'പോഷകബാല്യം': അങ്കണവാടി കുട്ടികൾക്ക് ഇനി മുതൽ പാലും മുട്ടയും; 61.5 കോടി രൂപയുടെ പദ്ധതിയുമായി സർക്കാർ

'പോഷകബാല്യം': അങ്കണവാടി കുട്ടികൾക്ക്  ഇനി മുതൽ പാലും മുട്ടയും; 61.5 കോടി രൂപയുടെ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം:  സംസ്ഥാനത്തെ പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലാണ് പോഷക ബാല്യം പദ്ധതി നടപ്പിലാക്കുന്നു. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും,രണ്ട് ദിവസം പാലും നല്‍കുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ്.

അങ്കണവാടിയിലെ മൂന്ന് വയസ് മുതല്‍ ആറ് വയസ് വരെയുളള നാല് ലക്ഷത്തോളം പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും സാമൂഹികവുംആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കി ആറ് സേവനങ്ങളാണ് അങ്കണവാടി വഴി നല്‍കുന്നത്. ഇതില്‍ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതി പ്രകാരം ആറ് മാസം മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അങ്കണവാടികളിലൂടെ അനുപൂരക പോഷകാഹാരം നല്‍കി വരുന്നു. ഇത് കൂടാതെയാണ് അങ്കണവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തിയത്.

മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാല്‍ അങ്കണവാടികളില്‍ നേരിട്ട് എത്തിക്കുന്നതാണ്. ഈ സംവിധാനങ്ങള്‍ ഒന്നും ലഭ്യമല്ലാത്ത മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടികളില്‍ മില്‍മയുടെ യുഎച്ച്‌ടി പാല്‍ വിതരണം ചെയ്യുന്നതാണ്. അങ്കണവാടികളില്‍ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂര്‍ണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.