തെക്കന്‍ ജില്ലകളിലെ നദികളില്‍ കേന്ദ്ര ജലകമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്

തെക്കന്‍ ജില്ലകളിലെ നദികളില്‍ കേന്ദ്ര ജലകമ്മീഷന്റെ പ്രളയ മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലെ നദികളില്‍ പ്രളയസാധ്യതയെന്ന് കേന്ദ്ര ജലകമ്മീഷന്‍. മണിമലയാര്‍ നിലവില്‍ അപകടനില കടന്ന് ഒഴുകുകയാണ്. മഴ കനത്താല്‍ വാമനപുരം, കല്ലട, കരമന അച്ചന്‍കോവില്‍, പമ്പ എന്നീ നദികളില്‍ പ്രളയസാധ്യത ഉണ്ടെന്ന് ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ വലിയ അണക്കെട്ടുകള്‍ നിറയുന്ന സാഹചര്യം ഇപ്പോഴില്ലെന്നും കേന്ദ്രജലകമ്മീന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സിനി മനോഷ് പറഞ്ഞു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും മണിക്കൂറില്‍ 55 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടി. മലവെള്ള പാച്ചിലല്‍ രണ്ട് പേരെ കാണാതായി. കാണാതായ ഒരാളുടെ വീട് പൂര്‍ണമായും ഒഴുകി പോയി. ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്സ് നദീറയുടെ രണ്ടര വയസുകാരി മകള്‍ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ മലവെള്ള പാച്ചിലില്‍ പെട്ടു പോയ അമ്മയുടെ കൈില്‍ പിടിച്ചിരുന്ന കുട്ടി പിടിവിട്ട് വെള്ളത്തില്‍ ഒഴുകി പോകുകയായിരുന്നു.

വെള്ളറയിലെ മണാലി ചന്ദ്രന്‍ (55), താഴെ വെള്ളറയിലെ രാജേഷ് എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. സൈന്യത്തിന്റെ സഹായം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്. കണ്ണൂര്‍ കാഞ്ഞിരപ്പുഴയില്‍ വെള്ളം കയറി ഒരു സര്‍വീസ് സെന്ററിലെ വാഹനങ്ങള്‍ ഒഴുകി പോയി. വീടുകള്‍ പലതും മുങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയും വൈദ്യുതി ഇല്ലാത്തതും രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

മലയോരത്ത് നാല് ഇടങ്ങളിലാണ് രാത്രി ഉരുള്‍പൊട്ടലുണ്ടായത്. തിരച്ചിലിന് ദേശീയ ദുരന്തനിവാരണ സേനയുടെയും മിലിറ്ററിയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളും ഒഴുകിപ്പോയി, അന്‍പതിലേറെ കടകളില്‍ വെള്ളം കയറി. മലയോരത്ത് നിലവില്‍ മഴ കുറഞ്ഞിട്ടുണ്ട് . കണ്ണൂര്‍ നെടുമ്പോയില്‍ ചുരം വഴി വയനാട്ടിലേക്കുള്ള ഗതാഗതം ഇപ്പോഴും പുനസ്ഥാപിക്കാനായില്ല.

കോട്ടയത്ത് ഇടവെട്ടും കനത്ത മഴയുമാണ്. പാലാ ടൗണില്‍ വെള്ളം കയറി. പാലായില്‍ റോഡുകളില്‍ വെള്ളം കയറുകയാണ്. കോട്ടയത്ത് മലയോര മേഖലകളില്‍ കനത്ത മഴ പെയ്തു. തീക്കോയിയില്‍ രാത്രി ഉരുള്‍ പൊട്ടി. പുഴകളില്‍ ജലനിരപ്പു ഉയര്‍ന്ന നിലയില്‍ ആണ്. കൂട്ടിക്കലില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനെ കണ്ടെത്തിയില്ല. ജില്ലയിലെ സ്ഥിതി വിലയിരുത്താന്‍ ഇന്ന് മന്ത്രി വി.എന്‍ വാസവന്റെ അധ്യക്ഷതയില്‍ യോഗം ചേരും. നിലവില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ കോട്ടയത്ത് തുറന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.