അമേരിക്കയില്‍ തോക്ക് നിരോധന ബില്‍ ജനപ്രതിനിധി സഭ പാസാക്കി

അമേരിക്കയില്‍ തോക്ക് നിരോധന ബില്‍ ജനപ്രതിനിധി സഭ പാസാക്കി

വാഷിങ്ടണ്‍: അമേരിക്കയില്‍ ആക്രമണ രീതിയിലുള്ള ആയുധങ്ങള്‍ നിരോധിക്കുന്ന ബില്‍ ജനപ്രതിനിധി സഭ പാസാക്കി. രണ്ട് റിപ്ലബിക്കന്‍ പ്രതിനിധികളുടെ പിന്തുണയോടെ 213 ന് എതിരെ 217 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. റിപ്ലബിക്കന്‍ പാര്‍ട്ടിയുടെ ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നു. ഇരു പക്ഷവും സഭയില്‍ നേര്‍ക്കുനേര്‍ വാഗ്വാദങ്ങള്‍ ഉന്നയിച്ചതോടെ അവസാന നിമിഷം സ്പീക്കര്‍ നാന്‍സി പെലോസി വോട്ടെടുപ്പ് പ്രഖ്യാപിച്ചു.

പെന്‍സില്‍വാനിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ബ്രയാന്‍ ഫിറ്റ്‌സ്പാട്രിക്, ന്യൂയോര്‍ക്കില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി ക്രിസ് ജേക്കബ്‌സ് എന്നിവരാണ് ബില്ലിനെ അനുകൂലിച്ചത്. അതേസമയം നിരോധനം രണ്ടാം ഭേദഗതിയുടെ ലംഘനമാണെന്ന് റിപ്പബ്ലിക്കന്‍മാര്‍ വിമര്‍ശിച്ചു. സെനറ്റില്‍ പാസാക്കിക്കുക എന്ന കടമ്പയാണ് ഇനി ഡെമോക്രാറ്റുകള്‍ക്ക് മുന്നിലുള്ളത്.



ആക്രമണ ആയുധ നിരോധനം സഭ പാസാക്കിയതോടെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആഹ്വാനം ചെയ്തു. ''രാജ്യത്തിന്റെയും വ്യക്തികളുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ വലിയ ഉത്തരവാദിത്തം. ഭൂരിപക്ഷം അമേരിക്കന്‍ ജനങ്ങളും ഈ സാമാന്യബുദ്ധിയുള്ള നടപടിയോട് യോജിക്കുന്നു. ഈ ബില്‍ എന്റെ മേശപ്പുറത്ത് എത്തിക്കാന്‍ സെനറ്റ് വേഗത്തില്‍ നീങ്ങണം, അത് സംഭവിക്കുന്നത് വരെ ഞാന്‍ പോരാട്ടം അവസാനിപ്പിക്കില്ല,''- ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തോക്ക് അക്രമമെന്ന മാരകമായ പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തിലെ നിര്‍ണായക ചുവടുവെപ്പാണ് നിരോധനമെന്ന് സ്പീക്കര്‍ പെലോസി പറഞ്ഞു. ബില്‍ നിയമമാകുന്നതോടെ മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്‍പ്പന, ഇറക്കുമതി, കൈവശം വയ്ക്കല്‍ എന്നിവ കുറ്റകരമാക്കും. മാത്രമല്ല തോക്ക് വാങ്ങാനുള്ള പ്രായപരിധി 21 ആയി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.