തിരഞ്ഞെടുപ്പിൽ വിജയിച്ചത് വനിതകൾ; സത്യപ്രതിജ്ഞ ചെയ്തത് ബന്ധുക്കളായ പുരുഷന്മാർ

തിരഞ്ഞെടുപ്പിൽ വിജയിച്ചത് വനിതകൾ; സത്യപ്രതിജ്ഞ ചെയ്തത് ബന്ധുക്കളായ പുരുഷന്മാർ

ഭോപാൽ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ത്രീകൾക്ക് പകരം സത്യപ്രതിജ്ഞ ചെയ്തത് ഭർത്താവും പിതാവും ബന്ധുക്കളും. ഇതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥനും കൂട്ടുനിന്നു.

മധ്യപ്രദേശിലെ സാഗർ, ദമോഹ് അടക്കമുള്ള ജില്ലകളിലെ ഏതാനും പഞ്ചായത്തുകളിലാണ് വനിതാ അംഗങ്ങൾക്ക് വേണ്ടി ബന്ധുക്കളായ പുരുഷന്മാർ ചുമതലയേറ്റത്. സംഭവം വിവാദമായതോടെ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത സാഗർ ജില്ലയിലെ ജയ്സിനഗർ പഞ്ചായത്ത് സെക്രട്ടറി ആശാറാം സാഹുവിനെ സസ്പെൻഡ് ചെയ്ത സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏതാനും വനിത അംഗങ്ങൾ വന്നില്ലെന്നും പകരം പുരുഷന്മാരായ ബന്ധുക്കളെ പറഞ്ഞയക്കുകയായിരുന്നു എന്നുമാണ് സാഹു നൽകുന്ന വിശദീകരണം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അന്തംവിട്ടത് വോട്ട് ചെയ്ത് വിജയിപ്പിച്ച നാട്ടുകാരാണ്.

യോഗ്യരായ സ്ഥാനാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഉത്തരവാദിത്തമുണ്ടെന്നും ഭാവിയിൽ ഇത്തരം ശ്രമങ്ങൾ തടയാൻ നിർദ്ദേശം നൽകുമെന്നും മധ്യപ്രദേശ് പഞ്ചായത്ത് ഗ്രാമ വികസന സെക്രട്ടറി ഉമാകാന്ത് റാവു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.