അഭയ കേന്ദ്രങ്ങളിലും അതിക്രമിച്ചു കയറി ആക്രണം; അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ക്രൈസ്തവര്‍ നേരിടുന്നത് കൊടിയ പീഡനങ്ങള്‍

അഭയ കേന്ദ്രങ്ങളിലും അതിക്രമിച്ചു കയറി ആക്രണം; അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ക്രൈസ്തവര്‍ നേരിടുന്നത് കൊടിയ പീഡനങ്ങള്‍

ബെന്യൂ (നൈജീരിയ): ആക്രമണം ഭയത്താല്‍ അഭയം തേടുന്ന ക്രിസ്ത്യാനികള്‍ക്ക് ക്യാമ്പുകളിലും കൊടീയ പീഡനങ്ങളും ആക്രമണങ്ങളും ഏല്‍ക്കേണ്ടി വരികെയാണെന്ന് നൈജീരിയയിലെ മകുര്‍ദി രൂപതയിലെ ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷന്‍ (ജെപിസി) ഡയറക്ടര്‍ ഫാ. റെമിജിയസ് ഇഹ്യുല പറഞ്ഞു. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന ക്യാമ്പുകളില്‍ പോലും ഇവര്‍ സുരക്ഷിതരല്ല. പകല്‍ സമയങ്ങളില്‍ വരെ ഫുലാനി തീവ്രവാദികള്‍ ആയുധങ്ങളുമായി എത്തി അതിക്രൂര മര്‍ദ്ദനങ്ങളും ആക്രമണങ്ങളുമാണ് അഴിച്ചു വിടുന്നതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് പീഡിതരായ ക്രിസ്ത്യാനികള്‍ക്ക് അഭയം നല്‍കുന്നതിനായി സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതും അല്ലാത്തതുമായ ഒട്ടേറെ ക്യാമ്പുകള്‍ തലസ്ഥാന നഗരമായ മകുര്‍ദിയില്‍ ഉണ്ട്. ഇവിടെ ഒരിടത്തും സുരക്ഷാ ഉദ്യോഗസ്ഥരോ അക്രമണങ്ങളെ നേരിടുന്നതിനായുള്ള പ്രതിരോധ സംവിധാനങ്ങളോ ഇല്ല. ഇത് സൗകര്യമായി കണ്ട് ഫുലാനി തീവ്രവാദികള്‍ ആയുധങ്ങളുമായി ക്യാമ്പുകളില്‍ അധിക്രമിച്ചു കയറി ആക്രമണം നടത്തുകയും വെടിവയ്ക്കുകയുമൊക്കെ ചെയ്യുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഒരു ചെറു വിരല്‍പ്പോലും അനക്കുന്നില്ലെന്നും ഫാ.റെമിജിയസ് പറഞ്ഞു.

ആക്രമണം ഭയന്ന് ക്യാമ്പുകളില്‍ അഭയം തേടുന്നവര്‍ അവിടെ നിന്നും ഓടിപ്പോകേണ്ട ദുരവസ്ഥയാണ്. അങ്ങനെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നിരന്തരം പലായനം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. ഗ്രാമവാസികളാണ് അക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നവരില്‍ ഏറെയും. ബെന്യൂ സംസ്ഥാനത്ത് മാത്രം 1.5 ദശലക്ഷം ക്രൈസ്തവര്‍ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതില്‍ 80 ശതമാനത്തിലേറെ ആളുകളും മറ്റ് സുരക്ഷിത ഇടങ്ങളില്‍ പാര്‍ക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വരുന്നവരാണ്.

മിക്ക ക്യാമ്പുകളിലെയും സ്ഥിതി മോശമാണ്. ഭക്ഷണമോ വെള്ളമോ വസ്ത്രങ്ങളോ ഒന്നും ആവശ്യത്തിന് ലഭിക്കുന്നില്ല. രാജ്യത്തിന്റെ പുറത്ത് നിന്ന് ലഭിക്കുന്ന ചില സഹായങ്ങള്‍ക്കൊണ്ടാണ് രൂപതയുടെ നിയന്ത്രണത്തിലുള്ള ക്യാമ്പുകള്‍ നടത്തിക്കൊണ്ടു പോകുന്നത്. പോഷകാഹാര കുറവ് അഭയാര്‍ത്ഥികളെ രോഗാവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരായ ആളുകളാണ് ക്യാമ്പുകളില്‍ കഴിയുന്നവരിലേറെയും. കൃഷിയിടങ്ങളിലേക്ക് മടങ്ങാന്‍ അവര്‍ക്ക് ഭയമാണ്. റോഡുകളിലും കൃഷിയിടങ്ങളിലും എന്തിനു സ്വന്തം വീടിനുള്ളില്‍ പോലും ആക്രമിക്കപ്പെടാനും കൊലചെയ്യപ്പെടാനുമുള്ള ഭീതികരമായ സ്ഥിതിവിശേഷമാണെന്നും ഫാ.റെമിജിയസ് പറഞ്ഞു.

നൈജീരിയയിലെ അരക്ഷിതാവസ്ഥ രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ബെന്യൂ. ഗ്രാമമേഖലയില്‍ ഫുലാനി തീവ്രവാദികളുടെ ആക്രമണങ്ങളും നഗര മേഖലയില്‍ മതമൗലിക വാദികളുടെ ആക്രമണങ്ങളും ഇവിടുത്തെ ക്രിസ്ത്യാനികളെ നിരന്തരം വേട്ടയാടുന്നു.

2014 മുതല്‍ തുടങ്ങിയതാണ് ക്രിസ്ത്യാനികളെ അവരുടെ ഗ്രാമകളില്‍ നിന്ന് കുടിയിറക്കാനുള്ള ശ്രമങ്ങള്‍. രാജ്യത്തിന്റെ ഭക്ഷ്യ നിലവറയായ ബെനു സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ പണിയെടുക്കാനോ മറ്റ് തൊഴിലുകള്‍ ചെയ്യാനോ ക്രിസ്ത്യാനികളെ മത തീവ്രവാദികള്‍ അനുവദക്കുന്നില്ലെന്ന് നൈജീരിയന്‍ ബിഷപ് അനഗ്‌ബെ പറഞ്ഞു. ഈ സാഹചര്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നയിച്ചു. കടുത്ത ദാരിദ്രത്തിന്റെ നടുവിലാണ് അവരുടെ ജീവിതം. അളന്നു കിറിച്ചു കിട്ടുന്ന റേഷന്‍ മാത്രമാണ് ഇപ്പോഴുള്ള ഏക ആശ്രയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.