മൂന്നാര്‍: മൂന്നാര്‍ കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ ഒരു മണിയോടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. പ്രദേശത്തെ 175 കുടുംബങ്ങളെ പുതുക്കുടി ഡിവിഷനിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചു.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ്- ഫയര്‍ഫോഴ്സ് സംഘമാണ് 450ലധികം പേരെ മാറ്റിപാര്‍പ്പിച്ചത്. ഉരുള്‍പൊട്ടലില്‍ മൂന്നാര്‍- വട്ടവട പാതയുടെ പുതുക്കുടിയിലെ ഒരു ഭാഗം തകര്‍ന്നു. റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ വട്ടവട പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.
അതേസമയം സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. കേരള- തമിഴ്നാട് പശ്ചിമഘട്ടത്തില്‍ ഇന്നും മഴയുണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DswsSusHXImGcMNozC2Plj