വത്തിക്കാന്‍ സിറ്റി: പ്രതിസന്ധിയില്‍ ഉഴലുന്ന ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ഓഗസ്റ്റ് മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗത്തിലൂടെ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ.
മാര്‍പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്ക്) പുറത്തിറക്കിയ പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗ സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ആഹ്വാനം. ഓരോ മാസവും വിവിധ പ്രാര്‍ത്ഥനാ വിഷയങ്ങളാണ് പാപ്പ തെരഞ്ഞെടുത്തു നല്‍കുന്നത്.
'സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയില്‍ വലയുന്ന ചെറുകിട, ഇടത്തരം സംരംഭകര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിലൂടെ അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരാനും അവര്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തെ സേവിക്കാനും ആവശ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
സംരംഭകരുടെ ധൈര്യം, പ്രയത്‌നം, ത്യാഗം എന്നിവയെ പാപ്പ സന്ദേശത്തില്‍ അനുസ്മരിക്കുന്നു. പൊതുനന്മയില്‍ നിക്ഷേപിക്കുന്നതിനായുള്ള അവരുടെ കഠിനാധ്വാനത്തെയും നിരന്തരമായ ത്യാഗങ്ങളെയും പരിശുദ്ധ പിതാവ് പ്രശംസിച്ചു.
യുദ്ധവും കോവിഡും മറ്റു കെടുതികളും സൃഷ്ടിച്ച ഗുരുതരമായ സാമൂഹിക-സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചത് സംരംഭകരെയാണ്. ലോകബാങ്കിന്റെ 2021-ലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കോവിഡ് മഹാമാരി കാരണം നാലിലൊന്ന് കമ്പനികള്‍ക്ക് അവരുടെ വില്‍പ്പനയുടെ പകുതിയും നഷ്ടപ്പെട്ടു. അവര്‍ക്ക് വേണ്ടത്ര സഹായം ലഭിക്കുന്നില്ല എന്നതാണ് അവരുടെ നിലനില്‍പ്പിനെ കൂടുതല്‍ വഷളാക്കുന്നത്.
വീഡിയോ സന്ദേശത്തില്‍, തങ്ങളുടെ സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങളും ജീവനക്കാര്‍ക്ക് ക്ഷേമവും വാഗ്ദാനം ചെയ്ത് ജീവിതത്തില്‍ നിക്ഷേപം നടത്തുന്നവരെ മാര്‍പാപ്പ പ്രത്യേകം അഭിനന്ദിച്ചു.
ലോകത്തിലെ ഏറ്റവും സമ്പന്നരും ശക്തരുമായ ബിസിനസുകാരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത ചെറുകിട സംരംഭകര്‍, അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കിടയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. അതിലൂടെ അവരുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നു.
ചെറുകിട ബിസിനസുകളുടെ പ്രാധാന്യത്തെ ഉയര്‍ത്തിപ്പിടിച്ചാണ് പരിശുദ്ധ പിതാവ് തന്റെ വീഡിയോ സന്ദേശം ഉപസംഹരിച്ചത്.
മാർപാപ്പയുടെ ഈ വർഷത്തെ ഇതുവരെയുള്ള മാസങ്ങളിലെ പ്രാർത്ഥനാ നിയോഗങ്ങൾ --ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.