അപേക്ഷയിലെ പിഴവ്; 5000 ലേറെ കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം മുടങ്ങി

അപേക്ഷയിലെ പിഴവ്; 5000 ലേറെ കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം മുടങ്ങി

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷയിലെ ജാതി കോളം പൂരിപ്പിക്കുന്നതില്‍ സംഭവിച്ച സാങ്കേതിക പിഴവു നിമിത്തം ഇക്കൊല്ലം സംസ്ഥാനത്ത് ഈഴവ വിഭാഗത്തില്‍പ്പെട്ട അയ്യായിരത്തിലേറെ കുട്ടികള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ആദ്യ അലോട്ട്‌മെന്റില്‍ നിന്ന് പുറത്തായി.

സര്‍ക്കാര്‍ അടിയന്തരമായി അപേക്ഷകളിലെ പിഴവ് തിരുത്താനുള്ള അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്. അല്ലാത്തപക്ഷം, ആദ്യത്തെ രണ്ട് അലോട്ട്‌മെന്റുകളില്‍ നിന്നു ഇവര്‍ പുറത്താവും. പിന്നീടുള്ള സ്‌പോട്ട് അലോട്ട്‌മെന്റില്‍ മാത്രമേ പുതിയ അപേക്ഷ സര്‍പ്പിക്കാന്‍ കഴിയൂ. അപ്പോഴേക്കും പലര്‍ക്കും അര്‍ഹതപ്പെട്ട ഇഷ്ട വിഷയവും സ്‌കൂളും നഷ്ടമാവും.

ജാതി കോളത്തിലെ ഈഴവ /തീയ/ ബില്ലവ എന്ന ഓപ്ഷന്‍ പൂരിപ്പിക്കുന്നതിലെ അജ്ഞതയും ശരിയായ മാര്‍ഗനിര്‍ദ്ദേശം ബന്ധപ്പെട്ട സ്‌കൂളില്‍ നിന്നോ, ഹെല്‍പ്പ് ഡെസ്‌കില്‍ നിന്നോ ലഭിക്കാത്തതുമാണ് വിനയായത്. വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിച്ച നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഒ.ബി.സി ഹിന്ദു എന്ന് മാത്രമാണ്.

കമ്മ്യൂണിറ്റി കോളത്തില്‍ ഈഴവ /തീയ/ ബില്ലവ എന്ന ഓപ്ഷന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പൂരിപ്പിച്ചില്ലെന്നാണ് പിഴവ് സംഭവിച്ച പല കുട്ടികളും അവരുടെ രക്ഷിതാക്കളും പറയുന്നത്. ഇതോടെ,സംവരണ വിഭാഗത്തിലും പൊതുവിഭാഗത്തിലും ഈ കുട്ടികള്‍ പരിഗണിക്കപ്പെട്ടില്ല. മലബാര്‍ മേഖലയില്‍ മാത്രം മൂവായിരത്തിലേറെ കുട്ടികള്‍ ആദ്യ അലോട്ട്‌മെന്റില്‍ നിന്ന് പുറത്തായതായാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.