്കരനും അര്‍ഹരായി. 50000 രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. അക്കാഡമി പ്രസിഡന്റ് സച്ചിതാനന്ദന്‍, സെക്രട്ടറി പ്രൊഫ. സി പി അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലാണ് ആര്‍. രാജശ്രീയെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്. പുറ്റ് എന്ന നോവലിനാണ് വിനോയ് തോമസിന് പുരസ്‌കാരം. മെഹബൂബ് എക്സ്പ്രസ് എന്ന കവിതയ്ക്ക് അന്‍വര്‍ അലിയും വഴി കണ്ടുപിടിക്കുന്നവര്‍ എന്ന കഥയ്ക്ക് ദേവദാസ് വി.എമ്മും പുരസ്‌കാരം നേടി.

മറ്റ് പുരസ്‌കാരങ്ങള്‍

നടകം-പ്രദീപ് മണ്ടൂര്‍, സാഹിത്യ വിമര്‍ശനം- എന്‍. അജയകുമാര്‍, വൈജ്ഞാനിക സാഹിത്യം- ഡോ. ഗോപകുമാര്‍ ചോലയില്‍, ആത്മകഥ- പ്രൊ. ടി.ജെ ജോസഫ്, എം. കുഞ്ഞാമന്‍, യാത്രാവിവരണം- വേണു, വിവര്‍ത്തനം- അയ്മനം ജോണ്‍, ബാലസാഹിത്യം- രഘുനാഥ് പലേരി, ഹാസ്യസാഹിത്യം- ആന്‍ പാലി.
ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കൂടാതെ വിവിധ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളും പ്രഖ്യാപിച്ചു. 2018ലെ വിലാസിനി അവാര്‍ഡിന് ഇ.വി രാമകൃഷ്ണന്‍ അര്‍ഹനായി. 50000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

5000 രൂപ വീതമുള്ള ഐ.സി ചാക്കോ അവാര്‍ഡിന് വൈക്കം മധുവും ഗീതാ ഹിരണ്യന്‍ അവാര്‍ഡിന് വിവേക് ചന്ദ്രനും അര്‍ഹരായി. സി.ബി കുമാര്‍ അവാര്‍ഡ് അജയ് പി മങ്ങാട്ടും ജി.എന്‍ പിള്ള അവാര്‍ഡ് ഡോ. പി.കെ രാജശേഖരനും ഡോ. കവിത ബാലകൃഷ്ണനും നല്‍കും. 3000 രൂപ വീതമാണ് പുരസ്‌കാരം.
കെ.ആര്‍ നമ്പൂതിരി അവാര്‍ഡിന് പ്രൊഫ. പി.ആര്‍ ഹരികുമാര്‍, കനകശ്രീ അവാര്‍ഡിന് കിങ് ജോണ്‍സ് എന്നിവരും അര്‍ഹരായി. 2000 രൂപ വീതമാണ് പുരസ്‌കാര തുക. തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സര വിജയി എന്‍ കെ ഷീലയ്ക്ക് 5000 രൂപയുടെ പുരസ്‌കാരം ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26